ഇന്ത്യന്‍ ടീമില്‍ നിന്ന് തന്നെ പുറത്താക്കിയതിന് പിന്നില്‍ എം എസ് ധോണിയാണെന്ന വെളിപ്പെടുത്തലുമായി ഇര്‍ഫാന്‍ പത്താന്‍

ലല്ലന്‍ടോപ്പിന് നല്‍കിയ അഭിമുഖത്തിലാണ് ഇര്‍ഫാന്റെ വെളിപ്പെടുത്തല്‍

ബറോഡ: ഇന്ത്യന്‍ ടീമില്‍ നിന്ന് തന്നെ പുറത്താക്കിയതിന് പിന്നില്‍ മുന്‍ നായകന്‍ എം എസ് ധോണിയാണെന്ന് തുറന്നുപറഞ്ഞ് മുന്‍ താരം ഇര്‍ഫാന്‍ പത്താന്‍. ലല്ലന്‍ടോപ്പിന് നല്‍കിയ അഭിമുഖത്തിലാണ് ഇര്‍ഫാന്റെ ഈ വെളിപ്പെടുത്തല്‍. 2008ല്‍ ടെസ്റ്റ് ടീമില്‍ നിന്നൊഴിവാക്കപ്പെട്ട ഇര്‍ഫാന്‍ പത്താന്‍ അതേവര്‍ഷം അവസാനം ഏകദിന ടീമില്‍ നിന്നും പുറത്തായിരുന്നു. പിന്നീട് മൂന്ന് വര്‍ഷങ്ങള്‍ക്കുശേഷം 2012ല്‍ വീണ്ടും ഏകദിന ടീമില്‍ തിരിച്ചെത്തിയെങ്കിലും 12 മത്സരങ്ങള്‍ കൂടി കളിക്കാനെ താരത്തിന് അവസരം ലഭിച്ചിരുന്നുള്ളു. ഭുവനേശ്വര്‍ കുമാറും ഇഷാന്ത് ശര്‍മയുമെല്ലാം ടീമില്‍ സ്ഥാനം ഉറപ്പിച്ചതോടെ പത്താന്‍ ടീമിന് പുറത്താവുകയായിരുന്നു. 2020ലാണ് പത്താന്‍ സജീവ ക്രിക്കറ്റില്‍ നിന്ന് വിരമിച്ചത്.

2009ലാണ് ധോണി തന്നെ ടീമില്‍ നിന്ന് പുറത്താക്കിയതെന്നാണ് ലല്ലന്‍ടോപ്പിന് നല്‍കിയ അഭിമുഖത്തില്‍ പത്താന്‍ പറഞ്ഞത്. 2009ലെ ന്യൂസിലന്‍ഡ് പര്യടനത്തിലായിരുന്നു അത്. അതിന് തൊട്ടു മുമ്പ് നടന്ന ശ്രീലങ്കന്‍ പര്യടനത്തില്‍ ജയിക്കാന്‍ 27-28 പന്തില്‍ 60 റണ്‍സ് വേണമെന്ന ഘട്ടത്തില്‍ താനും സഹോദരന്‍ യൂസഫ് പത്താനും ചേര്‍ന്നാണ് ടീമിനെ അവിശ്വസനീയ ജയത്തിലെത്തിച്ചതെന്ന കാര്യവും പത്താന്‍ ചൂണ്ടിക്കാട്ടുന്നു. എന്റെ സ്ഥാനത്ത് മറ്റാരെങ്കിലും ആയിരുന്നെങ്കില്‍ പിന്നീട് ഒരു വര്‍ഷത്തേക്ക് എങ്കിലും ഇന്ത്യന്‍ ടീമില്‍ നിന്ന് പുറത്താവില്ലായിരുന്നു. പക്ഷെ പിന്നീട് നടന്ന ന്യൂസിലന്‍ഡ് പര്യടനത്തിലെ ഒരു മത്സരത്തില്‍ പോലും തനിക്ക് അവസരം ലഭിച്ചില്ല. അതിനെക്കുറിച്ച് കോച്ച് ഗാരി കിര്‍സ്റ്റനോട് ചോദിച്ചപ്പോള്‍ ചില കാര്യങ്ങളുടെ നിയന്ത്രണം തന്റെ കൈകളിലല്ല എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി.

പിന്നെ ആരുടെ കൈകളിലാണെന്ന് ചോദിച്ചപ്പോള്‍ അദ്ദേഹം മറുപടി നല്‍കിയില്ലെന്നും പത്താന്‍ പറഞ്ഞു. പക്ഷെ അതിന് പിന്നില്‍ ധോണിയാണെന്ന കാര്യം എനിക്കറിയാമായിരുന്നുവെന്നും പത്താന്‍ വ്യക്തമാക്കുന്നു. പ്ലേയിംഗ് ഇലവനെ തെരഞ്ഞെടുക്കുക എന്നത് ക്യാപ്റ്റന്റെ അധികാരത്തില്‍ പെടുന്നതാണെന്ന് ഞാന്‍ അംഗീകരിക്കുന്നു. അത് തെറ്റാണെന്നോ ശരിയാണെന്നോ ഒന്നും ഞാന്‍ പറയുന്നില്ല. ഓരോ ക്യാപ്റ്റനും ടീമിനെ മുന്നോട്ടുകൊണ്ടുപോകാന്‍ അവരുടേതായ വഴികളുണ്ടാകുമല്ലോ എന്നും പത്താന്‍ വ്യക്തമാക്കി.

രണ്ടാമത് കിര്‍സ്റ്റന്‍ പറഞ്ഞ മറുപടി ഇന്ത്യന്‍ ടീമിന് ആ സമയം വേണ്ടത് ഒരു ബാറ്റിംഗ് ഓള്‍ റൗണ്ടറെ ആണെന്നായിരുന്നു. ശരിയാണ് യൂസഫ് ബാറ്റിംഗ് ഓള്‍ റൗണ്ടറും, ഞാന്‍ ബൗളിംഗ് ഓള്‍ റൗണ്ടറുമാണ്. ഇന്നത്തെ കാലത്താണെങ്കില്‍ ഏത് ടീമും ബാറ്റിംഗ് ഓള്‍ റൗണ്ടറെയും ബൗളിംഗ് ഓള്‍ റൗണ്ടറെയും ഒരുമിച്ച് പ്ലേയിംഗ് ഇലവനില്‍ കളിപ്പിച്ചേനെയെന്നും പത്താന്‍ പറഞ്ഞു.

ഇര്‍ഫാന്‍ പത്താന്‍ ആദ്യമായി കളിക്കളത്തിലെത്തിയപ്പോള്‍, ഏറെ പ്രതീക്ഷകള്‍ ഉണ്ടായിരുന്നു. ഓസ്ട്രേലിയയില്‍ ടെസ്റ്റ് അരങ്ങേറ്റം കുറിച്ചപ്പോള്‍ അദ്ദേഹത്തിന് വെറും 19 വയസ്സായിരുന്നു പ്രായം. ഏതൊരു പുതുമുഖത്തിനും ഇത് ഒരു വെല്ലുവിളി നിറഞ്ഞ ഘട്ടമായിരുന്നു. എന്നാല്‍ ആക്രമണാത്മകത, സ്വിംഗ്, കൃത്യത എന്നിവ കൊണ്ട് വളരെ പെട്ടെന്ന് തന്നെ അദ്ദേഹം ശ്രദ്ധിക്കപ്പെട്ടു. ഒരു വര്‍ഷത്തിനുള്ളില്‍ തന്നെ അദ്ദേഹത്തെ ഏകദിന ടീമിലേക്ക് എടുത്തു. താമസിയാതെ എല്ലാ ഫോര്‍മാറ്റുകളിലും അദ്ദേഹം ഇടം നേടി. 2006 ല്‍ ദക്ഷിണാഫ്രിക്കയ്ക്കെതിരായ ഇന്ത്യയുടെ ആദ്യ ടി20 മത്സരത്തിലും അദ്ദേഹം ഇടം നേടി.

നേരത്തെ തന്നെ എം.എസ്. ധോണി ടീമില്‍ നിന്ന് തഴഞ്ഞതായി മുന്‍ ഇന്ത്യന്‍ ഓപ്പണര്‍ വീരേന്ദര്‍ സേവാഗും വ്യക്തമാക്കിയിരുന്നു. ഇതേതുടര്‍ന്ന് താന്‍ ഏകദിന ഫോര്‍മാറ്റില്‍നിന്ന് വിരമിക്കാന്‍ ആലോചിച്ചതായും അദ്ദേഹം വെളിപ്പെടുത്തിയിരുന്നു. എന്നാല്‍ സച്ചിന്‍ തെന്‍ഡുല്‍ക്കറുമായി സംസാരിച്ച ശേഷമാണു തീരുമാനത്തില്‍നിന്ന് പിന്നോട്ടു പോയതെന്നും സേവാഗ് ഒരു യുട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ വെളിപ്പെടുത്തിയിരുന്നു. 2011 ലോകകപ്പിനു മുന്‍പ് പ്ലേയിങ് ഇലവനില്‍നിന്നു പുറത്താക്കിയപ്പോഴായിരുന്നു സേവാഗ് വിരമിക്കാന്‍ നീക്കം നടത്തിയത്.

സേവാഗിന്റെ വാക്കുകള്‍:

'2007-08 ലെ ഓസ്‌ട്രേലിയയ്‌ക്കെതിരായ പരമ്പരയില്‍ മൂന്നു മത്സരം കളിപ്പിച്ച ശേഷം ക്യാപ്റ്റന്‍ ധോണി എന്നെ ടീമില്‍നിന്നു പുറത്താക്കി. പിന്നീട് കുറച്ചുകാലം എന്നെ ടീമിലേക്ക് അടുപ്പിച്ചില്ല. പ്ലേയിങ് ഇലവനില്‍ സ്ഥാനം ഇല്ലെങ്കില്‍ ഇനിയും ഏകദിന ക്രിക്കറ്റ് കളിക്കുന്നതില്‍ കാര്യമില്ലെന്ന് ഞാന്‍ തീരുമാനിച്ചു. ഇക്കാര്യം സച്ചിന്‍ തെന്‍ഡുല്‍ക്കറോടും പറഞ്ഞു. എന്നാല്‍ അതു ചെയ്യരുതെന്നായിരുന്നു അദ്ദേഹത്തിന്റെ ഉപദേശം.

ബുദ്ധിമുട്ടേറിയ ഘട്ടങ്ങള്‍ കരിയറില്‍ ഉണ്ടാകുമെന്നും, അതും കടന്നു പോകുമെന്നും സച്ചിന്‍ പറഞ്ഞു. 1999-2000 കാലത്ത് സച്ചിനും വിരമിക്കാന്‍ ആലോചിച്ചിരുന്നു. പക്ഷേ അതു ചെയ്തില്ലെന്നു പറഞ്ഞു. വൈകാരികമായി ഇരിക്കുമ്പോള്‍ ഒരു തീരുമാനവും എടുക്കരുതെന്നായിരുന്നു എനിക്കു കിട്ടിയ ഉപദേശം. പിന്നീട് ഞാന്‍ ഒരു പരമ്പരയില്‍ നന്നായി സ്‌കോര്‍ ചെയ്തു. 2011 ലോകകപ്പ് കളിച്ചു, നമ്മള്‍ ലോകകപ്പ് ജയിക്കുകയും ചെയ്തു' - എന്നും സെവാഗ് വ്യക്തമാക്കി. ഇന്ത്യയ്ക്കായി 251 മത്സരങ്ങള്‍ കളിച്ചിട്ടുള്ള സേവാഗ് 8273 റണ്‍സാണ് ആകെ നേടിയത്.

ഓസ്‌ട്രേലിയയ്‌ക്കെതിരായ കോമണ്‍വെല്‍ത്ത് ബാങ്ക് സീരീസില്‍ സേവാഗിന് 81 റണ്‍സെടുക്കാന്‍ മാത്രമാണു സാധിച്ചത്. തിളങ്ങാതെ പോയതോടെ സേവാഗിനെ പ്ലേയിങ് ഇലവനില്‍ നിന്നു പുറത്താക്കിയിരുന്നു. ആറു മാസത്തെ ഇടവേളയ്ക്കു ശേഷം ഇന്ത്യന്‍ ടീമിലേക്കു തിരിച്ചെത്തിയ താരം ആദ്യ മൂന്നു കളികളില്‍ നിന്ന് രണ്ട് അര്‍ധ സെഞ്ചറികളുള്‍പ്പടെ 150 റണ്‍സെടുത്തു.

Related Articles
Next Story
Share it