SANJU SAMSON | സഞ് ജു സാംസണ്‍ രാജസ്ഥാന്‍ റോയല്‍സ് ക്യാപ്റ്റനായി തിരിച്ചെത്തി; വിക്കറ്റ് കീപ്പര്‍ പദവിയില്‍ തുടരാന്‍ അനുമതി നല്‍കി ബിസിസിഐ

മുംബൈ: മലയാളി താരം സഞ്ജു സാംസണ്‍ രാജസ്ഥാന്‍ റോയല്‍സ് ക്യാപ്റ്റനായി തിരിച്ചെത്തി. വിക്കറ്റ് കീപ്പര്‍ പദവിയില്‍ തുടരാന്‍ ബിസിസിഐ അനുമതി നല്‍കി. കൈ വിരലിലെ പരിക്കിനെ തുടര്‍ന്ന് ശസ്ത്രക്രിയയ്ക്ക് വിധേയനായ സഞ്ജുവിന് ഈ സീസണിലെ ആദ്യ മൂന്ന് മത്സരങ്ങളില്‍ ബാറ്ററുടെ റോള്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ. ഈ സാഹചര്യത്തില്‍ റിയാന്‍ പരാഗാണ് രാജസ്ഥാനെ നയിച്ചത്.

സഞ്ജുവിന് ഭാഗികമായ അനുമതി മാത്രമായിരുന്നു ബിസിസിഐയില്‍ നിന്ന് ലഭിച്ചത്. എന്നാല്‍, ഇപ്പോള്‍ ഇതാ വിക്കറ്റ് കീപ്പിംഗ് ചുമതലകള്‍ കൂടി ഏറ്റെടുക്കാന്‍ സഞ്ജുവിന് ബിസിസിഐ സെന്റര്‍ ഓഫ് എക്‌സലന്‍സിന്റെ അനുമതി ലഭിച്ചിരിക്കുകയാണ്. ഇതോടെ നായകനായും കീപ്പറായും സഞ്ജു രാജസ്ഥാന്‍ നിരയില്‍ മുഴുനീളമുണ്ടാകും.

സെന്റര്‍ ഓഫ് എക് സലന്‍സിയുടെ ക്ലിയറന്‍സിനായി സഞ്ജു ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് ഗുവാഹത്തിയില്‍ നിന്ന് ബെംഗളൂരുവിലെത്തിയിരുന്നു. സഞ്ജു അവസാനവട്ട ഫിറ്റ് നസ് ടെസ്റ്റ് പൂര്‍ത്തിയാക്കിയെന്നും അദ്ദേഹത്തിന് വിക്കറ്റ് കീപ്പിംഗിനും ഫീല്‍ഡിംഗിനുമുള്ള അനുമതി സെന്റര്‍ ഓഫ് എക്‌സലന്‍സിന്റെ മെഡിക്കല്‍ ടീമില്‍ നിന്ന് ലഭിച്ചെന്നും ബിസിസിഐയുമായി അടുത്ത വൃത്തങ്ങള്‍ അറിയിച്ചതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഇതോടെ ഏപ്രില്‍ 5ന് പഞ്ചാബ് കിംഗ് സിനെതിരെ നടക്കുന്ന മത്സരത്തില്‍ സഞ് ജു രാജസ്ഥാനെ നയിക്കുമെന്ന് ഏറെക്കുറെ ഉറപ്പായിരിക്കുകയാണ്.

ആദ്യത്തെ രണ്ട് മത്സരങ്ങളിലും രാജസ്ഥാന് പരാജയം ഏറ്റുവാങ്ങേണ്ടി വന്നിരുന്നു. സണ്‍റൈസേഴ്സ് ഹൈദരാബാദിനും കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനുമെതിരെയാണ് ടീമിന്റെ പരാജയം. പിന്നാലെ ആരാധകരില്‍ നിന്നും മുന്‍ കളിക്കാരില്‍ നിന്നും ടീമിന് ഏറെ വിമര്‍ശനം നേരിടേണ്ടി വന്നു. മൂന്നാം മത്സരത്തില്‍ ചെന്നൈ സൂപ്പര്‍ കിംഗ് സിനെ പരാജയപ്പെടുത്തിയെങ്കിലും പോയിന്റ് പട്ടികയില്‍ രാജസ്ഥാന്‍ 9-ാം സ്ഥാനത്താണ്.

ആദ്യ മത്സരത്തില്‍ 66 റണ്‍സുമായി സഞ് ജു തിളങ്ങിയിരുന്നു. എന്നാല്‍, രണ്ടാം മത്സരത്തില്‍ 13ഉം മൂന്നാം മത്സരത്തില്‍ 20 റണ്‍സും മാത്രമേ താരത്തിന് നേടാനായുള്ളൂ. പരിക്കില്‍ നിന്ന് പൂര്‍ണമായും മുക്തനായി സഞ്ജു കളിക്കളത്തിലേയ്ക്ക് മടങ്ങിയെത്തുമ്പോള്‍ രാജസ്ഥാന്‍ വരും മത്സരങ്ങളില്‍ മികച്ച പ്രകടനം തന്നെ പുറത്തെടുക്കുമെന്ന പ്രതീക്ഷയിലാണ് ആരാധകര്‍. 2008 ലെ ആദ്യ പതിപ്പിലെ ചാമ്പ്യന്മാരായ രാജസ്ഥാന്‍ റോയല്‍സ് ഏപ്രില്‍ 5 ന് മുള്ളന്‍പൂരില്‍ പഞ്ചാബ് കിംഗ്‌സിനെ നേരിടും.

Related Articles
Next Story
Share it