അക്ഷര്‍ പട്ടേല്‍ ഇനി ഡല്‍ഹി ക്യാപ്പിറ്റല്‍സിനെ നയിക്കും

ന്യൂഡല്‍ഹി: ഐപിഎല്‍ 2025 സീസണില്‍ ഡല്‍ഹി ക്യാപ്പിറ്റല്‍സിനെ നയിക്കാന്‍ അക്ഷര്‍ പട്ടേല്‍. വെള്ളിയാഴ്ചയാണ് ക്ലബ്ബ് ഔദ്യോഗികമായി ക്യാപ്റ്റനെ പ്രഖ്യാപിച്ചത്. കെ.എല്‍ രാഹുലായിരുന്നു ക്യാപ്റ്റന്‍ സ്ഥാനത്തേക്ക് ഡല്‍ഹി ലക്ഷ്യമിട്ടിരുന്ന മറ്റൊരു പേര്. എന്നാല്‍ ബാറ്റിങ്ങില്‍ ശ്രദ്ധകൊടുക്കണമെന്ന് പറഞ്ഞ് രാഹുല്‍ ക്യാപ്റ്റനാകാനില്ലെന്ന് അറിയിക്കുകയായിരുന്നു. ഇതോടെ ഡല്‍ഹി അക്ഷറിനെ നേതൃസ്ഥാനത്തേക്ക് കൊണ്ടുവരികയായിരുന്നു. രണ്ട് സീസണുകളിലായി ഡല്‍ഹി ക്യാപ്പിറ്റല്‍സിന്റെ വൈസ് ക്യാപ്റ്റനായിരുന്നു അക്ഷര്‍.
ഡല്‍ഹി കൂടി ക്യാപ്റ്റനെ പ്രഖ്യാപിച്ചതോടെ ഐപിഎല്‍ 2025 സീസണിലെ ക്യാപ്റ്റന്‍സി ലൈനപ്പ് പൂര്‍ത്തിയായി. കഴിഞ്ഞ സീസണിന് പിന്നാലെ ഋഷഭ് പന്ത് ടീം വിട്ടതോടെയാണ് ഡല്‍ഹിക്ക് പുതിയ ക്യാപ്റ്റനെ തേടേണ്ടിവന്നത്.
2019 മുതല്‍ ഡല്‍ഹി ക്യാപ്പിറ്റല്‍സിന്റെ ഭാഗമാണ് അക്ഷര്‍. ഇത്തവണത്തെ മെഗാ താരലേലത്തിന് മുമ്പ് 18 കോടിരൂപയ്ക്കാണ് ഡല്‍ഹി അക്ഷറിനെ നിലനിര്‍ത്തിയത്. സീസണിലേക്ക് പോകുന്ന ഫ്രാഞ്ചൈസിയുടെ ഏറ്റവും വിലപ്പെട്ട കളിക്കാരനായി ഇതോടെ അദ്ദേഹം മാറി.
ഐപിഎല്‍ ക്യാപ്റ്റന്‍സിയില്‍ പരിമിതമായ പരിചയം ഉണ്ടായിരുന്നിട്ടും, ആഭ്യന്തര ക്രിക്കറ്റില്‍ ഗുജറാത്തിനെ നയിച്ച അദ്ദേഹം ഈ വര്‍ഷം ആദ്യം ഇന്ത്യയുടെ ടി20 വൈസ് ക്യാപ്റ്റനായും പ്രവര്‍ത്തിച്ച് ഒന്നിലധികം മേഖലകളില്‍ തന്റെ നേതൃപാടവം പ്രകടിപ്പിച്ചു.
150 ഐപിഎല്‍ മത്സരങ്ങള്‍ കളിച്ച താരം 1653 റണ്‍സും 123 വിക്കറ്റുകളും നേടിയിട്ടുണ്ട്. ഇന്ത്യയുടെ 2024 ടി20 ലോകകപ്പ് നേട്ടത്തിലും ഇത്തവണത്തെ ഐസിസി ചാമ്പ്യന്‍സ് ട്രോഫി കിരീട നേട്ടത്തിലും നിര്‍ണായക സംഭാവനകള്‍ നല്‍കിയ താരമാണ് അക്ഷര്‍. ടി20 ക്രിക്കറ്റില്‍ അക്‌സര്‍ മികച്ച പ്രകടനം കാഴ്ചവച്ചിരുന്നു. 274 മത്സരങ്ങളില്‍ നിന്നായി 3088 റണ്‍സ് (എട്ട് അര്‍ദ്ധസെഞ്ച്വറി ഉള്‍പ്പെടെ) നേടിയ ഈ ഇടംകയ്യന്‍ സ്പിന്നര്‍ 239 വിക്കറ്റുകള്‍ നേടിയിട്ടുണ്ട്.
ഡല്‍ഹിയെ നയിക്കാന്‍ സാധിക്കുന്നത് വലിയ ബഹുമതിയാണെന്ന് അക്ഷര്‍ പ്രതികരിച്ചു. തന്നില്‍ വിശ്വാസം അര്‍പ്പിച്ചതിന് ടീം ഉടമകളോടും സപ്പോര്‍ട്ട് സ്റ്റാഫിനോടും അങ്ങേയറ്റം നന്ദിയറിയിക്കുന്നതായും, ടീമിനെ നയിക്കാന്‍ ആത്മവിശ്വാസമുണ്ടെന്നും അദ്ദേഹം പറഞ്ഞു.