ഈ സീസണ്‍ കൈവിട്ടുപോയാലും അടുത്ത വര്‍ഷത്തേക്കുള്ള ടീമിനെ റെഡിയാക്കുകയാണ് ലക്ഷ്യം; മുംബൈ ഇന്ത്യന്‍സിനെതിരായ തോല്‍വിക്ക് പിന്നാലെ എം എസ് ധോണി
ധോണിയുടെ പ്രതികരണം മുംബൈ ഇന്ത്യന്‍സിനെതിരായ ഐപിഎല്‍ മത്സരത്തിലെ തോല്‍വിക്ക് പിന്നാലെ

മുംബൈ: ഈ സീസണ്‍ കൈവിട്ടുപോയാലും അടുത്ത വര്‍ഷത്തേക്കുള്ള ടീമിനെ റെഡിയാക്കുകയാണ് ലക്ഷ്യമെന്ന് ചെന്നൈ സൂപ്പര്‍ കിങ്‌സ് ക്യാപ്റ്റന്‍ എം.എസ്.ധോണി. മുംബൈ ഇന്ത്യന്‍സിനെതിരായ ഐപിഎല്‍ മത്സരത്തിലെ തോല്‍വിക്ക് പിന്നാലെയാണ് ധോണിയുടെ പ്രതികരണം.
ഇതുവരെ കളിച്ച എട്ട് മത്സരങ്ങളില്‍ ആറാം തോല്‍വി ഏറ്റുവാങ്ങിയ ചെന്നൈ സൂപ്പര്‍ കിംഗ്സ് പോയിന്റ് പട്ടികയില്‍ ഏറ്റവും താഴെയാണ് സ്ഥാനം പിടിച്ചിരിക്കുന്നത്. സി.എസ്.കെയുടെ സമീപകാല ഫോം മോശമായിരുന്നു. തുടര്‍ച്ചയായി നാല് മത്സരങ്ങളില്‍ പരാജയപ്പെട്ടു. കഴിഞ്ഞയാഴ്ച ലഖ് നൗ സൂപ്പര്‍ ജയന്റ്സിനെതിരെയായിരുന്നു അവസാന വിജയം. അഞ്ച് തവണ ചാമ്പ്യന്മാരായ ചെന്നൈ സൂപ്പര്‍ കിങ്‌സ് വാങ്കഡെയില്‍ മുംബൈ ഇന്ത്യന്‍സിനോട് ഒമ്പത് വിക്കറ്റിന് പരാജയപ്പെട്ടു.
'ഈ സീസണില്‍ പല താരങ്ങളും പ്രതീക്ഷയ്‌ക്കൊത്ത് ഉയര്‍ന്നില്ല. ഇനിയുള്ള എല്ലാ മത്സരങ്ങളും ജയിച്ചെങ്കില്‍ മാത്രമേ പ്ലേഓഫ് പ്രതീക്ഷയുള്ളൂ.'- എന്നും താരം പറഞ്ഞു.
'കൂടുതല്‍ കടന്ന് ചിന്തിക്കാതെ ഓരോ മത്സരത്തിലും ശ്രദ്ധ കേന്ദ്രീകരിച്ച് മുന്നോട്ടുപോകാനാണ് ടീമിന്റെ തീരുമാനം. ഈ സീസണ്‍ കൈവിട്ടുപോയാലും അടുത്ത വര്‍ഷത്തേക്കുള്ള ടീമിനെ റെഡിയാക്കുക എന്ന വെല്ലുവിളി തങ്ങള്‍ക്കു മുന്നിലുണ്ട്. ഈ വര്‍ഷത്തെ പ്രകടനങ്ങളുടെ അടിസ്ഥാനത്തില്‍ മികച്ചൊരു ഇലവനെ കണ്ടെത്തി, അടുത്ത വര്‍ഷം കൂടുതല്‍ കരുത്തോടെ തിരിച്ചുവരാനാണ് ഞങ്ങള്‍ ശ്രമിക്കുന്നത്' - എന്നും ധോണി പറഞ്ഞു.
മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ചെന്നൈ 20 ഓവറില്‍ 5 വിക്കറ്റ് നഷ്ടത്തില്‍ 176 റണ്‍സ് നേടിയപ്പോള്‍ മുംബൈ 15.4 ഓവറില്‍ ലക്ഷ്യം കണ്ടു. ചെന്നൈ ക്യാപ്റ്റന്‍ ഋതുരാജ് ഗെയ് ക് വാദ് പരിക്കേറ്റു പുറത്തായതോടെയാണ് ധോണി ടീമിന്റെ നായക സ്ഥാനം ഏറ്റെടുത്തത്.