RETIREMENT | ഹോക്കി താരം വന്ദന കടാരിയ വിരമിച്ചു; അര്‍ജുന, പത്മശ്രീ പുരസ്‌കാരങ്ങള്‍ അടക്കം നേടിയിട്ടുണ്ട്

ന്യൂഡല്‍ഹി: ഇന്ത്യന്‍ വനിതാ ഹോക്കി താരം വന്ദന കടാരിയ(32) രാജ്യാന്തര ഹോക്കിയില്‍ നിന്ന് വിരമിച്ചു. ഒന്നരപ്പതിറ്റാണ്ട് നീണ്ട തിളക്കമാര്‍ന്ന കരിയറിനാണ് വിരാമമിടുന്നത്. രണ്ട് വീതം ഒളിമ്പിക്‌സുകളിലും ലോകകപ്പുകളിലും ഇന്ത്യയെ പ്രതിനിധാനം ചെയ്തിട്ടുണ്ട്.

ഹോക്കി ടീമിനായി ഏറ്റവും കൂടുതല്‍ മത്സരങ്ങള്‍ കളിച്ച താരമാണ്. 15 വര്‍ഷം നീണ്ടുനിന്ന രാജ്യാന്തര കരിയറില്‍ 320 മത്സരങ്ങളില്‍ നിന്നായി 158 ഗോളുകള്‍ നേടിയിട്ടുണ്ട് ഹരിദ്വാര്‍ സ്വദേശിയായ വന്ദന. ഇന്ത്യന്‍ ടീമിലെ സ്ഥിരം ഫോര്‍വേഡ് താരങ്ങളില്‍ ഒരാളായിരുന്നു.

2009ല്‍, 17ാം വയസ്സില്‍ രാജ്യാന്തര ഹോക്കിയില്‍ അരങ്ങേറിയ വന്ദന, ഇന്ത്യയ്ക്കായി ടോക്കിയോ ഒളിംപിക്‌സില്‍ ഹാട്രിക് നേടി. അര്‍ജുന, പത്മശ്രീ പുരസ്‌കാരങ്ങള്‍ നേടിയിട്ടുണ്ട്. 'ഹോക്കിയോടുള്ള എന്റെ ആവേശം ഇപ്പോഴും കെട്ടടങ്ങിയിട്ടില്ല. പക്ഷേ, കരിയറിന്റെ ഔന്നത്യത്തില്‍ നില്‍ക്കുമ്പോള്‍ പടിയിറങ്ങുന്നതാണ് ശരിയെന്ന് വിശ്വസിക്കുന്നു' -എന്നാണ് ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച വിരമിക്കല്‍ കുറിപ്പില്‍ വന്ദന പറഞ്ഞത്.

2016 റിയോ, ഇന്ത്യ നാലാം സ്ഥാനം നേടി ചരിത്രം കുറിച്ച ടോക്കിയോ ഒളിമ്പിക്‌സ് എന്നിവയില്‍ കളിച്ചിട്ടുണ്ട്. 2018, 2022 ലോകകപ്പുകളിലും മൂന്നുവീതം കോമണ്‍ വെല്‍ത്ത് (2014,18, 22) , ഏഷ്യന്‍ ഗെയിംസുകളിലും (2014,2018,2022) രാജ്യത്തെ പ്രതിനിധാനം ചെയ്തു.

ഏഷ്യന്‍ ചാാമ്പ്യന്‍സ് ട്രോഫിയിലും (2016,2023) വനിതാ നാഷന്‍സ് കപ്പിലും (2022) ഇന്ത്യക്ക് സ്വര്‍ണം ലഭിക്കുന്നതില്‍ നിര്‍ണായക പങ്ക് വഹിച്ചു. 2018 ഏഷ്യന്‍ ഗെയിംസ്, 2013 ലെയും 2018 ലേയും ഏഷ്യന്‍ ചാമ്പ്യന്‍സ് ട്രോഫികള്‍ എന്നിവയില്‍ വെള്ളിമെഡല്‍ നേടിയ ടീമിലും അംഗമായിരുന്നു.

Related Articles
Next Story
Share it