അഭിമാന നിമിഷം: ആദ്യ വനിതാ ഏകദിന ലോകകപ്പ് നേടിയ ഇന്ത്യയുടെ പെണ്‍പടയ്ക്ക് അഭിനന്ദന പ്രവാഹം

വിരാട് കോഹ്ലി, സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍, അനില്‍ കുംബ്ലെ, യുവരാജ് സിംഗ്, നീരജ് ചോപ്ര, പ്രധാനമന്ത്രി നരേന്ദ്ര മോദി തുടങ്ങി നിരവധി പേരാണ് അഭിനന്ദനം അറിയിച്ചത്

ഞായറാഴ്ച നവി മുംബൈയിലെ ഡി.വൈ. പാട്ടീല്‍ സ്റ്റേഡിയത്തില്‍ നടന്ന വനിത ഏകദിന ലോകകപ്പില്‍ വിജയം നേടിയ ഇന്ത്യയുടെ പെണ്‍പടയ്ക്ക് അഭിനന്ദന പ്രവാഹം. വിരാട് കോഹ്ലി, സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍, അനില്‍ കുംബ്ലെ, വീരേന്ദ്ര സെവാഗ്, യുവരാജ് സിംഗ്, ഗുകേഷ്, നീരജ് ചോപ്ര, പ്രധാനമന്ത്രി നരേന്ദ്ര മോദി തുടങ്ങി നിരവധി പേരാണ് അഭിനന്ദനം അറിയിച്ചത്.

1983 ഒരു തലമുറയെ മുഴുവന്‍ വലിയ സ്വപ്നങ്ങള്‍ കാണാനും ആ സ്വപ്നങ്ങളെ പിന്തുടരാനും പ്രേരിപ്പിച്ചു. ഇന്ന്, നമ്മുടെ വനിതാ ക്രിക്കറ്റ് ടീം ശരിക്കും സവിശേഷമായ ഒരു കാര്യം ചെയ്തു. രാജ്യത്തുടനീളമുള്ള എണ്ണമറ്റ പെണ്‍കുട്ടികള്‍ക്ക് ബാറ്റും പന്തും എടുക്കാനും, കളിക്കളത്തിലിറങ്ങാനും, ഒരു ദിവസം തങ്ങള്‍ക്കും ആ ട്രോഫി ഉയര്‍ത്താന്‍ കഴിയുമെന്ന് വിശ്വസിക്കാനും അവര്‍ പ്രചോദനം നല്‍കി. ഇന്ത്യന്‍ വനിതാ ക്രിക്കറ്റിന്റെ യാത്രയിലെ നിര്‍ണായക നിമിഷമാണിത്. നന്നായി ചെയ്തു, ടീം ഇന്ത്യ. നിങ്ങള്‍ മുഴുവന്‍ രാജ്യത്തെയും അഭിമാനഭരിതരാക്കി എന്നാണ് സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ എക്‌സില്‍ കുറിച്ചത്.

ഫൈനലില്‍ ദക്ഷിണാഫ്രിക്കയെ 52 റണ്‍സിന് തോല്‍പ്പിച്ചാണ് ഇന്ത്യയുടെ പെണ്‍പട തങ്ങളുടെ കന്നി കിരീടം നേടി രാജ്യത്തിന്റെ അഭിമാനം ഉയര്‍ത്തിയത്. തോല്‍വികളില്‍ തകരാതെ, തിരിച്ചടികളില്‍ പതറാതെ, നിശ്ചയദാര്‍ഢ്യത്തോടെ മുന്നേറിയാല്‍ ഏത് ലക്ഷ്യവും സാധ്യമാകുമെന്ന് തെളിയിച്ചിരിക്കുകയാണ് ഇന്ത്യയുടെ പെണ്‍പുലികള്‍. ഗ്രൂപ്പ് ഘട്ടത്തിലെ മൂന്ന് മത്സരങ്ങള്‍ പരാജയപ്പെട്ട ടീം ഇന്ത്യ ആദ്യമായാണ് ലോകകിരീടം നേടുന്നത്. കംപ്ലീറ്റ് ടീം വര്‍ക്കിലൂടെ കഠിനാധ്വാനം ചെയ്ത് നേടിയ കിരീടവുമായി അഭിമാനത്തോടെ തലയുയര്‍ത്തി നില്‍ക്കുകയാണ് ടീം ഇന്ത്യ. ഒട്ടും എളുപ്പമായിരുന്നില്ല ടൂര്‍ണമെന്റില്‍ ഇന്ത്യയുടെ മുന്നേറ്റം.

ആദ്യ രണ്ട് മത്സരങ്ങള്‍ ജയിച്ച് തുടങ്ങിയ ടീം പിന്നാലെ പൊരുതി വീഴാന്‍ തുടങ്ങി. തുടര്‍ച്ചയായി മൂന്ന് തോല്‍വികള്‍. ദക്ഷിണാഫ്രിക്കയോടും ഓസ്ട്രേലിയയോടും ഇംഗ്ലണ്ടിനോടും തോറ്റു. ഇതിനിടെ ഒരുപാട് പരിഹാസങ്ങളും നേരിടേണ്ടി വന്നു. ഒടുവില്‍ ന്യൂസിലന്‍ഡിനെതിരെ ആശ്വാസ ജയവുമായി നാലാം സ്ഥാനത്തെത്തിയതോടെ പൊരുതിയാല്‍ ഇനിയും വിജയിക്കുമെന്ന ആത്മവിശ്വാസം താരങ്ങള്‍ക്കുണ്ടായി. ഓസീസിനെതിരായ റെക്കോര്‍ഡ് ചേസ് വിജയം ഇന്ത്യയുടെ ഗതിയും വിധിയും തന്നെ മാറ്റി. ടീമിനും വിജയ ശില്‍പി ജമീമ റോഡ്രിഗ്സിനും ആരാധകര്‍ കൂടി, ഒപ്പം പ്രതീക്ഷകളും.

കഴിഞ്ഞദിവസം ഇന്ത്യ ദക്ഷിണാഫ്രിക്കയെ തകര്‍ത്ത് തങ്ങളുടെ കന്നി കിരീടം സ്വന്തമാക്കിയാല്‍ 125 കോടി രൂപ പാരിതോഷികം നല്‍കുമെന്ന് ബി.സി.ഐ പ്രഖ്യാപിച്ചിരുന്നു. ക്രിക്കറ്റില്‍ ലിംഗഭേദമില്ലതെ പാരിതോഷികം നല്‍കുന്നതിന്റെ ഭാഗമായാണ് പ്രഖ്യാപനം.

2005ലും 2017ലും ഫൈനല്‍ വരെ എത്തിയെങ്കിലും അവസാന നിമിഷം കിരീടം കൈവിട്ടു. എന്നാല്‍ ഇത്തവണ സ്വന്തം കാണികള്‍ക്ക് മുന്നിലാണ് തങ്ങളുടെ കന്നി കിരീടം ഇന്ത്യുടെ പെണ്‍പട നേടിയത്. 434 റണ്‍സുമായി സമൃതി മന്ദാന, 215 റണ്‍സും 22 വിക്കറ്റും നേടി ദീപ്തി ശര്‍മ, പരിചയക്കുറവിന്റെ പരിഭ്രമമില്ലാതെ ശ്രീചരണി ക്രാന്തി ഗൗഡും, കാമിയോ റോളില്‍ കസറി ഷെഫാലി വര്‍മയും, വിക്കറ്റിന് മുന്നിലും പിന്നിലും വിശ്വസ്തയായി റിച്ച ഘോഷ്, എല്ലാവരും അവരവരുടെ ദൗത്യം ഭംഗിയായി നിറവേറ്റിയപ്പോള്‍ പിറന്നത് ചരിത്ര നേട്ടം. ഹര്‍മന്‍പ്രീത് കൗര്‍ വിശ്വകിരീടം ഏറ്റുവാങ്ങിയപ്പോള്‍ കാണികല്‍ ഒന്നടങ്കം ആവേശഭരിതരായി.

നവി മുംബൈ, ഡി വൈ പാട്ടീല്‍ സ്റ്റേഡിയത്തില്‍ 299 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ദക്ഷിണാഫ്രിക്ക 45.3 ഓവറില്‍ 246 റണ്‍സിന് എല്ലാവരും പുറത്തായി. ക്യാപ്റ്റന്‍ ലോറ വോള്‍വാര്‍ഡിന്റെ (98 പന്തില്‍ 101) സെഞ്ച്വറിക്കും ദക്ഷിണാഫ്രിക്കയെ രക്ഷിക്കാന്‍ കഴിഞ്ഞില്ല. അഞ്ച് വിക്കറ്റ് നേടിയ ദീപ്തി ശര്‍മയാണ് ദക്ഷിണാഫ്രിക്കയെ തകര്‍ത്തത്.


Related Articles
Next Story
Share it