പെര്‍ത്തില്‍ ഓസ്‌ട്രേലിയ വീണു; ഇന്ത്യക്ക് 295 റണ്‍സ് ജയം
പരമ്പരയില്‍ ഇന്ത്യ 1-0 ന് മുന്നില്‍
ഓസ്‌ട്രേലിയക്കെതിരായ ആദ്യ ടെസ്റ്റില്‍ 295 റണ്‍സിന്റെ വമ്പന്‍ വിജയം നേടി ഇന്ത്യ. പെര്‍ത്ത് ടെസ്റ്റില്‍ ഇന്ത്യ നേടിയ 534 റണ്‍സ് പിന്തുടര്‍ന്ന ഓസ്‌ട്രേലിയ രണ്ടാമിന്നിംഗ്‌സില്‍ 238 റണ്‍സില്‍ പുറത്തായി. ഓസ്‌ട്രേലിയക്ക് രണ്ടാം ഇന്നിംഗ്‌സില്‍ പ്രഹരമേല്‍പ്പിച്ചത് ക്യാപ്റ്റന്‍ ജസ്പ്രീത് ബൂംറയും സിറാജുമാണ്. ഇരുവരും മൂന്ന് വിക്കറ്റുകള്‍ നേടി. ജയത്തോട് അഞ്ച് മത്സര പരമ്പരയില്‍ ഇന്ത്യക്ക് ലീഡ് ഉറപ്പിക്കാനായി. ഡിസംബര്‍ 6 മുതല്‍ അഡ്‌ലെയ്ഡ് ഓവലില്‍ പരമ്പരയിലെ രണ്ടാം മത്സരം നടക്കും.
പെര്‍ത്തില്‍ നടന്ന ആദ്യ മത്സരത്തില്‍ ഒന്നാം ഇന്നിംഗ്‌സില്‍ ഇന്ത്യ 150 റണ്‍സിന് എല്ലാവരും പുറത്തായി. 41 റണ്‍സെടുത്ത നിതീഷ് റെഡ്ഡി മാത്രമായിരുന്നു ക്രീസില്‍ ആശ്വാസമായി നിലകൊണ്ടത്. ബൗളിംഗില്‍ ഇന്ത്യന്‍ മികവ് പുറത്തെടുത്തതോടെ കംഗാരുപ്പട 104 റണ്‍സിന് പുറത്തായി. 30 റണ്‍സിന് അഞ്ച് വിക്കറ്റുകള്‍ വീഴ്ത്തിയ ബുംറ ഓസീസിന്റെ ചങ്കിടിപ്പ് കൂട്ടി. ഹര്‍ഷിത് റാണ മൂന്ന് വിക്കറ്റുകളും മുഹമ്മദ് സിറാജ് രണ്ട് വിക്കറ്റുകളും നേടി.
രണ്ടാം ഇന്നിംഗ്‌സില്‍ 46 റണ്‍സിന്റെ ലീഡായിരുന്നു ഇന്ത്യക്ക് മുന്നിലുണ്ടായിരുന്നത്. ഓസ്‌ട്രേലിയന്‍ ബൗളര്‍മാര്‍ക്ക് മുന്നില്‍ വന്‍മതില്‍ പോലെ നിലകൊണ്ട രാഹുലും ജയ്‌സ്വാളും 201 റണ്‍സ് നേടി. വിരാട് കോലി സെഞ്ച്വറി കൂടി നേടിയതോടെ 487/ 6 എന്ന സ്‌കോറില്‍ ഇന്ത്യ രണ്ടാമിന്നിംഗ്‌സ് പൂര്‍ത്തിയാക്കി. മൂന്നാം ദിനം കളി പൂര്‍ത്തിയാക്കുമ്പോള്‍ 12/3 എന്ന സ്‌കോറിലേക്ക് ഓസീസ് കൂപ്പുകുത്തി. 89 റണ്‍സെടുത്ത് ട്രാവിസ് ഹെഡ് മാത്രമാണ് ടീമിന് ആശ്വാസമായത്.