അണ്ടർ 19 വനിത ട്വൻ്റി-20 ലോകകപ്പ്: ഇന്ത്യ ചാമ്പ്യന്മാർ

തുടർച്ചയായി രണ്ടാം തവണയും അണ്ടർ 19 വനിതാ ട്വൻ്റി-20 ലോകകപ്പ് ക്രിക്കറ്റിൽ ഇന്ത്യ ചാമ്പ്യന്മാരായി. ഫൈനലിൽ ദക്ഷിണാഫ്രിക്കയെ 9 വിക്കറ്റിന് പരാജയപ്പെടുത്തിയാണ് ഇന്ത്യയുടെ കിരീടനേട്ടം. ടോസ് നേടി ബാറ്റിങ്ങിന് ഇറങ്ങിയ ദക്ഷിണാഫ്രിക്ക 20 ഓവറിൽ 82 റൺസെടുത്ത് മുഴുവൻ പേരും പുറത്താവുകയായിരുന്നു. രണ്ടാം കിരീടം ലക്ഷ്യമിട്ടിറങ്ങിയ ഇന്ത്യൻ ടീമിന്റെ ബൗളിങ്ങിലാണ് ദക്ഷിണാഫ്രിക്ക പതറിയത് . 18 പന്തിൽ 23 റൺസെടുത്ത മീകെ വാൻ വൂർസ്റ്റാണ് ദക്ഷിണാഫ്രിക്കയുടെ ടോപ് സ്കോറർ. നാല് പേർക്കു മാത്രമാണ് രണ്ടക്കം കടക്കാനായത്. മികച്ച ഫോമിലുള്ള ഗോംഗഡി തൃഷ മൂന്ന് വിക്കറ്റ് വീഴ്ത്തി. നാല് ഓവറിൽ 15 റൺസ് വഴങ്ങിയാണ് മൂന്ന് വിക്കറ്റെടുത്തത്. മലയാളി താരം വി.ജെ. ജോഷിത രണ്ടു ഓവർ പന്തെറിഞ്ഞെങ്കിലും വിക്കറ്റൊന്നും നേടാനായില്ല.
ടൂർണമെന്റിൽ ആറ് മത്സരങ്ങളും ജയിച്ചാണ് ഇന്ത്യൻ ടീം ഫൈനലിൽ പ്രവേശിച്ചത്. വിൻഡീസിനെയും ഇംഗ്ലണ്ടിനെയും ഒമ്പത് വിക്കറ്റിനും മലേഷ്യയെ 10 വിക്കറ്റിനും തകർത്ത ടീം ശ്രീലങ്കയെ 60 റൺസിനും സ്കോട്‍ലൻഡിനെ 150 റൺസിനുമാണ് തോൽപ്പിച്ചത്. ബംഗ്ലാദേശിനെതിരെ എട്ടുവിക്കറ്റിനായിരുന്നു ഇന്ത്യൻ ടീമിന്റെ ജയം. ബാറ്റിങ്ങിലും ബൗളിങ്ങിലും ഒരേ മികവോടെ കളി നയിക്കുന്ന ടീമിൽ ഗോംഗഡി തൃഷയാണ് ഒന്നാം നമ്പർ ബാറ്റർ. 265 റൺസാണ് താരത്തിന്റെ സമ്പാദ്യം.