വനിതാ ലോകകപ്പ് 2025: എല്ലാ കണ്ണുകളും ഗുവാഹത്തിയിലേക്ക്; ഇന്ത്യയുടെ ആദ്യ മത്സരം ശ്രീലങ്കയ്‌ക്കെതിരെ; ലക്ഷ്യം കന്നി കിരീടം
ഗുവാഹത്തിയില്‍ ഉച്ചതിരിഞ്ഞ് മൂന്നുമണിക്കാണ് കളി തുടങ്ങുക

ഗുവാഹത്തിയിലെ ബര്‍സപാര ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ നടക്കുന്ന ഐസിസി വനിതാ ലോകകപ്പ് 2025-ന്റെ ഉദ്ഘാടന മത്സരത്തില്‍ ഹര്‍മന്‍പ്രീത് കൗറിന്റെ ഇന്ത്യന്‍ സംഘം ചാമരി അത്തപത്തുവിന്റെ ശ്രീലങ്കയുമായി ഏറ്റുമുട്ടും. ഗുവാഹത്തിയില്‍ ഉച്ചതിരിഞ്ഞ് മൂന്നുമണിക്കാണ് കളി തുടങ്ങുക. പോരാട്ടം ആഘോഷമാക്കാന്‍ ബര്‍സപാറയിലെ എസിഎ ക്രിക്കറ്റ് സ്റ്റേഡിയം സജ്ജമായിക്കഴിഞ്ഞു. സ്റ്റാര്‍ സ്‌പോര്‍ട്‌സ് ചാനലുകളിലും ജിയോ ഹോട് സറ്റാറിലും തത്സമയം മത്സരം കാണാം.
ശ്രീലങ്കയ്‌ക്കെതിരെ മിന്നും ജയത്തോടെ ലോകകപ്പ് പോരാട്ടങ്ങള്‍ക്ക് തുടക്കമിടുകയാണ് ഇന്ത്യയുടെ ലക്ഷ്യം. ഹര്‍മന്‍പ്രീതും സമൃതി മന്ദാനയും ജെമീമയും രേണുകാ സിങ്ങുമടങ്ങുന്ന ടീം ഇന്ത്യ നാട്ടില്‍ കപ്പടിക്കുമെന്ന പ്രതീക്ഷയിലാണ് ആരാധകര്‍. സമീപ കാല ഫോം നോക്കിയാല്‍ ഇന്ത്യയ്ക്കാണ് മുന്‍ഗണന. ലോക റാങ്കിങ്ങില്‍ ഓസ്‌ട്രേലിയയ്ക്കും ഇംഗ്ലണ്ടിനും പിറകില്‍ മൂന്നാം സ്ഥാനക്കാരാണെങ്കിലും സ്വന്തം നാട്ടുകാരെ സാക്ഷികളാക്കി, 47 വര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍ കന്നി വനിതാ ഏകദിന ലോകകിരീടം നേടാമെന്ന പ്രതീക്ഷയിലാണ് ഹര്‍മനും സംഘവും.
ആദ്യ സന്നാഹ മത്സരത്തില്‍ ഇംഗ്ലണ്ടിനോട് 153 റണ്‍സിന്റെ കനത്ത തോല്‍വി ഏറ്റുവാങ്ങിയ ഇന്ത്യ, രണ്ടാം മത്സരത്തില്‍ ന്യൂസിലന്‍ഡിനെതിരെ നാല് വിക്കറ്റിന് വിജയിച്ചതോടെ ഫോം വീണ്ടെടുത്തു.
ശ്രീലങ്കയ്ക്ക് കൂടുതല്‍ കഠിനമായ തയ്യാറെടുപ്പുകള്‍ ഉണ്ടായിരുന്നു. പാകിസ്ഥാനെതിരായ അവരുടെ ആദ്യ സന്നാഹ മത്സരം മഴ കാരണം ഉപേക്ഷിച്ചു, തുടര്‍ന്നുള്ള മത്സരത്തില്‍ ബംഗ്ലാദേശിനോട് ഒരു റണ്ണിന് പരാജയപ്പെട്ടു.
ഇന്ത്യന്‍ വനിതാ ടീമും ശ്രീലങ്കന്‍ വനിതാ ടീമും ഏകദിനത്തില്‍ 35 തവണ പരസ്പരം ഏറ്റുമുട്ടിയിട്ടുണ്ട്, ഇതില്‍ ഇന്ത്യന്‍ ടീം 31 മത്സരങ്ങളില്‍ വിജയിക്കുകയും ശ്രീലങ്ക 3 മത്സരങ്ങളില്‍ വിജയിക്കുകയും ചെയ്തു. ഒരു മത്സരം സമനിലയിലായി.
സ്വന്തം നാട്ടില്‍ പരിചിതമായ പിച്ചുകളില്‍ ഇന്ത്യയുടെ സ്പിന്നര്‍മാരായ ദീപ്തി ശര്‍മ, സ്‌നേഹ് റാണ, രാധാ യാദവ് എന്നിവര്‍ മികച്ച പ്രകടനം നടത്തുമെന്നാണ് പ്രതീക്ഷ. ക്യാപ്റ്റന്‍ ഹര്‍മന്റെ പരിചയസമ്പത്തും വൈസ് ക്യാപ്റ്റന്‍ സ്മൃതി മന്ഥനയുടെ മിന്നും ഫോമും ജമീമ റോഡ്രിഗ്‌സിന്റെ വിശ്വസ്തതയും ബാറ്റിങ്ങിനു കരുത്തു പകരും.
കരുത്തരായ ഓസ്‌ട്രേലിയയ്ക്കും ഇംഗ്ലണ്ടിനും ചിരവൈരികളായ പാക്കിസ്ഥാനും എതിരെയുള്ള സമ്മര്‍ദ മത്സരങ്ങളില്‍ ആത്മവിശ്വാസം ചോരാതെ നോക്കേണ്ടതും കളിക്കാരുടെ ഉത്തരവാദിത്തമാണ്. വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ യാസ്തിക ഭാട്യ പരുക്കേറ്റ് ലോകകപ്പില്‍നിന്നു പുറത്തായതിനു പിന്നലെ പേസര്‍ അരുന്ധതി റെഡ്ഡിക്കു സന്നാഹമത്സരത്തില്‍ ചെറിയ പരുക്കേറ്റിരുന്നു. ടൂര്‍ണമെന്റിനിടെ പ്രധാന താരങ്ങള്‍ക്കാര്‍ക്കെങ്കിലും പരുക്കേറ്റാല്‍ വലിയ തിരിച്ചടിയാകും.
മറുഭാഗത്ത് സെമിഫൈനലെങ്കിലും ഉറപ്പിക്കുകയായിരിക്കും ചമരി അട്ടപ്പട്ടുവിന്റെയും സംഘത്തിന്റെയും ലക്ഷ്യം. പവര്‍ പ്ലേയില്‍ ഹസിനി പെരേരയും വിഷ്മി ഗുണരത്‌നെയും ഭേദപ്പെട്ട തുടക്കം നല്‍കിയാല്‍ ചമരിയും ഹര്‍ഷിത സമരവിക്രമയുമടങ്ങുന്ന മധ്യനിരയ്ക്കു സമ്മര്‍ദം കുറയും. എന്നാല്‍, ഇനോക രണവീര, സുഗന്ധി ദസ്സനായകെ, ദെവ്മി വിഹന്‍ഗ, കവീഷ ദില്‍ഹാരി എന്നിവരടങ്ങുന്ന നാല്‍വര്‍ സംഘത്തിന്റെ സ്പിന്‍ മികവാണ് ശ്രീലങ്കയുടെ മുന്നേറ്റത്തെ കാര്യമായി സ്വാധീനിക്കുക.
പിച്ച് റിപ്പോര്‍ട്ട്
ഗുവാഹത്തിയിലെ ബര്‍സപാര ക്രിക്കറ്റ് സ്റ്റേഡിയം ബാറ്റ്സ്മാന്മാര്‍ക്ക് അനുകൂലമായ സാഹചര്യങ്ങള്‍ക്ക് പേരുകേട്ടതാണ്. ആദ്യ ഓവറുകളില്‍ മികച്ച ബൗണ്‍സ് പന്ത് ടൈം ചെയ്യാന്‍ ബാറ്റര്‍മാരെ സഹായിച്ചേക്കും. എന്നാല്‍, ലൈനും ലെങ്തും കണ്ടെത്തുന്ന പേസര്‍മാര്‍ക്കും പിച്ചിന്റെ ഗുണം ലഭിക്കാനിടയുണ്ട്. മത്സരം പുരോഗമിക്കുന്നതിനിടെ പിച്ചിന്റെ വേഗം അല്‍പം കുറയുന്നത് സ്പിന്നര്‍മാരെ നേരിയ തോതില്‍ സഹായിച്ചേക്കാം. എങ്കിലും ബാറ്റിങ് മികവായിരിക്കും മത്സരവിധി തീരുമാനിക്കുക.
വനിതാ ഏകദിന ലോകകപ്പ്: ആകെ 31 മത്സരങ്ങളാണുള്ളത്. മികച്ച 4 ടീമുകള്‍ നോക്കൗട്ടില്‍. സെമി ഫൈനലുകള്‍ ഒക്ടോബര്‍ 29, 30 തീയതികളിലും ഫൈനല്‍ നവംബര്‍ 2നും നടക്കും.
ലോകകപ്പില്‍ 8 ടീമുകളാണ് പങ്കെടുക്കുന്നത്. ഇന്ത്യയ്‌ക്കൊപ്പം വനിതാ ചാംപ്യന്‍ഷിപ് സൈക്കിളിലെ ആദ്യ 5 സ്ഥാനക്കാരായ ഓസ്ട്രേലിയ, ന്യൂസീലന്‍ഡ്, ഇംഗ്ലണ്ട്, ശ്രീലങ്ക, ദക്ഷിണാഫ്രിക്ക എന്നിവര്‍ നേരത്തേ യോഗ്യത നേടി. പാക്കിസ്ഥാനില്‍ നടന്ന യോഗ്യതാ മത്സരങ്ങളില്‍ മികവു കാട്ടിയ പാക്കിസ്ഥാനും ബംഗ്ലാദേശും സ്ഥാനമുറപ്പിച്ചു.
വെസ്റ്റിന്‍ഡീസ് ഔട്ട്: വനിതാ ഏകദിന ലോകകപ്പില്‍ വെസ്റ്റിന്‍ഡീസ് യോഗ്യത നേടാത്തത് 2000നു ശേഷം ആദ്യമായാണ്. യോഗ്യതാ റൗണ്ടില്‍ നെറ്റ് റണ്‍റേറ്റില്‍ ബംഗ്ലാദേശ് നേരിയ വ്യത്യാസത്തിന് അവരെ മറികടന്നു.
5 വേദികള്‍
ഇന്ത്യയില്‍ ഗുവാഹത്തി, ഇന്‍ഡോര്‍, വിശാഖപട്ടണം, നവി മുംബൈ എന്നിവയാണ് ഇന്ത്യയിലെ വേദികള്‍. പാക്കിസ്ഥാന്റെ എല്ലാ മത്സരങ്ങളും കൊളംബോയില്‍ വച്ചാണ്. ആദ്യ സെമിഫൈനലും പാക്കിസ്ഥാന്‍ ഫൈനലിലെത്തുകയാണെങ്കില്‍ ആ മത്സരവും കൊളംബോയില്‍ നടക്കും.
സമ്മാനത്തുക
ആകെ സമ്മാനത്തുക 1.38 കോടി യുഎസ് ഡോളര്‍ (ഏകദേശം 123.1 കോടി രൂപ). വനിതാ ലോകകപ്പ് ചരിത്രത്തില്‍ റെക്കോര്‍ഡാണിത്. 2023ലെ പുരുഷ ഏകദിന ലോകകപ്പ് സമ്മാനത്തുക ഒരു കോടി ഡോളറായിരുന്നു.
പ്ലേയിംഗ് ഇലവന്‍
ഇന്ത്യന്‍ ടീം :
പ്രതീക റാവല്‍, ജെമിമ റോഡ്രിഗസ്, സ്മൃതി മന്ദാന, രാധാ യാദവ്, ഹര്‍ലീന്‍ ഡിയോള്‍, ഹര്‍മന്‍പ്രീത് കൗര്‍ (C), ക്രാന്തി ഗൗഡ്, ദീപ്തി ശര്‍മ, റിച്ച ഘോഷ് (WK), സ്‌നേഹ റാണ, രേണുക സിംഗ് താക്കൂര്‍.
ശ്രീലങ്കന്‍ ടീം (SLW):
ഹാസിനി പെരേര, അനുഷ്‌ക സഞ്ജീവനി (WK), ചമാരി അത്പത്ത് (C), അച്ചിനി കുലസൂര്യ, ഉദേഷിക പ്രബോധനി, ഹര്‍ഷിത സമരവിക്രമ, വിഷ്മി ഗുണരത്നെ, പിയൂമി വത്സല, കവിഷ ദില്‍ഹാരി, ദേവ്മി വിഹംഗ, മല്‍കി മദാര.