ഏഷ്യാ കപ്പ്: ഇന്ത്യ- പാക് പോരാട്ടത്തിന് ഇനി മണിക്കൂറുകള്‍ മാത്രം; എല്ലാ കണ്ണുകളും ദുബായ് ക്രിക്കറ്റ് സ്റ്റേഡിയത്തിലേക്ക്; കാലാവസ്ഥ താരങ്ങള്‍ക്ക് അനുകൂലമാകുമോ?
അക്വുവെതറിന്റെ റിപ്പോര്‍ട്ട് പ്രകാരം ദുബായില്‍ ഇന്ന് ഇന്ത്യ-പാകിസ്ഥാന്‍ ക്രിക്കറ്റ് മത്സരത്തിന് മഴ ഭീഷണിയില്ല.

ഏഷ്യാ കപ്പിലെ ആരാധകര്‍ കാത്തിരുന്ന ഇന്ത്യ-പാക് പോരാട്ടത്തിന് ഇനി മണിക്കൂറുകള്‍ മാത്രം. ദുബായ് ഇന്റര്‍നാഷണല്‍ ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ ഇരു ടീമുകളും ഏറ്റുമുട്ടുമ്പോള്‍ വിജയം ആര്‍ക്കാകും എന്ന ആകാക്ഷയിലാണ് ആരാധകര്‍. പഹല്‍ഗാം ഭീകരാക്രമണത്തിനും അതിന്റെ അനന്തരഫലങ്ങള്‍ക്കും ഏതാനും മാസങ്ങള്‍ക്ക് ശേഷം നടക്കുന്ന മത്സരമായതിനാല്‍ വിവാദങ്ങളുടെ പശ്ചാത്തലത്തിലാണ് മത്സരം നടക്കുന്നത്.
വിരാട് കോഹ്ലി, രോഹിത് ശര്‍മ്മ തുടങ്ങിയ മുതിര്‍ന്ന താരങ്ങളില്ലാതെയാണ് ഇന്ത്യ മത്സരത്തിനിറങ്ങുന്നത്. അതുപോലെ തന്നെ ബാബര്‍ അസം, മുഹമ്മദ് റിസ്വാന്‍ എന്നിവരില്ലാതെയാണ് പാക് താരങ്ങളും ഏഷ്യാ കപ്പിനിറങ്ങുന്നത്. ശുഭ്മാന്‍ ഗില്‍, സൂര്യകുമാര്‍ യാദവ്, അഭിഷേക് ശര്‍മ്മ, ജസ്പ്രീത് ബുംറ, കുല്‍ദീപ് യാദവ്, വരുണ്‍ ചക്രവര്‍ത്തി തുടങ്ങിയ താരങ്ങള്‍ ഇന്ത്യന്‍ നിരയിലുണ്ട്, ഓരോ കളിക്കാരും തനിച്ച് അവരുടെ ടീമിനായി ഒരു മത്സരം വിജയിപ്പിക്കാന്‍ കഴിവുള്ളവരാണ്. പാകിസ്താനേക്കാള്‍ എന്തുകൊണ്ടും ശക്തമായ ടീമാണ് ഇന്ത്യ.
പാകിസ്ഥാന്റെ പുതിയ ക്യാപ്റ്റന്‍ സല്‍മാന്‍ അലി ആഘ, സെയ്ം അയൂബ്, ഹസന്‍ നവാസ്, അബ്രാര്‍ അഹമ്മദ്, സുഫിയാന്‍ മുഖീന്‍, മുഹമ്മദ് നവാസ്, ഷഹീന്‍ ഷാ അഫ്രീദി എന്നിവരാണ് പാകിസ്താന് വേണ്ടി ഇറങ്ങുന്നത്. ഇരു രാജ്യങ്ങളും പരസ്പരം വിജയത്തിനായി ശക്തമായ പോരാട്ടം നടത്തുമെന്ന് തന്നെയാണ് ആരാധകര്‍ പറയുന്നത്.
ഇന്ത്യ-പാകിസ്ഥാന്‍ മത്സരം: കാലാവസ്ഥാ പ്രവചനം
അക്വുവെതറിന്റെ റിപ്പോര്‍ട്ട് പ്രകാരം ദുബായില്‍ ഇന്ന് ഇന്ത്യ-പാകിസ്ഥാന്‍ ക്രിക്കറ്റ് മത്സരത്തിന് മഴ ഭീഷണിയില്ല. പകല്‍ 39 ഡിഗ്രി സെല്‍ഷ്യസായിരിക്കും ദുബായിലെ താപനില. മഴ ഭീഷണിയില്ലെങ്കിലും താരങ്ങള്‍ക്ക് ദുബായിലെ പ്രതികൂല സാഹചര്യങ്ങളോടും മല്ലടിക്കേണ്ടിവരും. കാറ്റിന്റെ വേഗത മണിക്കൂറില്‍ 33 കിലോമീറ്റര്‍ വരെ ഉയരും എന്നാണ് റിപ്പോര്‍ട്ട്. മത്സരസമയം രാത്രി 30 ഡിഗ്രി സെല്‍ഷ്യസാണ് ചൂട് കണക്കാക്കുന്നത്. തെളിഞ്ഞ ആകാശം തുടരുമെങ്കിലും വായുനിലവാരവും അത്ര മികച്ചതായിരിക്കില്ലെന്നാണ് കണക്കാക്കുന്നത്.
ഇന്ത്യ-പാകിസ്ഥാന്‍ മത്സരം: പിച്ച് റിപ്പോര്‍ട്ട്
ദുബായ് രാജ്യാന്തര ക്രിക്കറ്റ് സ്റ്റേഡിയത്തിലെ സെന്‍ട്രല്‍ പിച്ച് ഹൈ-വോള്‍ട്ടേജ് മത്സരത്തിനായി തയ്യാറായിക്കഴിഞ്ഞു. ദുബായ് പിച്ചല്‍ അത്ര വേഗം പ്രതീക്ഷിക്കേണ്ടതില്ല. പിച്ച് സ്പിന്നര്‍മാരെ പിന്തുണയ്ക്കുന്നതായിരിക്കും എന്നാണ് കണക്കാക്കപ്പെടുന്നത്. വരും മത്സരങ്ങളില്‍ പിച്ച് സ്പിന്നിനെ കൂടുതല്‍ പിന്തുണയ്ക്കാനാണ് സാധ്യത. രാത്രിയോടെ ഡ്യൂ ഫാക്ടറിനും സാധ്യത കല്‍പിക്കുന്നു.
ഇന്ത്യ-പാകിസ്ഥാന്‍ മത്സരം: കണക്കുകള്‍
ദുബായില്‍ ഏഷ്യാ കപ്പ് മത്സരത്തിനിറങ്ങുമ്പോള്‍ പാകിസ്ഥാന്‍ ക്രിക്കറ്റ് ടീമിന് മേല്‍ ടീം ഇന്ത്യക്ക് വ്യക്തമായ മുന്‍തൂക്കമുണ്ട്. ഏഷ്യാ കപ്പ് ചരിത്രത്തില്‍ ഇന്ത്യയും പാകിസ്ഥാനും 19 തവണയാണ് മുമ്പ് ഏറ്റുമുട്ടിയിട്ടുള്ളത്. അതില്‍ ഇന്ത്യ പത്തും പാകിസ്ഥാന്‍ ആറും മത്സരങ്ങള്‍ വിജയിച്ചു. മൂന്ന് മത്സരങ്ങള്‍ ഫലമില്ലാതെ അവസാനിച്ചു. ട്വന്റി 20 ഫോര്‍മാറ്റിലാവട്ടെ, ട്വന്റി 20യിലെ നേര്‍ക്കുനേര്‍ ബലാബലത്തില്‍ പാകിസ്ഥാനെതിരെ ഇന്ത്യക്ക് വ്യക്തമായ മുന്‍തൂക്കമുണ്ട്. കളിച്ച 13 മത്സരങ്ങളില്‍ പത്തിലും ജയം നീലപ്പടയ്ക്കൊപ്പമായിരുന്നു.
ടീമുകള്‍:
ഇന്ത്യ: അഭിഷേക് ശര്‍മ്മ, ശുഭ്മാന്‍ ഗില്‍, തിലക് വര്‍മ്മ, സൂര്യകുമാര്‍ യാദവ്(c), ഹാര്‍ദിക് പാണ്ഡ്യ, ജിതേഷ് ശര്‍മ്മ(ം), അക്‌സര്‍ പട്ടേല്‍, ഹര്‍ഷിത് റാണ, കുല്‍ദീപ് യാദവ്, ജസ്പ്രീത് ബുംറ, വരുണ്‍ ചക്രവര്‍ത്തി, സഞ്ജു സാംസണ്‍, റിങ്കു സിംഗ്, ശിവം ദുബെ, അര്‍ഷ്ദീപ് സിംഗ്
പാകിസ്ഥാന്‍: സയിം അയൂബ്, സാഹിബ് സാദ ഫര്‍ഹാന്‍, മുഹമ്മദ് ഹാരിസ്(ഡബ്ല്യു), ഫഖര്‍ സമാന്‍, സല്‍മാന്‍ ആഘ(C), ഹസന്‍ നവാസ്, മുഹമ്മദ് നവാസ്, ഫഹീം അഷ്റഫ്, ഷഹീന്‍ അഫ്രീദി, സുഫിയാന്‍ മുഖീം, അബ്രാര്‍ അഹമ്മദ്, ഹുസൈന്‍ തലാത്, ഹസന്‍ അലി, ഖുഷ്ദ് സലിം, ഖുഷ്ദില്‍ മിര്‍സ.