ഏഷ്യാ കപ്പില്‍ ഫൈനല്‍ ലക്ഷ്യമിട്ട് ബംഗ്ലാദേശിനെതിരെ ഇന്ത്യ ഇന്നിറങ്ങുന്നു
പാകിസ്ഥാനെ രണ്ടുതവണ തോല്‍പിച്ച ആത്മവിശ്വാസത്തില്‍ ഫൈനല്‍ ഉറപ്പിക്കാനാണ് സൂര്യകുമാര്‍ യാദവിന്റെ നേതൃത്വത്തിലുള്ള ഇന്ത്യന്‍ താരങ്ങള്‍ ഇറങ്ങുന്നത്

ദുബായ്: ഏഷ്യാ കപ്പില്‍ ഫൈനല്‍ ലക്ഷ്യമിട്ട് ദുബായ് ഇന്റര്‍നാഷണല്‍ ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ ഇന്ത്യ ഇന്നിറങ്ങുന്നു. സൂപ്പര്‍ ഫോറിലെ രണ്ടാം മത്സരത്തില്‍ ബംഗ്ലാദേശിനെതിരെയാണ് ഇന്ത്യയുടെ മത്സരം. രാത്രി എട്ടുമണിക്കാണ് കളി തുടങ്ങുക. സോണി ടെന്‍ ചാനലുകളിലും സോണി ലിവ് ആപ്പിലും തത്സമയം കാണാം. പാകിസ്ഥാനെ രണ്ടുതവണ തോല്‍പിച്ച ആത്മവിശ്വാസത്തില്‍ ഫൈനല്‍ ഉറപ്പിക്കാനാണ് സൂര്യകുമാര്‍ യാദവിന്റെ നേതൃത്വത്തിലുള്ള ഇന്ത്യന്‍ താരങ്ങള്‍ ഇറങ്ങുന്നത്.
പോയിന്റ് പട്ടികയില്‍ ഒന്നാം സ്ഥാനത്തുള്ള 'മെന്‍ ഇന്‍ ബ്ലൂ' ടീമിന് ടൈഗേഴ്സിനെതിരെ ജയിച്ചാല്‍ ഫൈനല്‍ ഉറപ്പിക്കാം. 2025 ഏഷ്യാ കപ്പിന്റെ നിര്‍ണായക നിമിഷങ്ങളില്‍ ഒന്നായിരിക്കും ഈ മത്സരം. പോയിന്റ് പട്ടികയില്‍ മൂന്നാം സ്ഥാനത്താണ് ബംഗ്ലാദേശ്. ഏതെങ്കിലും ടീം ജയിച്ചാല്‍ സെപ്റ്റംബര്‍ 28 ന് ദുബായില്‍ നടക്കുന്ന ഫൈനലിനുള്ള അവരുടെ സ്ഥാനം ഏറെക്കുറെ ഉറപ്പിക്കാം. തോല്‍ക്കുന്ന ടീമിന് അവസാന മത്സരം ജയിക്കുകയും ശേഷിക്കുന്ന മത്സരങ്ങളുടെ ഫലം കാത്തിരിക്കുകയും വേണം.
അഭിഷേക് ശര്‍മ്മയും ശുഭ്മന്‍ ഗില്ലും ക്രീസിലുറച്ചാല്‍ സ്‌കോര്‍ ബോര്‍ഡിന് വേഗം കൂടും. പിന്നാലെ വരുന്ന സൂര്യകുമാര്‍ യാദവും തിലക് വര്‍മ്മയും ഹാര്‍ദിക് പണ്ഡ്യയും ശിവം ദുബേയും അക്സര്‍ പട്ടേലുമെല്ലാം അതിവേഗം സ്‌കോര്‍ ചെയ്യുന്നവരാണ്. സഞ്ജു സാംസണ്‍ കൂടി മധ്യനിരയുമായി പൊരുത്തപ്പെട്ടാല്‍ ബാറ്റിംഗ് നിര ഡബിള്‍ സ്ട്രോംഗ് ആയിരിക്കും. ജസ്പ്രിത് ബുമ്രയുടെ വേഗപ്പന്തുകള്‍ക്കൊപ്പം കളിയുടെ ഗതിനിശ്ചയിക്കുക കുല്‍ദീപ് യാദവ്, അക്സര്‍ പട്ടേല്‍, വരുണ്‍ ചക്രവര്‍ത്തി സ്പിന്‍ ത്രയമായിരിക്കും.
മറുഭാഗത്ത് വേഗം കുറഞ്ഞ പിച്ചുകളില്‍ വിക്കറ്റ് വീഴ്ത്തുന്ന മുസ്തഫിസുര്‍ റഹ്‌മാന്റെ പന്തുകളിലാണ് ബംഗ്ലാദേശിന്റെ പ്രതീക്ഷ. റണ്‍സിനായി ഉറ്റുനോക്കുന്നത് ലിറ്റണ്‍ ദാസിന്റെയും തൗഹീദ് ഹൃദോയിയുടേയും ബാറ്റുകളിലേക്ക്. ബൗളിംഗില്‍, ഓപ്പണിംഗ് ജോഡിയെ എത്രയും വേഗം വേര്‍പെടുത്താനും ഇന്ത്യയെ സമ്മര്‍ദ്ദത്തിലാക്കാനുമുള്ള വഴികള്‍ എതിരാളികള്‍ കണ്ടെത്തേണ്ടതുണ്ട്. ഈ രണ്ട് ഘട്ടങ്ങളുടെയും ഫലം മത്സരത്തിന്റെ വിധി നിര്‍ണ്ണയിക്കുന്നതില്‍ വളരെ നിര്‍ണായകമാകും. ബംഗ്ലാദേശിനെതിരെ ട്വന്റി 20യില്‍ ഇന്ത്യക്ക് സമ്പൂര്‍ണ ആധിപത്യമാണുള്ളത്. പതിനേഴ് കളിയില്‍ പതിനാറിലും ജയം. ബംഗ്ലാദേശിന്റെ ഏക ജയം 2019ല്‍.
ഇന്ത്യ: അഭിഷേക് ശര്‍മ്മ, ശുഭ് മാന്‍ ഗില്‍, സൂര്യകുമാര്‍ യാദവ് (ക്യാപ്റ്റന്‍), തിലക് വര്‍മ്മ, സഞ്ജു സാംസണ്‍ (വിക്കറ്റ് കീപ്പര്‍), ഹാര്‍ദിക് പാണ്ഡ്യ, ശിവം ദുബെ, അക്സര്‍ പട്ടേല്‍, കുല്‍ദീപ് യാദവ്, ജസ്പ്രീത് ബുമ്ര, വരുണ്‍ ചക്രവര്‍ത്തി, അര്‍ഷ്ദീപ് സിംഗ്, ഹര്‍ഷിത് റാണ, റിങ്കു സിംഗ്, ജിതേഷ് ശര്‍മ.