ഓസ്ട്രേലിയക്കെതിരായ രണ്ടാം ഏകദിന മത്സരം നാളെ; ടീമില്‍ 2 മാറ്റങ്ങള്‍ക്ക് സാധ്യത; കുല്‍ദീപ് യാദവും ജയ്സ്വാളും ഇടംപിടിച്ചേക്കും

ഹര്‍ഷത് റാണയേയും, വാഷിംഗ് ടണ്‍ സുന്ദറിനേയും മാറ്റാന്‍ സാധ്യത

പെര്‍ത്ത്: ഓസ്ട്രേലിയക്കെതിരായ രണ്ടാം ഏകദിന മത്സരം വ്യാഴാഴ്ച അഡ്ലെയ്ഡില്‍ നടക്കും. അതിനിടെ ഇന്ത്യന്‍ ടീമില്‍ രണ്ട് മാറ്റങ്ങള്‍ക്ക് സാധ്യതയുണ്ടെന്ന വിവരങ്ങള്‍ പുറത്തുവരുന്നുണ്ട്. ഇന്ത്യന്‍ സമയം രാവിലെ 9 മണിക്കാണ് മത്സരം. മൂന്ന് മത്സരങ്ങളുടെ പരമ്പരയില്‍ ഇന്ത്യ നിലവില്‍ 1-0ത്തിന് പിന്നിലാണ്. പെര്‍ത്തില്‍ നടന്ന ആദ്യ ഏകദിനത്തില്‍ ഇന്ത്യ ഏഴ് വിക്കറ്റിന് പരാജയപ്പെട്ടിരുന്നു. ബാറ്റിംഗ് തകര്‍ച്ചയാണ് പ്രധാന കാരണം. പരമ്പരയില്‍ ഒപ്പമെത്തണമെങ്കില്‍ ഇന്ത്യക്ക് വ്യാഴാഴ്ചത്തെ കളി നിര്‍ണായകമാണ്. കെ.എല്‍. രാഹുല്‍ (38), അക്സര്‍ പട്ടേല്‍ (31) എന്നിവര്‍ക്ക് മാത്രമേ പിടിച്ചുനില്‍ക്കാന്‍ കഴിഞ്ഞുള്ളൂ. മറ്റെല്ലാ കളിക്കാരും മോശം പ്രകടനമാണ് കാഴ്ചവച്ചത്. 26 ഓവറില്‍ ഒമ്പത് വിക്കറ്റിന് 136 റണ്‍സില്‍ ഇന്നിംഗ്‌സ് അവസാനിച്ചു.

ദീര്‍ഘ നാളുകള്‍ക്ക് ശേഷം ഇന്ത്യന്‍ ജേഴ്സിയിലേക്ക് തിരിച്ചെത്തിയ വിരാട് കോലിയും രോഹിത് ശര്‍മയും ആദ്യ മത്സരത്തില്‍ തന്നെ നിരാശപ്പെടുത്തിയിരുന്നു. മുതിര്‍ന്ന താരങ്ങള്‍ ടീമിലെത്തിയതോടെ വെടിക്കെട്ട് പ്രകടനമാണ് ആരാധകര്‍ കാത്തിരുന്നത്. എന്നാല്‍ തുടക്കത്തില്‍ തന്നെ ഇരുവരും പുറത്താകുന്നതാണ് കണ്ടത്. രണ്ടാം ഏകദിനത്തില്‍ കാര്യങ്ങള്‍ ഇന്ത്യയ്ക്ക് അനുകൂലമാകാന്‍ പരിശീലകന്‍ ഗൗതം ഗംഭീര്‍ ഉചിതമായ തീരുമാനങ്ങള്‍ എടുക്കുമെന്ന കാര്യത്തില്‍ സംശയമില്ല. പുതിയ ക്യാപ്റ്റന്‍ ശുഭ്മാന്‍ ഗില്ലിന്റെ കീഴില്‍ വ്യാഴാഴ്ച രണ്ടാം ഏകദിനത്തിന് ഇറങ്ങുമ്പോള്‍ ടീമില്‍ മാറ്റം വരുത്തുമോ എന്നാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്. 2027 ലോകകപ്പിന് മുമ്പ് ഇന്ത്യന്‍ ടീമിനെ കരുത്തുറ്റതാക്കാനാകും പരിശീലകന്റെ ശ്രമം. അതിനുള്ള മാറ്റങ്ങളാകും പ്രധാനമായും നടപ്പിലാക്കുക.

ആദ്യ നാല് സ്ഥാനങ്ങളില്‍ മാറ്റം വരുത്താന്‍ ഇടയില്ല. ആദ്യ ഏകദിനത്തില്‍ എട്ട് റണ്‍സിന് പുറത്തായെങ്കിലും രോഹിത് ശര്‍മ ഓപ്പണിംഗ് സ്ഥാനത്ത് തന്നെ തുടരും. സഹ ഓപ്പണറായി ഗില്ലും. കോലി മൂന്നാം സ്ഥാനത്ത് തുടരും. ആദ്യ ഏകദിനത്തില്‍ റണ്‍സെടുക്കാതെ കോലി പുറത്തായിരുന്നു. ശ്രേയസ് അയ്യര്‍ നാലാം നമ്പറില്‍ കളിക്കും. പെര്‍ത്തില്‍ 11 റണ്‍സിന് പുറത്തായെങ്കിലും വീണ്ടും അവസരം നല്‍കും. പെര്‍ത്തില്‍ മികച്ച പ്രകടനം പുറത്തെടുത്ത അക്സര്‍ പട്ടേല്‍, കെ എല്‍ രാഹുല്‍ എന്നിവരെയും മാറ്റിനിര്‍ത്തില്ല. എന്നാല്‍ സാഹചര്യത്തിന് അനുസരിച്ച് ബാറ്റിംഗ് പൊസിഷനില്‍ മാറ്റം വന്നേക്കും. പെര്‍ത്തില്‍ അക്സര്‍ അഞ്ചാമനും രാഹുല്‍ ആറാം സ്ഥാനത്തുമായിരുന്നു.

മാറ്റമുണ്ടായേക്കാവുന്ന ഏക സ്ഥാനം വാഷിംഗ്ടണ്‍ സുന്ദറിന്റേതാണ്. നിതീഷ് കുമാര്‍ റെഡ്ഡിക്കും മുമ്പ് ഏഴാമനായി ക്രീസിലെത്തിയ വാഷിംഗ്ടണിന് 10 പന്തില്‍ 10 റണ്‍സെടുക്കാന്‍ മാത്രമായിരുന്നു സാധിച്ചിരുന്നത്. താരത്തിന്റെ പ്രകടനത്തിനെതിരെ വലിയ വിമര്‍ശനം ഉയരുകയും ചെയ്തു. വാഷിംഗ്ടണിന് പകരം കുല്‍ദീപ് യാദവിനെ സ്പിന്നറായി കളിപ്പിച്ചേക്കാം. വാഷിംഗ്ടണ്‍ കളിച്ചാലും ഇല്ലെങ്കിലും നിതീഷിന് സ്ഥാനക്കയറ്റം ലഭിക്കും. പെര്‍ത്തില്‍ എന്തെങ്കിലും തരത്തില്‍ സ്വാധീനം ഉണ്ടാക്കാതെ പോയ ഹര്‍ഷിത് റാണയേയും മാറ്റാനാണ് സാധ്യത. പകരം പ്രസിദ്ധ് കൃഷ്ണ ടീമലെത്തിയേക്കും. മുഹമ്മദ് സിറാജും അര്‍ഷ്ദീപ് സിംഗും ടീമില്‍ തുടരും.

രണ്ടാം ഏകദിനത്തിനുള്ള ഇന്ത്യയുടെ സാധ്യതാ ഇലവന്‍: ശുഭ്മാല്‍ ഗില്‍ (ക്യാപ്റ്റന്‍), രോഹിത് ശര്‍മ, വിരാട് കോലി, ശ്രേയസ് അയ്യര്‍, അക്സര്‍ പട്ടേല്‍, കെ എല്‍ രാഹുല്‍ (വിക്കറ്റ് കീപ്പര്‍), നിതീഷ് കുമാര്‍ റെഡ്ഡി, വാഷിംഗ്ടണ്‍ സുന്ദര്‍ / കുല്‍ദീപ് യാദവ്, മുഹമ്മദ് സിറാജ്, പ്രസിദ്ധ് കൃഷ്ണ / ഹര്‍ഷിത് റാണ, അര്‍ഷ്ദീപ് സിംഗ്.

Related Articles
Next Story
Share it