ഏഷ്യാ കപ്പ് ക്രിക്കറ്റിനുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു; സഞ്ജു സാംസണ്‍ വിക്കറ്റ് കീപ്പര്‍, ശുഭ്മന്‍ ഗില്‍ വൈസ് ക്യാപ്റ്റന്‍
യശസ്വി ജയ്‌സ്വാളിനെയും ശ്രേയസ് അയ്യരെയും ടീമില്‍നിന്ന് ഒഴിവാക്കി

മുംബൈ: ഏഷ്യാ കപ്പ് ക്രിക്കറ്റിനുള്ള 15 അംഗ ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു. അടുത്ത മാസം യുഎഇയില്‍ ആണ് മത്സരം നടക്കുന്നത്. സൂര്യകുമാര്‍ യാദവ് നയിക്കുന്ന ടീമില്‍ മലയാളി താരം സഞ്ജു സാംസണ്‍ പ്രധാന വിക്കറ്റ് കീപ്പറായി കളിക്കും. ശുഭ് മന്‍ ഗില്‍ വൈസ് ക്യാപ്റ്റനായി ടീമിലെത്തി. യശസ്വി ജയ്‌സ്വാളിനെയും ശ്രേയസ് അയ്യരെയും ടീമില്‍നിന്ന് ഒഴിവാക്കി. വാര്‍ത്താ സമ്മേളനത്തില്‍ ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവും ബിസിസിഐ സെലക്ഷന്‍ കമ്മിറ്റി ചെയര്‍മാന്‍ അജിത് അഗാര്‍ക്കറും പങ്കെടുത്തു.
ചൊവ്വാഴ്ച ഉച്ചയ്ക്ക് 1.30ന് ടീമിനെ പ്രഖ്യാപിക്കുമെന്നാണ് അറിയിച്ചിരുന്നത്. എന്നാല്‍ കനത്ത മഴ തടസമായതിനെ തുടര്‍ന്ന് മൂന്നു മണിയോടെയാണ് വാര്‍ത്താ സമ്മേളനം തുടങ്ങിയത്. മുംബൈയിലെ കനത്ത മഴ കാരണം ബിസിസിഐ പ്രതിനിധികളില്‍ പലരും വൈകിയാണ് ആസ്ഥാനത്തെത്തിയത്. ഇതാണ് വാര്‍ത്താസമ്മേളനം വൈകാന്‍ കാരണമായത്.
സഞ്ജു ടീമിലുണ്ടെങ്കിലും വിക്കറ്റ് കീപ്പറായി ജിതേഷ് ശര്‍മയുടെ പേരാണ് ചീഫ് സെലക്ടര്‍ അജിത് അഗാര്‍ക്കര്‍ ആദ്യം പ്രഖ്യാപിച്ചത്. സ്പിന്നര്‍മാരായി കുല്‍ദീപ് യാദവ്, വരുണ്‍ ചക്രവര്‍ത്തി എന്നിവര്‍ ടീമിലെത്തിയപ്പോള്‍ ഇംഗ്ലണ്ടില്‍ തിളങ്ങിയ വാഷിംഗ് ടണ്‍ സുന്ദറെ പരിഗണിച്ചില്ല. അര്‍ഷ് ദീപ് സിംഗിനും ജസ്പ്രീത ബുമ്രക്കുമൊപ്പം മൂന്നാം പേസറായി ഹര്‍ഷിത് റാണ ടീമിലെത്തിയപ്പോള്‍ പ്രസിദ്ധ് കൃഷ്ണ പുറത്തായി. പേസ് ഓള്‍ റൗണ്ടറായി ഹാര്‍ദ്ദിക് പാണ്ഡ്യയും ശിവം ദുബെയും സ്പിന്‍ ഓള്‍ റൗണ്ടറായി അക്‌സര്‍ പട്ടേലും ടീമിലുണ്ട്.
ഏഷ്യാ കപ്പിനുള്ള ഇന്ത്യന്‍ ടീം: ശുഭ് മന്‍ ഗില്‍ (വൈസ് ക്യാപ്റ്റന്‍), അഭിഷേക് ശര്‍മ, സഞ്ജു സാംസണ്‍ (വിക്കറ്റ് കീപ്പര്‍), തിലക് വര്‍മ, ഹാര്‍ദിക് പാണ്ഡ്യ, റിങ്കു സിങ്, ശിവം ദുബെ, ഹര്‍ഷിത് റാണ, അക്ഷര്‍ പട്ടേല്‍, ജിതേഷ് ശര്‍മ, ജസ്പ്രീത് ബുമ്ര, അര്‍ഷ്ദീപ് സിങ്, വരുണ്‍ ചക്രവര്‍ത്തി, കുല്‍ദീപ് യാദവ്.