ഓസ്ട്രേലിയന്‍ പര്യടനത്തിനുള്ള വനിതാ ഇന്ത്യ എ ക്രിക്കറ്റ് ടീമിനെ പ്രഖ്യാപിച്ചു; മിന്നു മണി ഏകദിന, ട്വന്റി 20 ടീമുകളുടെ വൈസ് ക്യാപ്റ്റന്‍

ജോഷിത ഏകദിന, ട്വന്റി 20 ടീമിലും സജന ട്വന്റി 20 ടീമിലും ഇടംപിടിച്ചു

മുംബൈ: ഓസ്ട്രേലിയന്‍ പര്യടനത്തിനുള്ള വനിതാ ഇന്ത്യ എ ക്രിക്കറ്റ് ടീമിനെ പ്രഖ്യാപിച്ചു. വയനാട്ടുകാരായ മിന്നു മണി, സജന സജീവന്‍, വി ജെ ജോഷിത എന്നിവര്‍ ടീമില്‍ ഇടം നേടി. ഏകദിന, ട്വന്റി 20 ടീമുകളുടെ വൈസ് ക്യാപ്റ്റനാണ് മിന്നു മണി. രാധാ യാദവാണ് ക്യാപ്റ്റന്‍. ജോഷിത ഏകദിന, ട്വന്റി 20 ടീമിലും സജന ട്വന്റി 20 ടീമിലും ഇടംപിടിച്ചു.

വെടിക്കെട്ട് ബാറ്റിംഗിന് പേരുകേട്ട ഷഫാലി വര്‍മ്മ, ഉമ ഛേത്രി, തിദാസ് സധു തുടങ്ങിയവരും ടീമിലുണ്ട്. ഓഗസ്റ്റ് ഏഴ് മുതല്‍ 24 വരെ നടക്കുന്ന പരമ്പരയില്‍ മൂന്ന് ട്വന്റി 20യും മൂന്ന് ഏകദിനവും ഒരു ചതുര്‍ദിന മത്സരവുമാണുള്ളത്. ബ്രിസ് ബെയ്നില്‍ നടക്കുന്ന ചതുര്‍ദിന മത്സരത്തില്‍ ഏകദിന ടീം തന്നെയാണ് കളിക്കുക.

സജനയും മിന്നു മണിയും ഇന്ത്യയുടെ സീനിയര്‍ ടീമില്‍ നിന്ന് തഴയപ്പെട്ടിരുന്നു. ഇംഗ്ലണ്ട് പര്യടനത്തിനുളള ഇന്ത്യന്‍ ടീമില്‍ ഇരുവരേയും ഉള്‍പ്പെടുത്തിയിട്ടില്ലായിരുന്നു. പിന്നാലെയാണ് എ ടീമില്‍ ഉള്‍പ്പെടുത്തുന്നത്. ഫോമിലേക്ക് തിരിച്ചെത്തി ഇന്ത്യന്‍ ടീമിലേക്ക് തിരിച്ചു കയറാനുള്ള അവസരം കൂടിയാണിത്. വനിതാ പ്രീമിയര്‍ ലീഗില്‍ റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരുവിന്റെ താരമായ ജോഷിത ആദ്യമായിട്ടാണ് ഇന്ത്യയുടെ എ ടീമിലെത്തുന്നത്. മലേഷ്യയില്‍ നടന്ന ഏഷ്യാകപ്പ് മത്സരത്തിനുള്ള അണ്ടര്‍ 19 ഇന്ത്യന്‍ ടീമിന് വേണ്ടിയും ജോഷിത കളിച്ചിരുന്നു.

അടിസ്ഥാന വിലയായ പത്ത് ലക്ഷം രൂപയ്ക്കാണ് ആര്‍സിബി ജോഷിതയെ ടീമിലെത്തിച്ചിരിക്കുന്നത്. വയനാട്, കല്‍പറ്റ സ്വദേശിയായ ജോഷിത കേരളാ ക്രിക്കറ്റ് അസോസിയേഷന്റെ കൃഷ്ണഗിരി ക്രിക്കറ്റ് അക്കാദമിയില്‍ നിന്നുള്ള പുത്തന്‍ താരോദയം കൂടിയാണ്. മിന്നുമണി, സജന സജീവന്‍, സി എം സി നജ് ല എന്നിവര്‍ക്ക് ശേഷം അക്കാദമിയില്‍ നിന്ന് ശ്രദ്ധേയമായ പ്രകടനം നടത്തിയ താരമാണ് ജോഷിത. കഴിഞ്ഞ ഏഴുവര്‍ഷമായി കൃഷ്ണഗിരി ക്രിക്കറ്റ് അക്കാദമിയില്‍ പരിശീലനം നടത്തിവരികയാണ്. അണ്ടര്‍ 19 തലത്തില്‍ കേരളത്തെ നയിച്ചിരുന്ന താരം ഡല്‍ഹി ക്യാപിറ്റല്‍സിലെ നെറ്റ് ബോളര്‍ കൂടിയായിരുന്നു. കല്പറ്റ മൈതാനി ഗ്രാമത്തുവയല്‍ ജോഷിയുടെയും ശ്രീജയുടെയും മകളാണ്.

ടി20 സ്‌ക്വാഡ്: രാധാ യാദവ് (സി), മിന്നു മണി (വൈസ് ക്യാപ്റ്റന്‍), ഷഫാലി വര്‍മ, വൃന്ദ ദിനേഷ്, സജന സജീവന്‍, ഉമാ ചേത്രി (വിക്കറ്റ് കീപ്പര്‍), രാഘ് വി ബിഷ്റ്റ്, ശ്രേയങ്ക പാട്ടീല്‍, പ്രേമ റാവത്ത്, നന്ദിനി കശ്യപ് (വിക്കറ്റ് കീപ്പര്‍), തനൂജ കന്‍വര്‍, ജോഷിത, ഷബ്നം ഷക്കീല്‍, സൈമ താക്കൂര്‍, തിദാസ് സധു

ഏകദിന, ചതുര്‍ദിന മത്സരങ്ങള്‍ക്കുള്ള സ്‌ക്വാഡ്: രാധ യാദവ് (ക്യാപ്റ്റന്‍), മിന്നു മണി (വൈസ് ക്യാപ്റ്റന്‍), ഷഫാലി വര്‍മ, തേജല്‍ ഹസബ്നിസ്, രാഘ് വി ബിഷ്റ്റ്, തനുശ്രീ സര്‍ക്കാര്‍, ഉമാ ചേത്രി (വിക്കറ്റ് കീപ്പര്‍), പ്രിയ മിശ്ര, തനൂജ കന്‍വര്‍, നന്ദിനി കശ്യപ് (വിക്കറ്റ് കീപ്പര്‍), ധാരാ ഗുജ്ജര്‍, ജോഷിത, ഷബ്നം ഷക്കീല്‍, സൈമ താക്കൂര്‍, തിദാസ് സധു.

Related Articles
Next Story
Share it