രണ്ടാം ഏകദിനം: ഓസ്ട്രേലിയയെ 2 വിക്കറ്റിന് തകര്‍ത്ത് പരമ്പര സ്വന്തമാക്കി ഇന്ത്യ എ വനിതാ ടീം

3 വിക്കറ്റുകള്‍ വീഴ്ത്തി മലയാളി താരം മിന്നുമണി

ബ്രിസ് ബെയ്ന്‍: ബ്രിസ് ബെയ് നിലെ ഇയാന്‍ ഹീലി ഓവലില്‍ നടന്ന ആവേശകരമായ രണ്ടാം ഏകദിന മത്സരത്തില്‍ ഓസ്ട്രേലിയ എ വനിതാ ടീമിനെ രണ്ട് വിക്കറ്റിന് പരാജയപ്പെടുത്തി പരമ്പര സ്വന്തമാക്കി ഇന്ത്യ എ വനിതാ ടീം. മൂന്ന് മത്സര പരമ്പര 2-0 ന് ആണ് ടീം സ്വന്തമാക്കിയത്. കഴിഞ്ഞ ടി20 പരമ്പരയില്‍ 3-0 ന് വൈറ്റ് വാഷ് ചെയ്ത രാധ യാദവിന്റെ ടീമിന് ഈ വിജയത്തിന് മാധുര്യം കൂടും.

ആദ്യം ബാറ്റ് ചെയ്ത ഓസ്‌ട്രേലിയ അലിസ ഹീലിയുടെ അര്‍ധ സെഞ്ചറിയുടെ (91-എട്ട് ഫോറുകളും മൂന്ന് സിക്‌സറുകളും) ബലത്തില്‍ 50 ഓവറില്‍ 9 വിക്കറ്റ് നഷ്ടത്തില്‍ 265 റണ്‍സ് നേടി. കിം ഗാര്‍ത്ത് (41 നോട്ടൗട്ട്), എല്ല ഹേവാര്‍ഡ് (28) എന്നിവരുടെ പിന്തുണയോടെയാണ് ഈ നേട്ടം. 10 ഓവറില്‍ 46 റണ്‍സ് വഴങ്ങി 3 വിക്കറ്റ് വീഴ്ത്തിയ മലയാളി താരം മിന്നു മണി തിളങ്ങുന്ന പ്രകടനമാണ് കാഴ്ചവച്ചത്.

ആദ്യ മത്സരത്തില്‍ മിന്നു മണി രണ്ടു വിക്കറ്റുകള്‍ വീഴ്ത്തിയിരുന്നു. റേച്ചല്‍ ട്രെനാമാന്‍, അനിക ലിയറോയിഡ് എന്നിവരുടെ പുറത്താക്കലുകള്‍ ഉള്‍പ്പെടെ മിന്നു മണിയുടെ മധ്യ ഓവറിലെ ഇരട്ട സ്ട്രൈക്ക് ഓസ്ട്രേലിയയുടെ റണ്‍സിന്റെ വേഗത നിയന്ത്രിക്കുന്നതില്‍ നിര്‍ണായകമായിരുന്നു.

മറുപടി ബാറ്റിങ്ങില്‍ യാത്സിക ഭാട്യ (66), രാധ യാദവ് (60), തനുജ കന്‍വാര്‍ (50) എന്നിവരുടെ അര്‍ധ സെഞ്ച്വറി കരുത്തില്‍ 49.5 ഓവറില്‍ 8 വിക്കറ്റ് നഷ്ടത്തില്‍ ഇന്ത്യന്‍ വനിതകള്‍ ലക്ഷ്യം കണ്ടു. ഇതോടെ 3 മത്സര പരമ്പര ഇന്ത്യ 2-0ന് സ്വന്തമാക്കി. ഷഫാലി വര്‍മ്മയും ധാര ഗുജ്ജറും നേരത്തെ തന്നെ പുറത്തായി.

ഭാട്ടിയയുടേയും ക്യാപ്റ്റന്‍ രാധ യാദവിന്റേയും നിര്‍ണായക കൂട്ടുകെട്ടാണ് ഇന്ത്യയുടെ വിജയം സാധ്യമാക്കിയത്. ഭാട്ടിയ പുറത്തായതോടെ ഇന്ത്യ എ പതറിയെങ്കിലും തനുജ കന്‍വറിന്റെ വരവോടെ വീണ്ടും പ്രതീക്ഷ ഉയര്‍ന്നു. 57 പന്തില്‍ നിന്ന് 50 റണ്‍സ് ആണ് താരം നേടിയത്. പ്രേമ റാവത്ത് (33 പന്തില്‍ 32 നോട്ടൗട്ട്) കന്‍വറിന് പിന്തുണ നല്‍കി. ഇതോടെ കളി ഇന്ത്യന്‍ ടീമിന് അനുകൂലമായി മാറി.

അവസാന ഓവറില്‍ അഞ്ച് റണ്‍സ് ആവശ്യമായിരുന്നപ്പോള്‍, റാവത്ത് ഒരു ബൗണ്ടറി നേടി സ്‌കോര്‍ സമനിലയിലാക്കി, ഒരു പന്ത് മാത്രം ബാക്കി നില്‍ക്കെ സിംഗിള്‍ റണ്‍സ് നേടി ടീമിനെ വിജയത്തിലെത്തിച്ചു. ഇതോടെ ഇന്ത്യന്‍ ക്യാമ്പില്‍ ആഘോഷങ്ങള്‍ തുടങ്ങി. തന്ത്രപരമായും വ്യക്തിഗത പ്രകടനത്തിലും രാധയുടെ ക്യാപ്റ്റന്‍സി പരമ്പരയിലുടനീളം തിളങ്ങി.

Related Articles
Next Story
Share it