ഇന്ത്യ-ഇംഗ്ലണ്ട് ലീഡ്സ് ടെസ്റ്റ് അവസാന മത്സരത്തിന് മഴ ഭീഷണി; മത്സരം ഉപേക്ഷിക്കുമോ? ആകാംക്ഷയോടെ ക്രിക്കറ്റ് പ്രേമികള്‍

84 ശതമാനം മഴ ഉണ്ടാകുമെന്നാണ് പ്രവചനം

ലണ്ടന്‍: ഇന്ത്യ-ഇംഗ്ലണ്ട് ലീഡ്സ് ടെസ്റ്റ് ആവേശകരമായ അന്ത്യത്തിലേക്ക് അടുക്കുന്നതിനിടെ മഴ ഭീഷണി. അവസാന ദിവസം ഇംഗ്ലണ്ടിന് ജയിക്കാന്‍ 350 റണ്‍സ് ആണ് വേണ്ടത്. നാലാം ദിനം കളി നിര്‍ത്തുമ്പോള്‍ വിക്കറ്റൊന്നും നഷ്ടപ്പെടാതെ ഇംഗ്ലണ്ട് 21 റണ്‍സെടുത്തിരുന്നു.

എന്നാല്‍ ഇന്ന് ലീഡ്സില്‍ മഴ ഭീഷണി നിലനില്‍ക്കുന്നതിനാല്‍ ക്രിക്കറ്റ് പ്രേമികളെല്ലാം നിരാശയിലാണ്. 84 ശതമാനം മഴ ഉണ്ടാകുമെന്നാണ് പ്രവചനം.അന്തരീക്ഷം മേഘാവൃതമായിരിക്കും. അതുകൊണ്ടുതന്നെ മത്സരം പൂര്‍ണമായും ഉപേക്ഷിക്കാനാണ് സാധ്യത. ഹെഡിംഗ്ലിയില്‍ മണിക്കൂറില്‍ 55 കിലോമീറ്റര്‍ വേഗതയില്‍ വരെ കാറ്റ് വീശാന്‍ സാധ്യതയുണ്ടെന്നും പ്രവചനമുണ്ട്. കഴിഞ്ഞ നാല് ദിവസമായി ലീഡ്സിലെ പിച്ചില്‍ പേസര്‍മാര്‍ മികച്ച പ്രകടനം പുറത്തെടുക്കുന്നുണ്ട്. സ്പിന്നര്‍മാര്‍ക്ക് മുതലെടുക്കാന്‍ സാധ്യതയുള്ള ചില മോശം അവസ്ഥകളും പിച്ചിലുണ്ട്.

രാവിലെ മത്സരത്തിന് മുമ്പ് തന്നെ മഴയെത്തിയേക്കുമെന്നാണ് പ്രവചിച്ചിരുന്നത്. മത്സരം തുടങ്ങാന്‍ തീരുമാനിച്ചാലും വൈകിയാണ് ആരംഭിക്കുക. മഴ മാറിയാലും മേഘാവൃതമായിരിക്കും. പ്രാദേശിക സമയം ഉച്ചയ്ക്ക് 2 മണിയോടെ വീണ്ടും മഴയെത്തിയേക്കും. ഇങ്ങനെ വന്നാല്‍ രണ്ടാം സെഷന്‍ പൂര്‍ണമായും മഴയെടുത്തേക്കും.

രണ്ട് ടീമുകളും മികച്ച ഫോം പുറത്തെടുക്കുമെന്ന് നേരത്തെ അറിയിച്ചിരുന്നു. ഏത് വിധേനയും വിജയിക്കുക എന്നതാണ് ഇരുടീമുകളുടേയും ലക്ഷ്യം. ജസ്പ്രീത് ബുംറയുടെ പ്രകടനത്തെ ആശ്രയിച്ചായിരിക്കും ഇന്ത്യയുടെ ഭാവി തീരുമാനിക്കുക. 5 മത്സരങ്ങളുള്ള ടെസ്റ്റ് പരമ്പരയില്‍ ഇന്ത്യ മികച്ച തുടക്കം കുറിക്കുമെന്ന് തന്നെയാണ് ക്രിക്കറ്റ് പ്രേമികളുടെ വിലയിരുത്തല്‍.

ശുഭ് മാന്‍ ഗില്‍ നായകസ്ഥാനം ഏറ്റെടുത്തശേഷമുള്ള ആദ്യ മത്സരമാണ് ഇത്. അതുകൊണ്ടുള്ള ഏത് വിധേനയും ജയിക്കുക എന്നതായിരിക്കും ഗില്ലിന്റെ ലക്ഷ്യം. രോഹിത് ശര്‍മയും വിരാട് കോലിയും വിരമിച്ചതിന് പിന്നാലെയാണ് ഗില്ലിനെ ക്യാപ്റ്റനായി നിയമിച്ചത്. ഇതിനെതിരെ എതിര്‍പ്പുകള്‍ ഉയര്‍ന്നിരുന്നു.

ഇംഗ്ലണ്ടിന് വേണ്ടി സാക് ക്രൗളി (12), ബെന്‍ ഡക്കറ്റ് (9) എന്നിവരാണ് ക്രീസിലുള്ളത്. നേരത്തെ, ഇന്ത്യയുടെ രണ്ടാം ഇന്നിംഗ്‌സ് 364 റണ്‍സിന് അവസാനിച്ചു. കെ എല്‍ രാഹുല്‍ (137), റിഷഭ് പന്ത് (118) എന്നിവരുടെ സെഞ്ചുറികളാണ് ഇന്ത്യയെ ഭേദപ്പെട്ട സ്‌കോറിലേക്ക് നയിച്ചത്.

ബ്രൈഡണ്‍ കാര്‍സെ, ജോഷ് ടംഗ് എന്നിവര്‍ മൂന്ന് വിക്കറ്റ് വീതം വീഴ്ത്തി. ടെസ്റ്റിന്റെ രണ്ട് ഇന്നിംഗ്‌സിലും പന്ത് സെഞ്ചുറി നേടിയിരുന്നു. മലയാളി താരം കരുണ്‍ നായര്‍ (20) തുടര്‍ച്ചയായ രണ്ടാം ഇന്നിംഗ്‌സിലും നിരാശപ്പെടുത്തി. ഇന്ത്യ ആറ് റണ്‍സിന്റെ ഒന്നാം ഇന്നിംഗ്സ് ലീഡാണ് നേടിയത്.

ഇന്ത്യയുടെ ഒന്നാം ഇന്നിംഗ്‌സില്‍ 471 നെതിരെ ഇംഗ്ലണ്ട് 465ന് എല്ലാവരും പുറത്തായി. ജസ്പ്രിത് ബുമ്ര ഇന്ത്യക്ക് വേണ്ടി അഞ്ച് വിക്കറ്റെടുത്തു. ഒല്ലി പോപ്പ് (106), ഹാരി ബ്രൂക്ക് (99) എന്നിവരുടെ ഇന്നിംഗ്സുകളാണ് ഇംഗ്ലണ്ടിന് തുണയായത്. നേരത്തെ ശുഭ്മാന്‍ ഗില്‍ (147), റിഷഭ് പന്ത് (134), യശസ്വി ജയ്സ്വാള്‍ (101) എന്നിവരുടെ ഇന്നിംഗ്സുകളാണ് ഇന്ത്യക്ക് ഒന്നാം ഇന്നിംഗ്‌സില്‍ മികച്ച സ്‌കോര്‍ സമ്മാനിച്ചിരുന്നത്.

Related Articles
Next Story
Share it