ഏഷ്യാ കപ്പ്: മാച്ച് റഫറിയെ പുറത്താക്കണമെന്ന പാകിസ്ഥാന്റെ ആവശ്യം തള്ളി ഐസിസി
ഇതോടെ മാച്ച് റഫറിയെ മാറ്റിയില്ലെങ്കില്‍ ടൂര്‍ണമെന്റ് ബഹിഷ്‌കരിക്കുമെന്ന് ഭീഷണി ഉയര്‍ത്തിയ പാകിസ്ഥാന്‍ വെട്ടിലായി

ഏഷ്യാ കപ്പില്‍ ശേഷിക്കുന്ന മത്സരങ്ങളില്‍ നിന്ന് മാച്ച് റഫറി ആന്‍ഡി പൈക്രോഫ്റ്റിനെ നീക്കം ചെയ്യണമെന്ന പാകിസ്ഥാന്റെ ആവശ്യം തള്ളി അന്താരാഷ്ട്ര ക്രിക്കറ്റ് കൗണ്‍സില്‍(ഐസിസി). ഇക്കാര്യം പാക് ക്രിക്കറ്റ് ബോര്‍ഡിനെ ഐസിസി ഔദ്യോഗികമായി അറിയിച്ചിട്ടുണ്ട്. ഇതോടെ മാച്ച് റഫറിയെ മാറ്റിയില്ലെങ്കില്‍ ടൂര്‍ണമെന്റ് ബഹിഷ്‌കരിക്കുമെന്ന് ഭീഷണി ഉയര്‍ത്തിയ പാകിസ്ഥാന്‍ വെട്ടിലായി.
ഇന്ത്യക്കെതിരായ മത്സരത്തിന് മുമ്പ് ടോസിനുശേഷം ഇന്ത്യന്‍ ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവുമായി ഹസ്തദാനത്തിന് മുതിരരുതെന്ന് മാച്ച് റഫറി പാക് ക്യാപ്റ്റനോട് നിര്‍ദേശിച്ചുവെന്നും മാച്ച് റഫറിയുടെ നടപടി പക്ഷപാതപരമാണെന്നുമായിരുന്നു പാക് ക്രിക്കറ്റ് ബോര്‍ഡ് ഐസിസിക്ക് നല്‍കിയ പരാതി. എന്നാല്‍ ടോസിനുശേഷം പാക് ക്യാപ്റ്റന്‍ സല്‍മാന്‍ ആഘ ഹസ്തദാനത്തിന് ശ്രമിക്കുകയും സൂര്യകുമാര്‍ യാദവ് അത് നിഷേധിക്കുകയും ചെയ്താല്‍ അത് പാക് നായകന് വലിയ നാണക്കേട് ആകുമെന്ന സദുദ്ദേശത്തോടെയുള്ള മുന്നറിയിപ്പാണ് മാച്ച് റഫറി നല്‍കിയതെന്നും അതില്‍ പക്ഷപാതമില്ലെന്നും ഐസിസി പാക് ക്രിക്കറ്റ് ബോര്‍ഡിന് നല്‍കിയ മറുപടിയില്‍ വ്യക്തമാക്കി.
ഇതോടെ മാച്ച് റഫറിയെ മാറ്റിയില്ലെങ്കില്‍ ഏഷ്യാ കപ്പ് ബഹിഷ്‌കരിക്കുമെന്ന് ഭീഷണി ഉയര്‍ത്തിയ പാകിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ് എന്ത് നിലപാടെടുക്കും എന്നതാണ് ഇനി അറിയേണ്ടത്. ഏഷ്യാ കപ്പില്‍ നാളെ നടക്കുന്ന പാകിസ്ഥാന്‍ -യുഎഇ മത്സരത്തിലും ആന്‍ഡി പൈക്രൊഫ്റ്റ് തന്നെയാണ് മാച്ച് റഫറി. ഈ മത്സരം ജയിച്ചില്ലെങ്കില്‍ പാകിസ്ഥാന്‍ സപ്പര്‍ ഫോറിലെത്താതെ പുറത്താവാന്‍ സാധ്യതയുണ്ട്.
ഇന്ത്യ-പാക് മത്സരത്തിലെ ടോസിനുശേഷം സാധാരണഗതിയില്‍ ക്യാപ്റ്റന്‍മാര്‍ നടത്താറുള്ള പതിവ് ഹസ്തദാനം സൂര്യയും സല്‍മാന്‍ ആഘയും ഒഴിവാക്കിയിരുന്നു. മത്സരം പൂര്‍ത്തിയായശേഷവും ഇന്ത്യന്‍ താരങ്ങളാരും ഗ്രൗണ്ടിലേക്കിറങ്ങി പാക് താരങ്ങളുമായി പതിവ് ഹസ്തദാനത്തിന് മുതിര്‍ന്നിരുന്നില്ല. ഹസ്തദാനത്തിനായി കുറച്ചു നേരം ഗ്രൗണ്ടില്‍ കാത്തു നിന്ന പാക് താരങ്ങള്‍ പിന്നീട് ഇന്ത്യന്‍ ഡ്രസ്സിംഗ് റൂമിന് അടുത്തെത്തിയെങ്കിലും ഡ്രസ്സിംഗ് റൂമിന്റെ വാതിലുകള്‍ അടച്ചിരുന്നു.
സംഭവത്തിന് പിന്നാലെ ഇന്ത്യന്‍ കളിക്കാരുടെയും മാച്ച് റഫറി പൈക്രോഫ്റ്റിന്റെയും പേരില്‍ പാകിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ് ഔദ്യോഗിക പ്രതിഷേധം രേഖപ്പെടുത്തിയിരുന്നു. എതിര്‍ ടീമുമായി ഹസ്തദാനം നടത്താന്‍ വിസമ്മതിച്ചതോടെ ഇന്ത്യന്‍ കളിക്കാര്‍ പെരുമാറ്റച്ചട്ടം ലംഘിച്ചുവെന്നും അവര്‍ ആരോപിച്ചിരുന്നു. അതിന് പിന്നാലെയാണ് പാക് ടീം മാച്ച് റഫറിയെ മാറ്റണമെന്ന് ആവശ്യപ്പെട്ട് പരാതി നല്‍കിയത്. ഇന്ത്യന്‍ താരങ്ങള്‍ ഹസ്തദാനം നടത്താത്തതിനെ അനുകൂലിച്ചും പ്രതികൂലിച്ചും ഇപ്പോഴും സമൂഹ മാധ്യമങ്ങളില്‍ ചര്‍ച്ച മുറുകുകയാണ്.
ഏഷ്യാ കപ്പില്‍ ഇന്ത്യയോട് ഏഴ് വിക്കറ്റിന് പരാജയപ്പെട്ടതിന് പിന്നാലെ പിസിബി അന്താരാഷ്ട്ര ക്രിക്കറ്റ് ഓപ്പറേഷന്‍സ് ഡയറക്ടര്‍ ഉസ്മാന്‍ വഹ്ലയെ സസ്പെന്‍ഡ് ചെയ്തതായും ദുബായില്‍ നിന്നുള്ള റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. ഹസ്തദാനം വിവാദത്തില്‍ 'സമയബന്ധിതമായി നടപടിയെടുക്കുന്നതില്‍ പരാജയപ്പെട്ടതിന്' മൊഹ്സിന്‍ നഖ്വിയുടെ നേതൃത്വത്തിലുള്ള ബോര്‍ഡ് വഹ്ലയ്ക്കെതിരെ അച്ചടക്ക നടപടി സ്വീകരിച്ചു എന്നാണ് പാകിസ്ഥാനിലെ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്.
'ഇന്നത്തെ കായികക്ഷമതയുടെ അഭാവം കാണുന്നത് തികച്ചും നിരാശാജനകമാണ്. കളിയിലേക്ക് രാഷ്ട്രീയം വലിച്ചിഴയ്ക്കുന്നത് കായികരംഗത്തിന് തന്നെ എതിരാണ്. ഭാവി വിജയങ്ങള്‍ എല്ലാ ടീമുകളും മാന്യമായി ആഘോഷിക്കുമെന്ന് നമുക്ക് പ്രതീക്ഷിക്കാം,' - എന്നാണ് സംഭവത്തിന് പിന്നാലെ പിസിബി മേധാവി മൊഹ്സിന്‍ നഖ്വി എക്സില്‍ കുറിച്ചത്.
കാര്യങ്ങള്‍ ഇങ്ങനെയാണ് പോകുന്നതെങ്കില്‍, സെപ്റ്റംബര്‍ 17 ബുധനാഴ്ച യുഎഇക്കെതിരായ മത്സരത്തിന് മുന്നില്‍ പാകിസ്ഥാന് രണ്ട് വഴികള്‍ തിരഞ്ഞെടുക്കാം. ഒന്നുകില്‍ അവരുടെ അഭിമാനം വെടിഞ്ഞ് ടൂര്‍ണമെന്റില്‍ സജീവമായി തുടരാം, അല്ലെങ്കില്‍ ഇന്ത്യ-പാകിസ്ഥാന്‍ സംഘര്‍ഷത്തിനിടയില്‍ നിലപാടില്‍ ഉറച്ചുനിന്നുകൊണ്ട് മത്സരത്തില്‍ നിന്നും പിന്‍വാങ്ങാം.