'മികച്ച ഫുട്‌ബോളര്‍ ഞാന്‍ തന്നെ' - ക്രിസ്റ്റിയാനോ റൊണാള്‍ഡോ

റിയാദ്: ഫുട് ബോള്‍ പ്രേമികളുടെ ഇഷ്ടതാരങ്ങളില്‍ ഒരാളാണ് പോര്‍ച്ചുഗല്‍ സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ. ഇപ്പോള്‍ സോഷ്യല്‍ മീഡിയകളിലെ പ്രധാന ചര്‍ച്ചാവിഷയം നാൽപ്പതാം പിറന്നാൾ ആഘോഷത്തിനിടെ സൂപ്പര്‍താരം തന്നെ കുറിച്ച് പറഞ്ഞ വാക്കുകളാണ്. ഒരു അഭിമുഖത്തിനിടെയാണ് താരം കളിക്കാരന്‍ എന്ന നിലയിലുള്ള തന്റെ സ്ഥാനത്തെ കുറിച്ചുള്ള അഭിപ്രായം തുറന്നുപറഞ്ഞത്.
ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച ഫുട് ബോളര്‍ താനാണെന്നാണ് ഒരു സ്പാനിഷ് മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ റൊണാള്‍ഡോ പറഞ്ഞത്. 'നിങ്ങള്‍ക്ക് പെലെ, മെസ്സി, മറഡോണ തുടങ്ങി ആരെ വേണമെങ്കിലും തിരഞ്ഞെടുക്കാം. എനിക്ക് അത് മനസ്സിലാകും. പക്ഷേ എക്കാലത്തെയും സമ്പൂര്‍ണനായ കളിക്കാരന്‍ ഞാന്‍ തന്നെയാണ്. അതല്ല എന്ന് പറയുന്നത് തന്നെ നുണയാണ്.
എത്ര ഗോളുകള്‍ നേടുന്നു എന്നത് ഇനി തനിക്ക് വിഷയമല്ല. '920-925 ഗോളുകളാണ് ഞാന്‍ നേടുന്നതെന്ന് ഇരിക്കട്ടെ, ഇനി അതൊന്നും എന്നെ ബാധിക്കില്ല. ചരിത്രത്തിലെ ഏറ്റവും മികച്ച താരം ഞാനാണ്. 1,000 ഗോള്‍ നേടിയാല്‍ അതു വലിയ കാര്യം. നേടിയില്ലെങ്കിലും കുഴപ്പമില്ല. പക്ഷേ എന്റെ കാര്യത്തില്‍ ഈ കണക്കുകള്‍ നുണ പറയില്ലല്ലോ- എന്നും റൊണാള്‍ഡോ വ്യക്തമാക്കി.
സൗദി പ്രോ ലീഗില്‍ അല്‍ നസ് ര്‍ ക്ലബ്ബിന് വേണ്ടി കളിക്കുന്ന റൊണാള്‍ഡോ തിങ്കളാഴ്ച നടന്ന എ എഫ് സി ചാംപ്യന്‍സ് ലീഗിലെ അല്‍ വസിലിനെതിരായ പോരാട്ടത്തില്‍ ഇരട്ട ഗോളുകള്‍ സ്വന്തമാക്കിയിരുന്നു. ഇതോടെ റൊണാള്‍ഡോയുടെ ഗോളുകളുടെ എണ്ണം 923 ആയിരുന്നു. മെസ്സിയാണോ, റൊണാള്‍ഡോയാണോ മികച്ചവന്‍ എന്ന തര്‍ക്കം ഫുട് ബോള്‍ ലോകത്ത് കാലങ്ങളായുണ്ട്. അതിന് മറുപടി നല്‍കുക കൂടിയാണ് അഭിമുഖത്തിലൂടെ താരം ചെയ്തിരിക്കുന്നത്.
അര്‍ജന്റീനയ്ക്ക് വേണ്ടി മെസ്സി ലോകകപ്പ് വിജയിച്ചപ്പോള്‍, ലോകകപ്പില്‍ ക്വാര്‍ട്ടര്‍ ഫൈനല്‍ കടക്കാന്‍ റൊണാള്‍ഡോയ്ക്കും പോര്‍ച്ചുഗലിനും ഇതുവരെ സാധിച്ചിട്ടില്ല. മെസ്സി എട്ട് ബലോന്‍ ദ് ഓര്‍ പുരസ്‌കാരങ്ങള്‍ വിജയിച്ചപ്പോള്‍, അഞ്ചെണ്ണമാണ് റൊണാള്‍ഡോ സ്വന്തമാക്കിയത്. ബുധനാഴ്ച 40-ാം പിറന്നാള്‍ ആഘോഷിക്കുകയാണ് പോര്‍ച്ചുഗലിന്റെ ഈ സൂപ്പര്‍താരം.