സഞ്ജു ഈഗോ മാറ്റണം; ബാറ്റിംഗില്‍ തിരുത്തല്‍ വരുത്തണം; കൃഷ്ണമാചാരി ശ്രീകാന്ത്

ചെന്നൈ: മലയാളി താരം സഞ്ജു സാംസണിന് മുന്നറിയിപ്പുമായി മുന്‍ ഇന്ത്യന്‍ താരവും ചീഫ് സിലക്ടറുമായിരുന്ന കൃഷ്ണമാചാരി ശ്രീകാന്ത്. തന്റെ യുട്യൂബ് വിഡിയോയിലൂടെയാണ് ശ്രീകാന്തിന്റെ മുന്നറിയിപ്പ്. ട്വന്റി-20 ക്രിക്കറ്റില്‍ തുടര്‍ച്ചയായി ഷോര്‍ട്ട് ബോളുകളില്‍ നേരിട്ട് സഞ്ജു പുറത്താകാന്‍ കാരണം അദ്ദേഹത്തിന്റെ ഈഗോയാണെന്നും ഇതേ രീതിയിലാണ് കളിക്കുന്നതെങ്കില്‍ വൈകാതെ തന്നെ സഞ്ജുവിന്റെ സ്ഥാനം യുവതാരം യശസ്വി ജയ്സ്വാള്‍ സ്വന്തമാക്കുമെന്നും ശ്രീകാന്ത് പറയുന്നു.

ഇംഗ്ലണ്ടിനെതിരായ പരമ്പരയില്‍ എല്ലാ മത്സരങ്ങളിലും പേസര്‍മാരുടെ ഷോര്‍ട്ട് ബോളുകളിലാണ് സഞ്ജു ചെറിയ സ്‌കോറിന് പുറത്തായത്. ഇതോടെയാണ് ശ്രീകാന്തിന്റെ വിമര്‍ശനം. പരമ്പരയില്‍ അവസാന മത്സരത്തില്‍ ബാറ്റിങ്ങിനിടെ ജോഫ്ര ആര്‍ച്ചറുടെ പന്ത് കയ്യില്‍ തട്ടി വിരലിന് പരുക്കേറ്റ സഞ്ജുവിന് ആറാഴ്ചത്തെ വിശ്രമം ആണ് നിര്‍ദേശിച്ചിരിക്കുന്നത്.

ശ്രീകാന്തിന്റെ വാക്കുകള്‍:

'എത്ര ഷോര്‍ട്ട് ബോളുകള്‍ എറിഞ്ഞാലും അതെല്ലാം അടിക്കുമെന്ന ഈഗോയാണ് സഞ്ജുവിന്. അതുകാരണം അദ്ദേഹം എല്ലാ കളികളിലും ഒരേ രീതിയില്‍ പുറത്തായി. ക്രിക്കറ്റ് അറിയാത്തവര്‍ പോലും ഇതു കണ്ടാല്‍ ചോദ്യം ചെയ്യും. ചാംപ്യന്‍സ് ട്രോഫിയില്‍ സഞ്ജുവിനെ എന്തുകൊണ്ടാണ് കളിപ്പിക്കാത്തത് എന്ന് നമ്മള്‍ ചര്‍ച്ച ചെയ്യുമ്പോഴാണ് അദ്ദേഹം ഈ രീതിയില്‍ പുറത്താകുന്നത്.'

സൂര്യകുമാര്‍ യാദവും ഇതേ അവസ്ഥയിലാണ്. ഫ്‌ളിക് ചെയ്യാന്‍ ശ്രമിച്ച് സ്ഥിരമായി പുറത്താകുന്നു. രണ്ടു താരങ്ങളും ബാറ്റിങ്ങില്‍ തിരുത്തലുകള്‍ വരുത്താന്‍ തയാറാകണം. ഐപിഎല്ലില്‍ സൂര്യയ്ക്ക് സ്ഥിരമായി ഇത്തരം ഷോട്ടുകള്‍ കളിക്കാന്‍ സാധിക്കും. കാരണം അവിടെ ഇത്രയും വേഗത്തില്‍ പന്തെറിയുന്നവര്‍ ഇല്ല. പരമ്പര ജയിച്ചതിനാലാണ് സൂര്യയ്ക്കെതിരെ വലിയ വിമര്‍ശനമില്ലാത്തത്. തോറ്റിരുന്നെങ്കില്‍ അതാകുമായിരുന്നില്ല സ്ഥിതി

Online Desk
Online Desk - Sub Editor  
Related Articles
Next Story
Share it