ചെന്നൈ സൂപ്പര്‍ കിംഗ്‌സിനെതിരായ ആദ്യ ഐപിഎല്‍ മത്സരത്തില്‍ മുംബൈ ഇന്ത്യന്‍സിനെ സൂര്യകുമാര്‍ യാദവ് നയിക്കും; സ്ഥിരീകരിച്ച് ഹാര്‍ദിക് പാണ്ഡ്യ

2025 ലെ ചെന്നൈ സൂപ്പര്‍ കിംഗ്‌സിനെതിരായ ആദ്യ ഐപിഎല്‍ മത്സരത്തില്‍ മുംബൈ ഇന്ത്യന്‍സിനെ സൂര്യകുമാര്‍ യാദവ് നയിക്കുമെന്ന് സ്ഥിരീകരിച്ച് മുന്‍ നായകന്‍ ഹാര്‍ദിക് പാണ്ഡ്യ. കഴിഞ്ഞ ഐപിഎല്ലില്‍ കുറഞ്ഞ ഓവര്‍ നിരക്കിന്റെ പേരില്‍ ഹാര്‍ദിക്കിന് ഏര്‍പ്പെടുത്തിയ ഒരു മത്സര വിലക്കാണ് ചെന്നൈ സൂപ്പര്‍ കിംഗ്‌സിനെതിരായ ആദ്യ മത്സരത്തില്‍ നായകന്‍ പുറത്താവാന്‍ കാരണമായത്.
ഇതോടെ ആദ്യ മത്സരത്തില്‍ ആരാകും മുംബൈയെ നയിക്കുക എന്ന ചോദ്യത്തിന് ഹാര്‍ദിക് തന്നെ ഉത്തരം നല്‍കി. ഇന്ത്യയുടെ ടി20 ടീം നായകന്‍ കൂടിയായ സൂര്യകുമാര്‍ യാദവായിരിക്കും ആദ്യ മത്സരത്തില്‍ മുംബൈയെ നയിക്കുകയെന്ന് ഹാര്‍ദ്ദിക് പറഞ്ഞു. ഞായറാഴ്ചയാണ് ചെന്നൈയിലെ എം എ ചിദംബരം സ്റ്റേഡിയത്തില്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സിനെതിരായ മുംബൈ ഇന്ത്യന്‍സിന്റൈ ആദ്യ മത്സരം. രണ്ട് ടീമിന്റേയും ആദ്യ മത്സരമാണ് ഇത്.
2024 ഐപിഎല്ലില്‍ മൂന്ന് മത്സരങ്ങളില്‍ കുറഞ്ഞ ഓവര്‍ നിരക്കിന് ശിക്ഷിക്കപ്പെട്ടതിനെത്തുടര്‍ന്നാണ് ഐപിഎല്‍ അച്ചടക്ക സമിതി ഹാര്‍ദിക്കിന് 30 ലക്ഷം രൂപ പിഴ ചമുത്തുകയും ഒരു മത്സരത്തില്‍ നിന്ന് വിലക്കുകയും ചെയ്തത്. ഇത് ടീമിന് വലിയ തിരിച്ചടിയാകും.
ഒരു ടീമിനെ നയിക്കുന്നത് സൂര്യകുമാര്‍ യാദവിന് പുതുമയുള്ള കാര്യമല്ലെന്ന് ഹാര്‍ദിക് പറഞ്ഞു. മുന്‍കാലങ്ങളില്‍ അദ്ദേഹം ദേശീയ ടീമിനെ നയിച്ചിട്ടുണ്ട്, മികച്ച പ്രകടനം കാഴ്ചവയ്ക്കാന്‍ അദ്ദേഹത്തിന് കഴിവുണ്ട്. 2024 ലെ മറക്കാനാവാത്ത സീസണിന് ശേഷം ഈ വര്‍ഷം മുംബൈ ടീമുമായി വരാന്‍ ആഗ്രഹിക്കുന്നു. മത്സരത്തിനായി ഫീല്‍ഡ് ചെയ്യുന്ന ഇലവനെ കാണുന്നത് രസകരമായിരിക്കും എന്നും ഹാര്‍ദിക് പറഞ്ഞു.
കഴിഞ്ഞ സീസണ്‍ വെല്ലുവിളികള്‍ നിറഞ്ഞതായിരുന്നെങ്കിലും ഇത്തവണ ഐപിഎല്‍ മെഗാ താരലേലത്തില്‍ ടീം ഉടച്ചുവാര്‍ത്ത് എത്തുന്നതിനാല്‍ പുതിയ പ്രതീക്ഷകളോടെയാണ് ഗ്രൗണ്ടിലിറങ്ങുന്നതെന്നും ഹാര്‍ദ്ദിക് പറഞ്ഞു.
'എനിക്ക് മൂന്ന് ക്യാപ്റ്റന്മാരുണ്ടെന്നത് ഭാഗ്യം'
'സൂര്യകുമാര്‍ യാദവാണ് ഇന്ത്യയുടെ ടി20 ക്യാപ്റ്റന്‍. അതിനാല്‍, സി എസ് കെയ്ക്കെതിരായ ആദ്യ മത്സരത്തില്‍ എന്റെ അഭാവത്തില്‍ മുംബൈ ടീമിനെ നയിക്കാന്‍ അദ്ദേഹം ഏറ്റവും അനുയോജ്യനാണ്' എന്ന് വാര്‍ത്താസമ്മേളനത്തില്‍ ഹാര്‍ദിക് പറഞ്ഞു.
'രോഹിത്, സൂര്യ, ബുംറ എന്നീ മൂന്ന് ക്യാപ്റ്റന്‍മാര്‍ എന്നോടൊപ്പം കളിക്കുന്നത് എന്റെ ഭാഗ്യമാണ്. അവര്‍ എപ്പോഴും എന്റെ തോളില്‍ ഒരു കൈ വയ്ക്കുകയും എനിക്ക് എന്തെങ്കിലും സഹായം ആവശ്യമുള്ളപ്പോള്‍ അവിടെ ഉണ്ടായിരിക്കുകയും ചെയ്യും,' എന്നും പാണ്ഡ്യ കൂട്ടിച്ചേര്‍ത്തു.
'ട്രെന്റ് ബോള്‍ട്ടിനെ ടീമിലെത്തിക്കുന്നത് ഞങ്ങള്‍ക്ക് വളരെ പ്രധാനമായിരുന്നു. ദീപക് ചാഹറിനേയും. ഞങ്ങള്‍ക്ക് പരിചയസമ്പന്നരായ ഒരു ബൗളിംഗ് നിരയായിരുന്നു വേണ്ടത്, അതിനാല്‍ സമ്മര്‍ദം വരുമ്പോള്‍ ഞങ്ങള്‍ക്ക് മുമ്പ് അത് അനുഭവിച്ച കളിക്കാരുണ്ട്,' എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഹാര്‍ദിക്കിനെ 16.35 കോടി രൂപയ്ക്കാണ് ഇത്തവണ മുംബൈ നിലനിര്‍ത്തിയത്. ഹാര്‍ദിക്കിന് കീഴില്‍ 2024 ലെ ഐപിഎലില്‍ കളിച്ച 14 മത്സരങ്ങളില്‍ മുംബൈക്ക് നാലെണ്ണത്തില്‍ മാത്രമേ വിജയിക്കാന്‍ കഴിഞ്ഞുള്ളൂ, 8 പോയിന്റുകള്‍ നേടി, ഒടുവില്‍ 10ാം സ്ഥാനത്ത് ഫിനിഷ് ചെയ്തു.
We only believe in our 𝗕𝗢𝗦𝗦 🙇♂💙#MumbaiIndians #PlayLikeMumbai pic.twitter.com/tBG6IdKsHE
— Mumbai Indians (@mipaltan) March 18, 2025