മുന്‍നിര ബാറ്റര്‍മാര്‍ കുറച്ചുകൂടി വിവേകം കാട്ടിയിരുന്നെങ്കില്‍ ലോഡ്‌സ് ടെസ്റ്റില്‍ ഇന്ത്യയ്ക്ക് വിജയം നേടാനാകുമായിരുന്നുവെന്ന് ശാസ്ത്രി

പരാജയത്തിന് വഴിതുറന്നത് ഒന്നാം ഇന്നിങ്സില്‍ ഋഷഭ് പന്തിന്റെയും രണ്ടാം ഇന്നിങ് സില്‍ കരുണ്‍ നായരുടെയും പുറത്താകലുകള്‍

ലണ്ടന്‍: മുന്‍നിര ബാറ്റര്‍മാര്‍ കുറച്ചുകൂടി വിവേകം കാട്ടിയിരുന്നെങ്കില്‍ ലോഡ്‌സ് ടെസ്റ്റില്‍ ഇന്ത്യയ്ക്ക് അനായാസം വിജയം നേടാനാകുമായിരുന്നുവെന്ന് മുന്‍ ഇന്ത്യന്‍താരവും പരിശീലകനുമായ രവി ശാസ്ത്രി. ഒന്നാം ഇന്നിങ്‌സില്‍ ഋഷഭ് പന്തിന്റെയും രണ്ടാം ഇന്നിങ് സില്‍ കരുണ്‍ നായരുടെയും പുറത്താകലുകളാണ് പ്രധാനമായും ലോഡ്‌സില്‍ ഇന്ത്യയുടെ പരാജയത്തിന് വഴിതുറന്നതെന്നും ശാസ്ത്രി പ്രതികരിച്ചു. ശ്രദ്ധക്കുറവ് കൊണ്ടായിരുന്നു ഈ പുറത്താകലുകളെന്നും ശാസ്ത്രി കുറ്റപ്പെടുത്തി.

മൂന്നാം ദിനം ഉച്ചഭക്ഷണത്തിന് തൊട്ടുമുന്‍പായിരുന്നു പന്ത് പുറത്തായത്. അപ്പോള്‍ പന്ത് പുറത്തായില്ലായിരുന്നെങ്കില്‍ ഇന്ത്യ മികച്ച ഒന്നാം ഇന്നിങ്‌സ് ലീഡ് നേടുമായിരുന്നു. രണ്ടാം ഇന്നിങ് സില്‍ ബ്രൈഡന്‍ കാഴ് സിന്റെ സ്‌ട്രെയ്റ്റ് ബോള്‍ കളിക്കാതെ എല്‍ബിയില്‍ കുരുങ്ങിയ കരുണ്‍ ഇംഗ്ലണ്ടിന് ജയത്തിലേക്കുള്ള വാതില്‍ തുറന്നുകൊടുക്കുകയായിരുന്നു എന്നും ശാസ്ത്രി കുറ്റപ്പെടുത്തി.

ലോര്‍ഡ്സില്‍ നടന്ന മൂന്നാം ടെസ്റ്റില്‍ ഇംഗ്ലണ്ടും ഇന്ത്യയും തമ്മില്‍ കടുത്ത പോരാട്ടമായിരുന്നു നടന്നത്. മത്സരത്തിന്റെ ഭൂരിഭാഗവും ഇരു ടീമുകളും തമ്മില്‍ വലിയ വ്യത്യാസമില്ലാതെ കടന്നുപോയി. എന്നാല്‍ ഒടുവില്‍, കഠിനമായ പോരാട്ടത്തിലൂടെ വിജയം ഉറപ്പിക്കാന്‍ ആതിഥേയര്‍ മുന്നിട്ടിറങ്ങി. രവീന്ദ്ര ജഡേജ ധീരമായി പോരാടി എങ്കിലും 193 റണ്‍സ് പിന്തുടരുന്ന ഇന്ത്യയെ 170 റണ്‍സിന് ഇംഗ്ലണ്ട് പുറത്താക്കി.

ലോര്‍ഡ്സ് ടെസ്റ്റ് ഒരു ക്ലാസിക് ആയിരുന്നു, ഇരു ടീമുകളും ആദ്യ ഇന്നിംഗ്സില്‍ 387 റണ്‍സ് നേടി, നാലാം ദിവസം വാഷിംഗ് ടണ്‍ സുന്ദറിന്റെ നാല് വിക്കറ്റ് നേട്ടത്തോടെ ഇംഗ്ലണ്ട് ടീമിനെ 192 റണ്‍സിന് പുറത്താക്കി.

2021 ല്‍ ശാസ്ത്രി പരിശീലകനായിരുന്നപ്പോള്‍ ഇതേ വേദിയില്‍ ഇന്ത്യ അവസാനമായി നേടിയ ആവേശകരമായ വിജയവുമായി ശാസ്ത്രി ഈ മത്സരത്തെ താരതമ്യപ്പെടുത്തുകയും ചെയ്തു. ആദ്യത്തെ തകര്‍ച്ചയില്‍ നിന്നും ഇന്ത്യന്‍ താരങ്ങള്‍ പൊരുതി വിജയിക്കുകയായിരുന്നു.

ഇത്തവണയും നിരാശപ്പെടേണ്ട സാഹചര്യമില്ല. ഇനി പരമ്പരയില്‍ രണ്ട് മത്സരങ്ങള്‍ കൂടി ബാക്കിയുണ്ട്. എന്തും സംഭവിക്കാം. ഇന്ത്യയ്ക്ക് ഉടനടി തിരിച്ചുവരാന്‍ കഴിയും, അങ്ങനെ സംഭവിച്ചാല്‍ അത് വലിയ നേട്ടമാകുമെന്നും ശാസ്ത്രി പറഞ്ഞു.

Related Articles
Next Story
Share it