ഓസ്‌ട്രേലിയയ്ക്കെതിരായ ഏകദിന പരമ്പരയോടെ കോലിയും, രോഹിത്തും കളമൊഴിയുമോ? വിനയായി ഐസിസിയുടെ പുതിയ തീരുമാനം
2027 ലോകകപ്പില്‍ കളിക്കാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍ ഇരുവരും ഡിസംബറില്‍ നടക്കുന്ന ആഭ്യന്തര ക്രിക്കറ്റില്‍ വിജയ് ഹസാരെ ട്രോഫിയില്‍ കളിക്കേണ്ടി വരുമെന്നാണ് വിവരം

ന്യൂഡല്‍ഹി: ടെസ്റ്റ് മത്സരങ്ങളില്‍ നിന്നും ട്വന്റി20 ഫോര്‍മാറ്റുകളില്‍ നിന്നും ഇന്ത്യന്‍ ക്രിക്കറ്റിലെ നെടുന്തൂണുകളായ വിരാട് കോലിയും, രോഹിത് ശര്‍മയും അപ്രതീക്ഷിതമായി വിരമിച്ചതോടെ ആരാധകരില്‍ അത് കുറച്ചൊന്നുമല്ല ഞെട്ടല്‍ ഉളവാക്കിയത്. എങ്കിലും ഏകദിന മത്സരത്തില്‍ നിന്നും ഇരുവരും വിരമിക്കല്‍ പ്രഖ്യാപിച്ചിരുന്നില്ല. അതുകൊണ്ടുതന്നെ ഇവരുടെ വെടിക്കെട്ട് പ്രകടനം കാണാന്‍ ഏകദിന മത്സരങ്ങള്‍ക്കായി കാത്തിരിക്കുകയായിരുന്നു ഇന്ത്യന്‍ ആരാധകര്‍.
എന്നാല്‍ ഐസിസിയുടെ പുതിയ തീരുമാനം ആരാധകരെ പൂര്‍ണമായും നിരാശപ്പെടുത്തിയിരിക്കുകയാണ്. ഒക്ടോബറില്‍ നടക്കുന്ന ഓസ്‌ട്രേലിയയ്ക്കെതിരായ ഏകദിന പരമ്പരയോടെ ഇരുവരും രാജ്യാന്തര ക്രിക്കറ്റില്‍നിന്ന് പൂര്‍ണമായും വിരമിച്ചേക്കുമെന്ന റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്തുവരുന്നത്. 2027ല്‍ നടക്കുന്ന ഏകദിന ലോകകപ്പിനുള്ള ടീമിലേക്ക് ബിസിസിഐ ഇരുവരെയും പ്രതീക്ഷിക്കുന്നില്ലെന്നാണ് ഒരു പ്രമുഖ ദേശീയ മാധ്യമം റിപ്പോര്‍ട്ട് ചെയ്തത്. ഇതോടെയാണ് ഓസ്‌ട്രേലിയയ്ക്കെതിരായ പരമ്പര ഇരുവരുടെയും അവസാന രാജ്യാന്തര പരമ്പരയാകുമെന്ന പ്രചാരണം ശക്തമായത്.
2027 ലോകകപ്പില്‍ കളിക്കാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍ ഇരുവരും ഈ വര്‍ഷം ഡിസംബറില്‍ നടക്കുന്ന ആഭ്യന്തര ക്രിക്കറ്റില്‍ വിജയ് ഹസാരെ ട്രോഫിയില്‍ കളിക്കേണ്ടി വരുമെന്നാണ് വിവരം. ഇന്ത്യന്‍ ആഭ്യന്തര ക്രിക്കറ്റിലെ പ്രധാന ഏകദിന ടൂര്‍ണമെന്റാണ് വിജയ് ഹസാരെ ട്രോഫി.
കഴിഞ്ഞ ദിവസം അവസാനിച്ച ഇംഗ്ലണ്ട് പര്യടനത്തിന് മുന്നോടിയായി മുതിര്‍ന്ന താരങ്ങള്‍ ഉള്‍പ്പെടെ രഞ്ജി ട്രോഫിയില്‍ കളിക്കേണ്ടിവന്നതിന് സമാനമായ സാഹചര്യമാണ് ഇത്. നിലവില്‍ 2027ലെ ഏകദിന ലോകകപ്പ് ലക്ഷ്യമിട്ട് ടീമിനെ ഒരുക്കാനാണ് ബിസിസിഐയുടെ നീക്കം. ഇന്ത്യന്‍ ക്രിക്കറ്റിലെ പ്രതിഭാ സമ്പത്ത് മുതലെടുത്ത് ഏറ്റവും മികച്ച ടീമിനെത്തന്നെ ലോകകപ്പിന് അണിനിരത്താനാണ് ബിസിസിഐയുടെ ശ്രമം. ഈ സാഹചര്യത്തിലാണ് വിരാട് കോലി, രോഹിത് ശര്‍മ എന്നിവരുടെ കാര്യത്തില്‍ അനിശ്ചിതത്വം നിലനില്‍ക്കുന്നത്.
ഓസ്‌ട്രേലിയന്‍ പര്യടനത്തിലെ ദയനീയ പ്രകടനത്തിന്റെ പശ്ചാത്തലത്തില്‍ ഇംഗ്ലണ്ടിനെതിരായ പരമ്പരയ്ക്ക് മുന്നോടിയായി കോലിയും രോഹിത്തും ഉള്‍പ്പെടെയുള്ള താരങ്ങള്‍ രഞ്ജി ട്രോഫിയില്‍ കളിക്കാന്‍ നിര്‍ബന്ധിതരായിരുന്നു. ഇതേത്തുടര്‍ന്ന് രോഹിത് മുംബൈയ്ക്കായും കോലി ഡല്‍ഹിക്കായും ദീര്‍ഘകാലത്തെ ഇടവേളയ്ക്കു ശേഷം രഞ്ജി കളിക്കാനിറങ്ങി.
എന്നാല്‍, ഇതിനു പിന്നാലെ ഇംഗ്ലണ്ട് പര്യടനത്തിനുള്ള ടീം പ്രഖ്യാപിക്കുന്നതിന് മുന്നോടിയായി ഇരുവരും ടെസ്റ്റില്‍നിന്ന് വിരമിക്കല്‍ പ്രഖ്യാപിക്കുകയും ചെയ്തു. ആദ്യം രോഹിത് ശര്‍മയും പിന്നാലെ വിരാട് കോലിയും വിരമിക്കല്‍ പ്രഖ്യാപിക്കുകയായിരുന്നു. കഴിഞ്ഞ ട്വന്റി20 ലോകകപ്പ് ഇന്ത്യ നേടിയതിന് പിന്നാലെ ഇരുവരും ആ ഫോര്‍മാറ്റില്‍ നിന്നും വിരമിച്ചിരുന്നു.
ഇന്ത്യയുടെ ഓസ്‌ട്രേലിയന്‍ പര്യടനത്തിലെ ഏകദിന മത്സരങ്ങള്‍ ഒക്ടോബര്‍ 19നാണ് ആരംഭിക്കുക. പെര്‍ത്ത്, അഡ്‌ലെയ്ഡ്, സിഡ്‌നി എന്നിവിടങ്ങളിലായാണ് മത്സരങ്ങള്‍ നടക്കുന്നത്. ഇതിനു ശേഷം ഡിസംബറില്‍ ദക്ഷിണാഫ്രിക്കയ്ക്കെതിരെ ഇന്ത്യയില്‍ വച്ചാണ് അടുത്ത ഏകദിന പരമ്പര. 2026ല്‍ ന്യൂസീലന്‍ഡ് (ജനുവരി), അഫ്ഗാനിസ്ഥാന്‍ (ജൂണ്‍), ഇംഗ്ലണ്ട് (ജൂലൈ), വെസ്റ്റിന്‍ഡീസ് (സെപ്റ്റംബര്‍), ന്യൂസീലന്‍ഡ് (ഒക്ടോബര്‍) എന്നീ ടീമുകള്‍ക്കെതിരെയും ഇന്ത്യ ഏകദിന പരമ്പര കളിക്കുന്നുണ്ട്.