ബിസിസിഐയുടെ ഫിറ്റ്നസ് ടെസ്റ്റ് പാസായി രോഹിത് ശര്‍മ്മ ; ശരീരഭാരം കുറച്ച് ചുള്ളനായെത്തിയ താരത്തിന്റെ ചിത്രങ്ങള്‍ വൈറല്‍

ശുഭ് മാന്‍ ഗില്‍, ജസ്പ്രീത് ബുംറ, മുഹമ്മദ് സിറാജ്, യശസ്വി ജയ്സ്വാള്‍, വാഷിംഗ് ടണ്‍ സുന്ദര്‍, ഷാര്‍ദുല്‍ താക്കൂര്‍ എന്നിവരും ഫിറ്റ്‌നസ് ടെസ്റ്റ് വിജയിച്ചു

ബെംഗളൂരു: ബിസിസിഐയുടെ ഫിറ്റ് നസ് ടെസ്റ്റ് പാസായി രോഹിത് ശര്‍മ്മ. ബെംഗളൂരുവിലെ ബിസിസിഐ സെന്റര്‍ ഓഫ് എക്സലന്‍സില്‍ (സിഒഇ) കഴിഞ്ഞ വാരാന്ത്യത്തില്‍ നടന്ന ഫിറ്റ് നസ് ടെസ്റ്റിലാണ് റോഹിത് ഉയര്‍ന്ന സ്‌കോര്‍ നേടി പാസായത്. രോഹിത്തിനൊപ്പം, ശുഭ് മാന്‍ ഗില്‍, ജസ്പ്രീത് ബുംറ, മുഹമ്മദ് സിറാജ്, യശസ്വി ജയ്‌സ്വാള്‍, വാഷിംഗ് ടണ്‍ സുന്ദര്‍, ഷാര്‍ദുല്‍ താക്കൂര്‍ എന്നിവരും ഫിറ്റ്നസ് ടെസ്റ്റുകളില്‍ വിജയിച്ചതായി പിടിഐ റിപ്പോര്‍ട്ട് ചെയ്തു.

ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങള്‍ പതിവ് യോ-യോ ടെസ്റ്റും ഡിഎക്സ്എ സ്‌കാനും നടത്തി. എന്നാല്‍ 2025 ഏഷ്യാ കപ്പിന് മുന്നോടിയായി പുതുതായി അവതരിപ്പിച്ച ബ്രോങ്കോ ടെസ്റ്റില്‍ പങ്കെടുക്കുന്ന കളിക്കാരെക്കുറിച്ച് റിപ്പോര്‍ട്ടില്‍ പരാമര്‍ശിച്ചിട്ടില്ല. 2027 ലെ ലോകകപ്പിന് പോകാന്‍ ഫിറ്റ് നസും ധൈര്യവും പുലര്‍ത്തുക എന്നതാണ് അത്.


ഫിറ്റ് നസിന്റെ കാര്യത്തില്‍ ഏറെ വിമര്‍ശനങ്ങള്‍ നേരിട്ട താരമാണ് 38 കാരനായ രോഹിത് ശര്‍മ. സഹതാരങ്ങളെപ്പോലെ കായികക്ഷമതയുള്ളവനല്ലെന്നും റണ്‍സ് എടുക്കുന്നില്ലെന്നുമുള്ള ആക്ഷേപമാണ് പ്രധാനമായും അദ്ദേഹത്തിനെതിരെ ഉയര്‍ന്നത്. എന്നാല്‍ ബിസിസിഐ സെന്റര്‍ ഓഫ് എക്സലന്‍സില്‍ നടത്തിയ ഫിറ്റ് നസ് ടെസ്റ്റിന്റെ ഫലം അനുസരിച്ച്, രോഹിത് തന്റെ ശാരീരികക്ഷമതയുടെ ഉന്നതിയിലാണ്, ടെസ്റ്റില്‍ അദ്ദേഹം മികച്ച സ്‌കോര്‍ നേടിയെന്നുമുള്ള റിപ്പോര്‍ട്ടുകളാണ് പുറത്തുവരുന്നത്.

മെയ് മാസത്തില്‍ ഐപിഎല്‍ മത്സരത്തിലാണ് രാഹുല്‍ അവസാനമായി കളിച്ചത്. ഒക്ടോബറില്‍ മൂന്ന് ഏകദിനങ്ങള്‍ക്കായി ഓസ്ട്രേലിയയില്‍ പര്യടനം നടത്തുന്ന ഇന്ത്യന്‍ ടീമില്‍ രോഹിത് ശര്‍മയും ഉണ്ടാകും. തടസ്സങ്ങളില്ലാതെ തന്റെ തിരിച്ചുവരവ് ഉറപ്പാക്കാന്‍, രോഹിത് കഠിനമായ പരിശീലനം നടത്തി ഇപ്പോള്‍ നിര്‍ബന്ധിത ഫിറ്റ്നസ് ടെസ്റ്റില്‍ വിജയിക്കുകയും ചെയ്തു. നേരത്തെ ട്വന്റി 20യിലും ടെസ്റ്റില്‍ നിന്നും വിരമിച്ച രോഹിതിന് മുന്നില്‍ ഇനി അവശേഷിക്കുന്നത് ഏകദിന ഫോര്‍മാറ്റ് മാത്രമാണ്.

ഫിറ്റ് നസ് ടെസ്റ്റിന് ശേഷം രോഹിത് മുംബൈയിലേക്ക് മടങ്ങുന്നതിന്റെ ദൃശ്യങ്ങളാണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്. ഫിറ്റ്‌നസ് ചോദ്യം ചെയ്യപ്പെട്ട മുന്‍ വീഡിയോയുമായി താരതമ്യപ്പെടുത്തുമ്പോള്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ കൂടുതല്‍ മെലിഞ്ഞ് ഫിറ്റ് നിലനിര്‍ത്തിയതായി കാണാം. രോഹിത് മുംബൈയില്‍ വന്നിറങ്ങി കാറിനടുത്തേക്ക് പോകുമ്പോള്‍, ഇന്ത്യന്‍ പാപ്പരാസികള്‍ അദ്ദേഹത്തിന് ചുറ്റും കൂടി. ഈ ദൃശ്യങ്ങള്‍ പുറത്തുവന്നതോടെ അദ്ദേഹത്തിന്റെ ആരാധകരും സന്തോഷത്തിലാണ്.

തിരിച്ചുവരവിന് മുന്നോടിയായി ഇന്ത്യയുടെ മുന്‍ സഹപരിശീലകന്‍ അഭിഷേക് നായരുടെ കീഴിലായിരുന്നു രോഹിതിന്റെ പരിശീലനം. ശരീരഭാരം കുറച്ചെത്തിയ രോഹിതിനെ ക്രിക്കറ്റ് ആരാധകര്‍ ഒന്നടങ്കം അഭിനന്ദിക്കുകയാണ്. ഇതിന് മുന്‍പ് മാധ്യമങ്ങള്‍ക്ക് മുന്നില്‍ രോഹിത് പ്രത്യക്ഷപ്പെട്ട ചിത്രങ്ങളുമായി താരതമ്യപ്പെടുത്തിയുള്ള ചര്‍ച്ചകളാണ് സോഷ്യല്‍ മീഡിയയില്‍ പൊടിപൊടിക്കുന്നത്.

ഒക്ടോബര്‍ 19 ന് പെര്‍ത്തില്‍ ഇന്ത്യ കളിക്കുന്ന മൂന്ന് ഏകദിനങ്ങളില്‍ ആദ്യത്തേതും തുടര്‍ന്ന് 23 നും 25 നും അഡലെയ്ഡിലും സിഡ്‌നിയിലും നടക്കുന്ന രണ്ട് ഏകദിനങ്ങളിലും രോഹിത് കളിക്കുന്നുണ്ട്. ഇതോടെ രോഹിതിന്റെ ഏകദിന വിരമിക്കല്‍ ഉടനുണ്ടാകുമെന്ന അഭ്യൂഹങ്ങള്‍ക്കും വിരാമമായിരിക്കുകയാണ്. ഓസ്‌ട്രേലിയന്‍ പര്യടനം രോഹിതിന്റേയും വിരാട് കോലിയുടേയും അവസാന ഏകദിന പരമ്പരയായിരിക്കുമെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു.

രോഹിത് ബെംഗളൂരുവിലെത്തി ഫിറ്റ് നസ് ടെസ്റ്റ് പാസായെങ്കിലും വിരാട് കോലി എത്തിയിരുന്നില്ല. കോലി എന്ന് ഫിറ്റ്‌നസ് ടെസ്റ്റിനെത്തുമെന്ന കാര്യത്തിലും ഇതുവരെ സ്ഥിരീകരണമുണ്ടായിട്ടില്ല. നിലവില്‍ ലണ്ടനില്‍ കുടുംബസമേതം കഴിയുകയാണ് കോലി.

Related Articles
Next Story
Share it