ഇംഗ്ലണ്ട് - ഇന്ത്യ മൂന്നാം ടെസ്റ്റ്: ലോര്‍ഡ് സില്‍ ജസ്പ്രീത് ബുംറ തിരിച്ചെത്തും

ബുധനാഴ്ച എഡ്ജ് ബാസ്റ്റണില്‍ നടന്ന രണ്ടാം ടെസ്റ്റില്‍ ബുംറയെ ഒഴിവാക്കിയിരുന്നു

ബര്‍മിങ്ങാം: ഇംഗ്ലണ്ട് - ഇന്ത്യ മൂന്നാം ടെസ്റ്റ് നടക്കുന്ന ലോര്‍ഡ് സില്‍ ജസ്പ്രീത് ബുംറ പ്ലേയിംഗ് 11 ലേക്ക് തിരിച്ചെത്തുമെന്ന് സ്ഥിരീകരിച്ച് അധികൃതര്‍. ബുധനാഴ്ച എഡ്ജ് ബാസ്റ്റണില്‍ നടന്ന രണ്ടാം ടെസ്റ്റില്‍ ഇന്ത്യയുടെ പ്ലേയിംഗ് 11 ല്‍ നിന്ന് ബുംറയെ ഒഴിവാക്കിയിരുന്നു. ടോസ് സമയത്ത് ക്യാപ്റ്റന്‍ ശുഭ് മാന്‍ ഗില്‍ ആണ് ഇക്കാര്യം സ്ഥിരീകരിച്ചത്.

ബുംറയുടെ ജോലിഭാരം കുറയ്ക്കാന്‍ വേണ്ടിയാണ് അദ്ദേഹത്തെ ഒഴിവാക്കിയതെന്നായിരുന്നു ഗില്‍ മൈക്കല്‍ ആതര്‍ട്ടണിനോട് പറഞ്ഞത്. എന്നാല്‍ മൂന്നാം ടെസ്റ്റ് ലോര്‍ഡ് സില്‍ ആയതിനാല്‍ ആ പിച്ചില്‍ ബുംറയെ തീര്‍ച്ചയായും ഉള്‍പ്പെടുത്തുമെന്നും ഗില്‍ പറഞ്ഞിരുന്നു.

എന്നാല്‍ രണ്ടാം ടെസ്റ്റില്‍ ബുംറയെ ഇറക്കാത്തതില്‍ മുന്‍ പരിശീലകന്‍ രവി ശാസ്ത്രി അടക്കമുള്ളവര്‍ രംഗത്തെത്തിയിരുന്നു. ഇന്ത്യയുടെ വിജയത്തിന് ബുംറ അത്യാവശ്യമാണെന്നും അദ്ദേഹത്തെ മാറ്റിനര്‍ത്തിയത് ശരിയല്ലെന്നുമായിരുന്നു ശാസ്ത്രി പറഞ്ഞത്.

എന്നാല്‍ ഇപ്പോള്‍ മൂന്നാം ടെസ്റ്റില്‍ ബുംറ കളിക്കുമെന്ന കാര്യം സ്ഥിരീകരിച്ചിരിക്കുകയാണ്. ജൂലൈ 10 ന് ലോര്‍ഡ് സില്‍ നടക്കുന്ന മൂന്നാം ടെസ്റ്റിനുള്ള ബുംറയുടെ തിരിച്ചുവരവ് ഇന്ത്യയെ സംബന്ധിച്ച് നിര്‍ണായകമാണ്. രണ്ടാം ടെസ്റ്റില്‍ ഇന്ത്യ പരാജയപ്പെട്ടാല്‍, പരമ്പര നിയന്ത്രണം വിട്ടേക്കാം. മറിച്ച് വിജയിച്ചാല്‍, ലോര്‍ഡ് സിന്റെ ഇഷ്ടപ്രകാരം പ്രകടനം നടത്താനുള്ള സമ്മര്‍ദ്ദം വര്‍ദ്ധിക്കും.

ഏത് സാഹചര്യത്തിലും, ബുംറയുടെ തിരിച്ചുവരവ് തന്ത്രപരമായ കളിയല്ലെന്നും മറിച്ച് പിരിമുറുക്കവും സൂക്ഷ്മപരിശോധനയും നിറഞ്ഞ ഒരു പരമ്പരയിലെ വഴിത്തിരിവായി മാറുന്നുവെന്നുമാണ് നിരീക്ഷകരുടെ വാദം.

അതിനിടെ ഇംഗ്ലണ്ടിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ ശുഭ് മന്‍ ഗില്ലിന്റെ സെഞ്ച്വറി കരുത്തില്‍ ഇന്ത്യ 300 കടന്നു. 199 പന്തില്‍ നിന്നാണ് ഗില്ലിന്റെ സെഞ്ച്വറി നേട്ടം. നായകനായ ശേഷമുള്ള ഗില്ലിന്റെ തുടര്‍ച്ചയായ രണ്ടാം സെഞ്ച്വറിയാണ് ഇത്. ആദ്യദിനം അവസാനിച്ചപ്പോള്‍ ഇന്ത്യ അഞ്ചുവിക്കറ്റ് നഷ്ടത്തില്‍ 310 റണ്‍സെന്ന നിലയിലാണ്.

ജയ് സ്വാള്‍ 107 പന്തില്‍ 13 ഫോറുകളോടെ 87 റണ്‍സെടുത്താണ് പുറത്തായത്. ബെന്‍ സ്റ്റോക്സിന്റെ പന്തില്‍ ജെയ്മി സ്മിത്തിന് ക്യാച്ച് സമ്മാനിച്ചാണ് ജയ് സ്വാള്‍ പുറത്തായത്. ഓപ്പണര്‍ കെ.എല്‍. രാഹുല്‍ (26 പന്തില്‍ രണ്ട്), കരുണ്‍ നായര്‍ (50 പന്തില്‍ 31), ഋഷഭ് പന്ത് (42 പന്തില്‍ 25), നിതീഷ് കുമാര്‍ റെഡ്ഡി (6 പന്തില്‍ 1) എന്നിവരാണ് പുറത്തായ മറ്റ് താരങ്ങള്‍. ഇംഗ്ലണ്ടിനായി ക്രിസ് വോക്സ് രണ്ടും, ബെന്‍ സ്റ്റോക്സ്, ബ്രൈഡന്‍ കാഴ്സ്, ശുഐബ് ബഷീര്‍ എന്നിവര്‍ ഓരോ വിക്കറ്റും വീഴ്ത്തി.

മൂന്ന് മാറ്റമാണ് ആദ്യ ടെസ്റ്റ് കളിച്ച ടീമില്‍ വരുത്തിയത്. പേസര്‍ ജസ്പ്രീത് ബുമ്രയ്ക്ക് വിശ്രമം അനുവദിച്ചപ്പോള്‍ പകരക്കാരനായി ആകാശ് ദീപ് എത്തി. ശാര്‍ദുള്‍ ഠാക്കൂറിനെയും ബി സായ് സുദര്‍ശനെയും ഒഴിവാക്കി. പകരം ഓള്‍റൗണ്ടര്‍മാരായ നിതീഷ് കുമാര്‍ റെഡ്ഡിയും വാഷിങ് ടണ്‍ സുന്ദറും ടീമില്‍ ഇടം പിടിച്ചു. രവീന്ദ്ര ജഡേജ ഉള്‍പ്പെടെ മൂന്ന് ഓള്‍ റൗണ്ടര്‍മാര്‍ ടീമിലെത്തി.

Related Articles
Next Story
Share it