ഇന്ത്യയ്‌ക്കെതിരായ ലോര്‍ഡ്സ് ടെസ്റ്റില്‍ കുറഞ്ഞ ഓവര്‍ നിരക്കിന് ഇംഗ്ലണ്ട് താരങ്ങള്‍ക്ക് പിഴ ചുമത്തി ഐസിസി

ടീമംഗങ്ങള്‍ക്ക് മാച്ച് ഫീയുടെ 10 ശതമാനം പിഴ ചുമത്തിയതിന് പുറമേ, ഐസിസി ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പില്‍നിന്ന് രണ്ടു പോയിന്റും വെട്ടിക്കുറച്ചു

ലണ്ടന്‍: ഇന്ത്യയ്ക്കെതിരായ മൂന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ നാടകീയ വിജയം സ്വന്തമാക്കിയതിന്റെ അലയൊലികള്‍ കെട്ടടങ്ങുന്നതിന് മുന്‍പേ ഇംഗ്ലണ്ട് താരങ്ങള്‍ക്കെതിരെ രാജ്യാന്തര ക്രിക്കറ്റ് കൗണ്‍സില്‍ (ഐസിസി) ല്‍ എടുത്ത കടുത്ത നടപടി വിവാദമായിരിക്കുകയാണ്. ലോഡ്‌സ് ടെസ്റ്റിലെ കുറഞ്ഞ ഓവര്‍ നിരക്കിന് താരങ്ങളെ ശിക്ഷിച്ചതാണ് വിവാദമായത്. ടീമംഗങ്ങള്‍ക്ക് മാച്ച് ഫീയുടെ 10 ശതമാനം പിഴ ചുമത്തിയതിന് പുറമേ, ഐസിസി ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പില്‍നിന്ന് രണ്ടു പോയിന്റും വെട്ടിക്കുറച്ചു.

എന്നാല്‍ ഇന്ത്യന്‍ താരങ്ങളെ ശിക്ഷയില്‍ നിന്നും ഒഴിവാക്കിയതാണ് വിവാദമായത്. ഇതിനെതിരെ കടുത്ത വിമര്‍ശനവുമായി മുന്‍ ഇംഗ്ലണ്ട് നായകന്‍ മൈക്കല്‍ വോണ്‍ രംഗത്തെത്തി. ലോഡ്‌സ് ടെസ്റ്റില്‍ രണ്ടു ടീമുകളുടെയും ഓവര്‍ നിരക്ക് തീരെ കുറവായിരുന്നുവെന്ന് ചൂണ്ടിക്കാട്ടിയ അദ്ദേഹം ഒരു ടീം മാത്രം എങ്ങനെയാണ് ശിക്ഷിക്കപ്പെട്ടതെന്ന് മനസിലാകുന്നില്ലെന്നും ചോദിച്ചു.

ഇംഗ്ലണ്ട് ക്യാപ്റ്റന്‍ ബെന്‍ സ്റ്റോക്‌സ് എതിര്‍പ്പില്ലാതെ ശിക്ഷ സ്വീകരിച്ചു, ഇത് ഔപചാരിക വാദം കേള്‍ക്കേണ്ടതിന്റെ ആവശ്യകത ഇല്ലാതാക്കി. എമിറേറ്റ്‌സ് ഐസിസി എലൈറ്റ് പാനല്‍ ഓഫ് മാച്ച് റഫറി റിച്ചി റിച്ചാര്‍ഡ് സണ്‍ ശിക്ഷ സ്ഥിരീകരിച്ചു. ഓള്‍റൗണ്ട് പ്രകടനത്തിന് പ്ലെയര്‍ ഓഫ് ദി മാച്ച് ആയി തിരഞ്ഞെടുക്കപ്പെട്ടതും ക്യാപ്റ്റന്‍ ബെന്‍ സ്റ്റോക്‌സിനെയാണ്.

അത്യന്തം ആവേശകരമായിരുന്ന ടെസ്റ്റില്‍ 22 റണ്‍സിനാണ് ഇംഗ്ലണ്ട് ഇന്ത്യയെ തകര്‍ത്തത്. അഞ്ച് ടെസ്റ്റുകള്‍ ഉള്‍പ്പെടുന്ന പരമ്പരയില്‍ 21ന്റെ ലീഡും ടീം നേടി. അവസാന ദിനം രവീന്ദ്ര ജഡേജയുടെ നേതൃത്വത്തില്‍ ഇന്ത്യന്‍ വാലറ്റം നടത്തിയ ധീരമായ ചെറുത്തുനില്‍പ്പിനെ അതിജീവിച്ചാണ് ഇംഗ്ലണ്ട് വിജയ കിരീടം ചൂടിയത്. എന്നാല്‍, അഞ്ച് ദിനം നീണ്ട മത്സരത്തിനിടെ ഒട്ടേറെ ഓവറുകള്‍ നഷ്ടമായ സാഹചര്യത്തിലാണ് ഐസിസി കടുത്ത നടപടിയിലേക്ക് കടന്നത്.

ഇടവേളകള്‍ ഉള്‍പ്പെടെയുള്ള എല്ലാ ആനുകൂല്യങ്ങളും നല്‍കിയിട്ടും ഇംഗ്ലണ്ട് ടീം ആവശ്യമായതിലും 2 ഓവര്‍ കുറച്ചാണ് ബോള്‍ ചെയ്തതെന്നാണ് ഐസിസിയുടെ കണ്ടെത്തല്‍. ഐസിസിയുടെ ചട്ടമനുസരിച്ച്, ഒരു ഓവര്‍ കുറച്ചു ബോള്‍ ചെയ്താല്‍ താരങ്ങള്‍ക്ക് മാച്ച് ഫീയുടെ അഞ്ച് ശതമാനമാണ് ശിക്ഷ. ഇതിനു പുറമേ ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പില്‍നിന്ന് ഒരു പോയിന്റും വെട്ടിക്കുറയ്ക്കും. ഇവിടെ രണ്ട് ഓവര്‍ കുറഞ്ഞതായി കണ്ടെത്തിയതോടെയാണ് മാച്ച് ഫീയും വെട്ടിക്കുറച്ച പോയിന്റും ഇരട്ടിയായത്.

നാലാം ടെസ്റ്റ് ജൂലൈ 23 ന് മാഞ്ചസ്റ്ററില്‍ ആരംഭിക്കും. പരമ്പര വിജയത്തിനായി ഇരുടീമുകളും ശക്തമായ മത്സരം തന്നെ കാഴ്ച വയ്ക്കും.

Related Articles
Next Story
Share it