ഇന്ത്യക്കെതിരായ നാലാം ക്രിക്കറ്റ് ടെസ്റ്റിനുള്ള പ്ലേയിംഗ് ഇലവനെ പ്രഖ്യാപിച്ച് ഇംഗ്ലണ്ട്; 8 വര്‍ഷത്തിനുശേഷം സ്പിന്നര്‍ ലിയാം ഡോസണ്‍ ടീമില്‍ തിരിച്ചെത്തി

ഷോയിബ് ബഷീറിന് പരിക്കേറ്റതിനെ തുടര്‍ന്നാണ് പകരക്കാരനായി ഓഫ് സ്പിന്നര്‍ ലിയാം ഡോസണ്‍ ടീമില്‍ ഇടം നേടിയത്

ലണ്ടന്‍: ബുധനാഴ്ച മാഞ്ചസ്റ്ററില്‍ നടക്കുന്ന ഇന്ത്യയ്ക്കെതിരായ നാലാം ക്രിക്കറ്റ് ടെസ്റ്റിനുള്ള പ്ലേയിംഗ് ഇലവനെ പ്രഖ്യാപിച്ച് ഇംഗ്ലണ്ട്. പരിക്കേറ്റ ഷോയിബ് ബഷീറിന് പകരക്കാരനായി ഓഫ് സ്പിന്നര്‍ ലിയാം ഡോസണ്‍ ടീമില്‍ ഇടം നേടി. എട്ട് വര്‍ഷത്തിനുശേഷമാണ് ലിയാം ഡോസണ്‍ ടീമില്‍ തിരിച്ചെത്തുന്നത്. തിങ്കളാഴ്ച ലോര്‍ഡ്സില്‍ നടന്ന മൂന്നാം മത്സരത്തില്‍ വിരലിനേറ്റ ഒടിവ് കാരണമാണ് ശേഷിക്കുന്ന മത്സരങ്ങളില്‍ നിന്ന് ബഷീര്‍ പുറത്തായത്. ഈ ആഴ്ച അവസാനം അദ്ദേഹത്തിന് ശസ്ത്രക്രിയ നടത്തുമെന്ന് ഇസിബി അറിയിച്ചു. ലോര്‍ഡ്സില്‍ നടന്ന മൂന്നാം മത്സരത്തില്‍ ടീം വിജയിച്ച് 2-1 ന് മുന്നിലെത്തി.

ലോര്‍ഡ്സ് ടെസ്റ്റിന്റെ മൂന്നാം ദിവസം രവീന്ദ്ര ജഡേജയ്ക്ക് പന്തെറിയുന്നതിനിടെ ബഷീറിന് ഇടതുകൈയുടെ ചെറുവിരലിന് പരിക്കേല്‍ക്കുകയായിരുന്നു. രവീന്ദ്ര ജഡേജ നേരെ ലോ ഡ്രൈവ് അടിച്ചു. ഇന്ത്യയുടെ രണ്ടാം ഇന്നിംഗ്സില്‍ വെറും 5.5 ഓവര്‍ മാത്രമാണ് ബഷീറിന് എറിയാന്‍ കഴിഞ്ഞത്. എന്നാല്‍ ഇന്ത്യയുടെ അവസാന ബാറ്റ്സ്മാന്‍ മുഹമ്മദ് സിറാജിനെ പുറത്താക്കി ഇംഗ്ലണ്ട് 22 റണ്‍സിന്റെ അവിസ്മരണീയ വിജയം നേടി.

ഡോസണ്‍ അവസാനമായി ഇംഗ്ലണ്ടിനായി ടെസ്റ്റ് ക്രിക്കറ്റ് കളിച്ചത് 2017 ജൂലൈയിലാണ്, എട്ട് വര്‍ഷങ്ങള്‍ക്ക് ശേഷം 35 കാരനായ അദ്ദേഹം തിരിച്ചുവരവ് നടത്തുകയാണ്. വര്‍ഷങ്ങളായി ഹാംഷെയറിനായി സ്ഥിരതയാര്‍ന്ന പ്രകടനം അദ്ദേഹം കാഴ്ചവച്ചിട്ടുണ്ട്, 2023 ലും 2024 ലും പിസിഎ പ്ലെയര്‍ ഓഫ് ദ ഇയര്‍ ആയി തിരഞ്ഞെടുക്കപ്പെട്ടിരുന്നു.

2016ലെ ഇന്ത്യന്‍ പര്യടനത്തിലായിരുന്നു ഡോസണ്‍ ഇംഗ്ലണ്ടിനായി ടെസ്റ്റില്‍ അരങ്ങേറിയത്. കരിയറില്‍ ഇതുവരെ മൂന്ന് ടെസ്റ്റുകളില്‍ മാത്രം കളിച്ച ഡോസണ്‍ ഏഴ് വിക്കറ്റുകളാണ് ആകെ നേടിയത്. ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ 212 മത്സരങ്ങളില്‍ 10731 റണ്‍സും 371 വിക്കറ്റുകളാണ് ഡോസന്റെ പേരിലുള്ളത്.

മികച്ച ബാറ്റര്‍ കൂടിയായ ഡോസന്റെ വരവ് ഇംഗ്ലണ്ട് ബാറ്റിംഗിനെ കൂടുതല്‍ ശക്തിപ്പെടുത്തുമെന്നാണ് കരുതുന്നത്. ഡോസണ്‍ കൂടി പ്ലേയിംഗ് ഇലവനില്‍ എത്തിയതോടെ ഇംഗ്ലണ്ടിന് 11ാം നമ്പറില്‍ വരെ ബാറ്റ് ചെയ്യാന്‍ കഴിയുന്നവരായി. അഞ്ച് മത്സര പരമ്പരയില്‍ രണ്ട് ടെസ്റ്റുകള്‍ ജയിച്ച ഇംഗ്ലണ്ട് 2-1ന് മുന്നിലാണ്. നാലാം ടെസ്റ്റില്‍ ജയിച്ചാല്‍ ഇംഗ്ലണ്ടിന് പരമ്പര സ്വന്തമാക്കാം.

ഇംഗ്ലണ്ട് പ്ലെയിങ് ഇലവന്‍: സാക്ക് ക്രാളി, ബെന്‍ ഡക്കറ്റ്, ഒല്ലി പോപ്പ്, ജോ റൂട്ട്, ഹാരി ബ്രൂക്ക്, ബെന്‍ സ്റ്റോക്‌സ് (ക്യാപ്റ്റന്‍), ജാമി സ്മിത്ത് (വൈസ് ക്യാപ്റ്റന്‍), ലിയാം ഡോസണ്‍, ക്രിസ് വോക്‌സ്, ബ്രൈഡണ്‍ കാര്‍സെ, ജോഫ്ര ആര്‍ച്ചര്‍.

Related Articles
Next Story
Share it