ഇംഗ്ലണ്ട് - ഇന്ത്യ രണ്ടാം ടെസ്റ്റ്: ബുംറയ്ക്ക് വിശ്രമം അനുവദിച്ചു; ടോസ് നേടിയ ഇംഗ്ലണ്ട് ബൗളിംഗ് തിരഞ്ഞെടുത്തു
ഇംഗ്ലണ്ട് ഇറങ്ങിയത് ടീമില്‍ മാറ്റങ്ങളില്ലാതെ

ബര്‍മിംഗ് ഹാം: ബുധനാഴ്ച എഡ് ജ് ബാസ്റ്റണില്‍ ഇന്ത്യയ്ക്കെതിരായ രണ്ടാം ടെസ്റ്റ് മത്സരത്തിന്റെ ആദ്യ ദിനത്തില്‍ ടോസ് നേടിയ ഇംഗ്ലണ്ട് ഫീല്‍ഡിംഗ് തിരഞ്ഞെടുത്തു. എന്നാല്‍ ജസ്പ്രീത് ബുംറ ഇറങ്ങുന്നില്ല. അദ്ദേഹത്തിന് വിശ്രമം അനുവദിച്ചു. പകരം ആകാശ് ദീപ് ഇന്ത്യയുടെ പ്ലേയിംഗ് ഇലവനിലെത്തി. ആദ്യ ടെസ്റ്റ് മത്സരത്തില്‍ പങ്കെടുത്ത ടീമില്‍ നിന്ന് സായ് സുദര്‍ശന്‍, ഷാര്‍ദുല്‍ താക്കൂര്‍ എന്നിവരെയും ഒഴിവാക്കി. പകരം വാഷിംഗ് ടണ്‍ സുന്ദറും നിതീഷ് റെഡ്ഡിയും കളിക്കും.
ടോസ് നേടിയിരുന്നെങ്കില്‍ ഫീല്‍ഡിംഗ് തിരഞ്ഞെടുക്കുമായിരുന്നുവെന്ന് ടോസ് നഷ്ടമായശേഷം ഇന്ത്യന്‍ ക്യാപ്റ്റന്‍ ശുഭ് മാന്‍ ഗില്‍ പറഞ്ഞു. ബുംറയെ ഒഴിവാക്കിയത് എന്തുകൊണ്ടാണെന്ന് ചോദിച്ചപ്പോള്‍, ഇന്ത്യന്‍ ക്യാപ്റ്റന്റെ മറുപടി ഇങ്ങനെ:
അദ്ദേഹത്തിന്റെ ജോലിഭാരം കുറയ്ക്കാന്‍ വേണ്ടി മാത്രമാണിത്, പക്ഷേ മൂന്നാം മത്സരം ലോര്‍ഡ്സില്‍ ആയതിനാല്‍ വിക്കറ്റില്‍ അല്‍പം കുറവുണ്ടാകും, അവിടെ അദ്ദേഹത്തെ കളിപ്പിക്കാമെന്ന് കരുതി. പരമ്പരയിലെ ആദ്യ മത്സരത്തിലെ തോല്‍വിക്ക് ശേഷം ബാറ്റിംഗിന് ശക്തി കൂട്ടാന്‍ നോക്കുകയാണ്. അദ്ദേഹത്തെ കളിപ്പിക്കാന്‍ ആഗ്രഹമുണ്ടായിരുന്നു, പക്ഷേ ബാറ്റിംഗില്‍ കുറച്ചുകൂടി പ്രാധാന്യം നല്‍കാന്‍ തീരുമാനിച്ചു എന്നും ഗില്‍ പറഞ്ഞു.
ലീഡ്‌സില്‍ നടന്ന ആദ്യ ടെസ്റ്റ് മത്സരത്തില്‍ ജയിച്ച ഇംഗ്ലണ്ട് എഡ് ജ് ബാസ്റ്റണില്‍ ടീമില്‍ മാറ്റം വരുത്താതെയാണ് ഫീല്‍ഡില്‍ ഇറങ്ങിയത്.
ബാറ്റിംഗ് കൂടി കണക്കിലെടുത്താണ് കുല്‍ദീപ് യാദവിന് പകരം വാഷിംഗ് ടണ്‍ സുന്ദറിന് പ്ലേയിംഗ് ഇലവനില്‍ അവസരം നല്‍കുന്നതെന്നും ഗില്‍ പറഞ്ഞു. സായ് സുദര്‍ശന്‍ പുറത്തായതോടെ മൂന്നാം നമ്പറില്‍ കരുണ്‍ നായരാവും ഇന്ത്യക്കായി ഇറങ്ങുക. ജസ്പ്രീത് ബുമ്രക്ക് പകരം അര്‍ഷ് ദീപ് സിംഗ് അരങ്ങേറുമെന്നായിരുന്നു പ്രതീക്ഷിച്ചിരുന്നതെങ്കിലും ആകാശ് ദീപിന്റെ പരിചയസമ്പത്തിന് ടീം മാനേജ് മെന്റ് മുന്‍തൂക്കം നല്‍കുകയായിരുന്നു. പരമ്പരയിലെ ആദ്യ ടെസ്റ്റില്‍ തോറ്റ ഇന്ത്യ അഞ്ച് മത്സര പരമ്പരയില്‍ 0-1ന് പിന്നിലാണ്.
ഇംഗ്ലണ്ട് പ്ലേയിംഗ് ഇലവന്‍: സാക്ക് ക്രാളി, ബെന്‍ ഡക്കറ്റ്, ഒല്ലി പോപ്പ്, ജോ റൂട്ട്, ഹാരി ബ്രൂക്ക്, ബെന്‍ സ്റ്റോക്‌സ്(ക്യാപ്റ്റന്‍), ജാമി സ്മിത്ത്, ക്രിസ് വോക്‌സ്, ബ്രൈഡണ്‍ കാര്‍സെ, ജോഷ് ടോങ്, ഷോയിബ് ബഷീര്‍
ഇന്ത്യ പ്ലേയിംഗ് ഇലവന്‍: യശസ്വി ജയ് സ്വാള്‍, കെ.എല്‍. രാഹുല്‍, കരുണ്‍ നായര്‍, ശുഭ് മാന്‍ ഗില്‍(ക്യാപ്റ്റന്‍), റിഷഭ് പന്ത്, നിതീഷ് കുമാര്‍ റെഡ്ഡി, രവീന്ദ്ര ജഡേജ, വാഷിംഗ് ടണ്‍ സുന്ദര്‍, ആകാശ് ദീപ്, മുഹമ്മദ് സിറാജ്, പ്രസിദ്ധ് കൃഷ്ണ.