ദുലീപ് ട്രോഫിക്കുള്ള ഈസ്റ്റ് സോണ്‍ ടീമിനെ പ്രഖ്യാപിച്ചു; വൈഭവ് സൂര്യവംശിയെ ഒഴിവാക്കി; ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിലേക്ക് തിരിച്ചെത്തി മുഹമ്മദ് ഷമി
ഇഷാന്‍ കിഷനെ ക്യാപ്റ്റനാക്കി 15 അംഗ ടീമിനെയാണ് പ്രഖ്യാപിച്ചത്

2025-26 ലെ ദുലീപ് ട്രോഫിക്കുള്ള ഈസ്റ്റ് സോണ്‍ ടീമിനെ പ്രഖ്യാപിച്ചു. ഇഷാന്‍ കിഷനെ ക്യാപ്റ്റനാക്കി 15 അംഗ ടീമിനെയാണ് കഴിഞ്ഞദിവസം ഈസ്റ്റ് സോണ്‍ സെലക്ടര്‍മാര്‍ പ്രഖ്യാപിച്ചത്. പരിക്കുമൂലം ഇന്ത്യന്‍ ടീമില്‍ നിന്ന് പുറത്തായ പേസര്‍ മുഹമ്മദ് ഷമി ടീമില്‍ ഇടം നേടി. ഒമ്പത് മാസത്തെ ഇടവേളക്കുശേഷമാണ് ഷമി ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ തിരിച്ചെത്തുന്നത്.
2024 നവംബറില്‍ രഞ്ജി ട്രോഫിയിലാണ് 34 കാരനായ ഷമി അവസാനമായി ബംഗാളിന് വേണ്ടി റെഡ്-ബോള്‍ ക്രിക്കറ്റ് കളിച്ചത്. 2023 ജൂണില്‍ നടന്ന ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിലായിരുന്നു അദ്ദേഹത്തിന്റെ ഏറ്റവും പുതിയ ടെസ്റ്റ് പ്രകടനം. 2025 ഐപിഎല്‍ സീസണില്‍ സണ്‍റൈസേഴ്സ് ഹൈദരാബാദിനായി ഒമ്പത് മത്സരങ്ങളില്‍ നിന്ന് ആറ് വിക്കറ്റുകള്‍ വീഴ്ത്തി. ദുലീപ് ട്രോഫിക്കുള്ള ഈസ്റ്റ് സോണ്‍ ടീമില്‍ ഉള്‍പ്പെടുത്തിയതോടെ ദീര്‍ഘകാല ക്രിക്കറ്റിലേക്കുള്ള ഷമിയുടെ തിരിച്ചുവരവിന്റെ സാധ്യതയാണ് കാണുന്നത്.
ഇംഗ്ലണ്ടിനെതിരായ യൂത്ത് ടെസ്റ്റില്‍ തിളങ്ങിയ 14കാരന്‍ വൈഭവ് സൂര്യവന്‍ഷിയെ ദുലീപ് ട്രോഫിക്കുള്ള ഈസ്റ്റ് സോണ്‍ ടീമിലേക്ക് പരിഗണിച്ചില്ല. എന്നാല്‍ വൈഭവിനെ സ്റ്റാന്‍ഡ് ബൈ താരമായി നിലനിര്‍ത്തിയിട്ടുണ്ട്.
കൗണ്ടി ചാമ്പ്യന്‍ഷിപ്പ് ഡിവിഷന്‍ വണ്ണില്‍ നോട്ടിംഗ് ഹാംഷെയറിനായി മികച്ച ഫോം കാഴ്ചവച്ചതാണ് കിഷനെ ക്യാപ്റ്റനാക്കാന്‍ കാരണം. നിരവധി ഇന്നിംഗ്സുകളില്‍ നിന്നായി രണ്ട് അര്‍ദ്ധസെഞ്ച്വറികളും കിഷന്‍ നേടിയിരുന്നു. ഇംഗ്ലണ്ട് പര്യടനത്തിലുള്ള ഇന്ത്യന്‍ ടീമിലെ റിസര്‍വ് ഓപ്പണറായ അഭിമന്യു ഈശ്വരനും ഈസ്റ്റ് സോണ്‍ ടീമില്‍ ഇടം നേടി. ടീമിന്റെ വൈസ് ക്യാപ്റ്റനും കൂടിയാണ് അഭിമന്യു ഈശ്വരന്‍.
ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയില്‍ കളിക്കുന്ന ആകാശ് ദീപും ബംഗാള്‍ പേസര്‍ മുകേഷ് കുമാറും ടീമില്‍ ഇടംനേടി. പരിക്കുമൂലം ഇന്ത്യന്‍ ഏകദിന, ടി20 ടീമുകളില്‍ നിന്ന് പുറത്തായ റിയാന്‍ പരാഗിനെയും ഈസ്റ്റ് സോണ്‍ ടീമില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
മുകേഷ് കുമാറിനും ആകാശ് ദീപിനും ഒപ്പം ഈസ്റ്റ് സോണിന്റെ പേസ് ആക്രമണത്തിന് ഷമിയുടെ പരിചയസമ്പത്ത് കരുത്ത് പകരുന്നുണ്ടെങ്കിലും, വൈഭവ് സൂര്യവംശിയെ പ്രധാന ടീമില്‍ നിന്ന് ഒഴിവാക്കിയതില്‍ ആരാധകരെ കുറച്ചൊന്നുമല്ല നിരാശപ്പെടുത്തുന്നത്. കഴിഞ്ഞ മാസം നടന്ന ഇന്ത്യ അണ്ടര്‍ 19 ടീമിന്റെ ഇംഗ്ലണ്ട് പര്യടനത്തില്‍ യൂത്ത് ഏകദിന ചരിത്രത്തിലെ ഏറ്റവും വേഗതയേറിയ സെഞ്ച്വറി നേടി ഈ കൗമാരക്കാരന്‍ കാണികളെ അമ്പരപ്പിച്ചിരുന്നു.
അനുഭവപരിചയവും ആഭ്യന്തര സ്ഥിരതയെയും കണക്കിലെടുത്താണ് ഈസ്റ്റ് സോണിന്റെ സെലക്ടര്‍മാര്‍ താരങ്ങളെ തിരഞ്ഞെടുത്തതെന്നാണ് മനസിലാക്കുന്നത്. കഴിഞ്ഞ സീസണിലെ രഞ്ജി ട്രോഫിയില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ ജാര്‍ഖണ്ഡ് ജോഡികളായ വിരാട് സിംഗും ശരണ്‍ദീപ് സിംഗും ടീമില്‍ ഇടംനേടിയിട്ടുണ്ട്. ഒപ്പം രഞ്ജി സീസണില്‍ 22 വിക്കറ്റുകള്‍ നേടിയ അസം സ്പിന്നര്‍ മനീഷിയും ടീമില്‍ ഇടം നേടി.
2024-25 രഞ്ജി ട്രോഫിയില്‍ ബംഗാളിന്റെ ടോപ്പ് സ്‌കോററായ സുദീപ് ചാറ്റര്‍ജി ടീമില്‍ ഇല്ല എന്നത് ശ്രദ്ധേയമാണ്, അതേസമയം സഹതാരം സുദീപ് കുമാര്‍ ഗരാമിയെയും സ്റ്റാന്‍ഡ്ബൈയിലേക്ക് തരംതാഴ്ത്തി.
ജാര്‍ഖണ്ഡിന്റെ സൗരഭ് തിവാരി കണ്‍വീനര്‍ ആയിട്ടുള്ള ബംഗാള്‍, ഒഡീഷ, ബീഹാര്‍, ജാര്‍ഖണ്ഡ്, അസം, ത്രിപുര എന്നിവയെ പ്രതിനിധീകരിക്കുന്ന ആറംഗ സോണല്‍ പാനലാണ് ടീമിനെ തിരഞ്ഞെടുത്തത്.
2025-26 ദുലീപ് ട്രോഫിക്കുള്ള ഈസ്റ്റ് സോണ്‍ സ്‌ക്വാഡ്:
ഇഷാന്‍ കിഷന്‍ (ക്യാപ്റ്റന്‍), അഭിമന്യു ഈശ്വരന്‍ (വിസി), സന്ദീപ് പട് നായിക്, വിരാട് സിംഗ്, ഡെനിഷ് ദാസ്, ശ്രീദം പോള്‍, ശരണ്‍ദീപ് സിംഗ്, കുമാര്‍ കുശാഗ്ര, റിയാന്‍ പരാഗ്, ഉത്കര്‍ഷ് സിംഗ്, മനീഷി, സൂരജ് സിന്ധു ജയ് സ്വാള്‍, മുകേഷ് കുമാര്‍, ആകാശ് ദീപ്, മുഹമ്മദ് ഷമി
സ്റ്റാന്‍ഡ് ബൈകള്‍:
മുഖ് താര്‍ ഹുസൈന്‍, ആസിര്‍വാദ് സ്വെയിന്‍, വൈഭവ് സൂര്യവംശി, സ്വസ്തിക സമല്‍, സുദീപ് കുമാര്‍ ഘരാമി, രാഹുല്‍ സിംഗ്.