ഇന്ത്യ, ഓസ്ട്രേലിയ 5ാം ടി20 മത്സരത്തിനിടെ ഇടമിന്നലും മഴയും; കളി നിര്‍ത്തിവച്ചു
മികച്ച തുടക്കവുമായി ഓപ്പണര്‍മാരായ ശുഭ്മാന്‍ ഗില്ലും, അഭിഷേക് ശര്‍മ്മയും ക്രീസില്‍

ശനിയാഴ്ച ബ്രിസ് ബേനില്‍ ആരംഭിച്ച ഇന്ത്യയും ഓസ്ട്രേലിയയും തമ്മിലുള്ള അഞ്ച് മത്സര പരമ്പരയിലെ അഞ്ചാമത്തെയും അവസാനത്തെയും ടി20 ഐ മത്സരം ഇടമിന്നലും മഴയും കാരണം നിര്‍ത്തിവച്ചു. ടോസ് നേടിയ ഓസ്ട്രേലിയന്‍ ക്യാപ്റ്റന്‍ മിച്ചല്‍ മാര്‍ഷ് ഇന്ത്യയെ ബാറ്റിംഗിന് അയച്ചു. ഇന്ത്യന്‍ ഓപ്പണര്‍മാരായ ശുഭ്മാന്‍ ഗില്ലും(16 പന്തില്‍ 29*), അഭിഷേക് ശര്‍മ്മ(13 പന്തില്‍ 23*) യും മികച്ച തുടക്കം നല്‍കി. 4.5 ഓവറില്‍ സന്ദര്‍ശകര്‍ 52/0 എന്ന സ്‌കോര്‍ നേടി.
പരമ്പരയിലുടനീളം ഫോം കണ്ടെത്താന്‍ വിഷമിച്ച ഗില്‍, തുടക്കം മുതല്‍ ഓസീസ് ബോളര്‍മാരെ പ്രഹരിക്കുന്നതാണ് കണ്ടത്. നേരിട്ട രണ്ടാം പന്തില്‍ തന്നെ ഫോറടിച്ച ഗില്‍, മൂന്നാം ഓവറില്‍ തുടര്‍ച്ചയായി നാലു പന്തുകള്‍ ബൗണ്ടറി കടത്തി. ഇതുവരെ ആകെ ആറു ഫോറുകളാണ് ഗില്‍ അടിച്ചത്. അഭിഷേക് ശര്‍മ ഒരു സിക്‌സും ഒരു ഫോറുമടിച്ചു. ട്വന്റി20യില്‍ 1000 റണ്‍സെന്ന നാഴികക്കലും അഭിഷേക് ശര്‍മ പിന്നിട്ടു.
ഏറ്റവും കുറഞ്ഞ പന്തില്‍ (528) ആയിരം റണ്‍സു പിന്നിടുന്ന താരമെന്ന റെക്കോര്‍ഡും അഭിഷേകിന്റെ പേരിലായി. ഇന്ത്യന്‍ ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവിന്റെ (573) റെക്കോര്‍ഡാണ് തകര്‍ത്തത്. ഏറ്റവും കുറവ് ഇന്നിങ്‌സുകളില്‍ നിന്ന് ഈ നേട്ടം കൈവരിക്കുന്ന ഇന്ത്യന്‍ താരങ്ങളില്‍ വിരാട് കോലിക്കു പിന്നില്‍ രണ്ടാം സ്ഥാനത്താണ് അഭിഷേക് ശര്‍മ. വിരാട് കോലി 27 ഇന്നിങ്‌സുകളില്‍നിന്ന് ആയിരം റണ്‍സു തികച്ചപ്പോള്‍ അഭിഷേക് നേട്ടത്തിലെത്താന്‍ എടുത്തത് 28 ഇന്നിങ്‌സുകള്‍. മത്സരം മുറുകി വരുന്നതിനിടെ സ്റ്റേഡിയത്തിലെ ഇടി മിന്നല്‍ ഭീഷണിയെത്തുടര്‍ന്ന് മത്സരം പെട്ടെന്ന് നിര്‍ത്തിവച്ചു.
കുറച്ച് മിനിറ്റുകള്‍ക്ക് ശേഷം ചെറിയ ചാറ്റല്‍ മഴയും ആരംഭിച്ചതിനാല്‍ ഫീല്‍ഡ് അമ്പയര്‍മാര്‍ കളിക്കാരോട് ഡഗൗട്ടിലേക്ക് മടങ്ങാന്‍ ആവശ്യപ്പെട്ടു. കാലാവസ്ഥ വളരെ അപകടകരമാണെന്നും ആരെങ്കിലും മൈതാനത്ത് ഇരിക്കുന്നത് സുരക്ഷിതമല്ലെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു. സീറ്റുകള്‍ക്കടിയില്‍ അഭയം തേടാനും മിന്നലാക്രമണത്തില്‍ നിന്ന് സ്വയം രക്ഷനേടാനും മാനേജ്മെന്റ് ആരാധകരോട് ആവശ്യപ്പെട്ടു. ഗാലറിയിലെ ലോവര്‍ സ്റ്റാന്‍ഡുകളില്‍ നിന്നുള്‍പ്പെടെ കാണികളെ നീക്കി.
മുന്‍ മത്സരത്തില്‍ തോല്‍വി ഉണ്ടായിരുന്നിട്ടും മാറ്റിമില്ലാതെയാണ് ക്യാപ്റ്റന്‍ മിച്ചല്‍ മാര്‍ഷിന്റെ നേതൃത്വത്തിലുള്ള ടീം കളിക്കാനിറങ്ങുന്നത്.
മറുവശത്ത് ഇന്ത്യയുടെ പ്ലേയിങ് ഇലവനില്‍ ഒരു മാറ്റമുണ്ട്. തിലക് വര്‍മയ്ക്കു പകരം റിങ്കു സിങ് ടീമിലെത്തി. മലയാളി താരം സഞ്ജു സാംസണിന് ഇത്തവണയും സ്ഥാനമില്ല. അദ്ദേഹം ടീമില്‍ നിന്നും പുറത്താണ്.
'കളി ജയിക്കുകയും ടോസ് തോല്‍ക്കുകയും ചെയ്യുന്നത് കുഴപ്പമില്ല. ടീമിന്റെ ലക്ഷ്യം എന്താണെന്ന് മനസ്സിലാക്കുന്നത് എപ്പോഴും നല്ലതാണ്. എല്ലാ ബാറ്റ്സ്മാന്‍മാരും ഇത് 200 വിക്കറ്റ് അല്ലെന്ന് തിരിച്ചറിഞ്ഞു. അവസാന മത്സരത്തില്‍ എല്ലാ ബോക്‌സുകളും ടിക്ക് ചെയ്തു, അതേപടി തുടരാന്‍ ആഗ്രഹിക്കുന്നു. ബൈലാറ്ററല്‍സ് ജയിക്കാന്‍ എപ്പോഴും നല്ലതാണ്. അതേസമയം, നിങ്ങള്‍ക്ക് ഏത് കോമ്പിനേഷന്‍ വേണം എന്നതാണ് കൂടുതല്‍ പ്രധാനം. ഓപ്പണര്‍മാരെ കൂടാതെ, എല്ലാവരും ബാറ്റിംഗ് പൊസിഷനുകളില്‍ വഴക്കമുള്ളവരായിരിക്കേണ്ട ഒരു ഫോര്‍മാറ്റാണിത്. ഇത്തവണ ഒരു മാറ്റം - തിലക് വിശ്രമിക്കുന്നു, റിങ്കു വരുന്നു,' എന്നാണ് ഇന്ത്യന്‍ ടീമിനെ കുറിച്ച് 35 കാരനായ ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവ് പറഞ്ഞത്.

