'പരിക്കേറ്റ് വീല്‍ചെയറിലായാല്‍ പോലും എന്നെ കളിപ്പിക്കാന്‍ അവര്‍ തയാറാണ്'; വിട വാങ്ങല്‍ അഭ്യൂഹത്തിനിടെ നിലപാട് വ്യക്തമാക്കി എം എസ് ധോണി

ചെന്നൈ: ഐപിഎല്‍ മത്സരത്തിന്റെ ഓരോ സീസണിലും ഉയരുന്ന പ്രധാന ചോദ്യമാണ് ചെന്നൈ സൂപ്പര്‍ കിംഗ്‌സിന്റെ മുന്‍ നായകന്‍ എം എസ് ധോണിയുടെ വിരമിക്കല്‍. അത്തരത്തില്‍ ഇത്തവണയും ഇതുപോലുള്ള ആകാംക്ഷ ആരാധകരുടെ ഭാഗത്തുനിന്നും ഉണ്ടായിരുന്നു. എന്നാല്‍ അതിനെയൊക്കെ അവഗണിച്ച് വിരമിക്കല്‍ കാര്യത്തില്‍ തന്റെ നിലപാട് വ്യക്തമാക്കിയിരിക്കുകയാണ് ധോണി.

പരിക്കേറ്റ് വീല്‍ചെയറിലായാല്‍ പോലും തന്നെ കളിപ്പിക്കാന്‍ ചെന്നൈ ടീം തയാറാണെന്നാണ് ജിയോ ഹോട് സ്റ്റാറിന് നല്‍കിയ അഭിമുഖത്തില്‍ ധോണി പറഞ്ഞത്.

'ചെന്നൈക്കായി എത്രകാലം വേണമെങ്കിലും എനിക്ക് കളിക്കാനാവും. അതാണെന്റെ ടീം, ഇനി പരിക്കേറ്റ് വീല്‍ചെയറിലായാല്‍ പോലും അവര്‍ എന്നെ കളിപ്പിക്കാന്‍ തയാറാണ്- എന്നാണ് ധോണി പറഞ്ഞത്. ഈ സീസണിലെ ആദ്യ മത്സരത്തില്‍ മുംബൈ ഇന്ത്യന്‍സിനെ നേരിടുന്നതിന് മുമ്പായിരുന്നു മുന്‍നായകന്റെ തുറന്നുപറച്ചില്‍.

ഇത്തവണ ചെന്നൈ ജേഴ് സിയില്‍ പരമാവധി സിക്‌സറുകള്‍ നേടുക എന്നതായിരിക്കും ധോണിയുടെ ഉത്തരവാദിത്തമെന്ന് ചെന്നൈ നായകന്‍ റുതുരാജ് ഗെയ് ക് വാദും വ്യക്തമാക്കി.

'ചെന്നൈ ടീമില്‍ ഇത്തവണ നിരവധി പുതുമുഖങ്ങളുണ്ട്. എന്നാല്‍ അവരില്‍ പലരേക്കാളും മികച്ച രീതിയില്‍ പന്ത് സ്‌ട്രൈക്ക് ചെയ്യാന്‍ ഈ പ്രായത്തിലും ധോണിക്കാവും. എന്നെപ്പോലെ നിരവധി താരങ്ങള്‍ക്ക് പ്രചോദനമാണ് ധോണി. ടീമിലെ തന്റെ റോള്‍ എന്താണെന്നതിന് അനുസരിച്ചാണ് ധോണി ഇപ്പോള്‍ നെറ്റ് സില്‍ പരിശീലനം നടത്തുന്നത്.

ബാറ്റിംഗ് ഓര്‍ഡറില്‍ ഏഴാമതോ എട്ടാമതോ ഇറങ്ങി പരമാവധി സിക്‌സുകള്‍ നേടുക എന്നതിനാണ് അദ്ദേഹം ഇപ്പോള്‍ പ്രാധാന്യം നല്‍കുന്നത്. അമ്പതാം വയസില്‍ സച്ചിന്‍ ബാറ്റ് ചെയ്യുന്നത് നമ്മള്‍ അടുത്തിടെ കണ്ടു. അതുകൊണ്ട് തന്നെ 43 കാരനായ ധോണിക്ക് മുന്നിലും ഇനിയും ഒരുപാട് വര്‍ഷങ്ങളുണ്ടെന്നും' റുതുരാജ് പറഞ്ഞു.

2023 ലെ ഐ.പി.എല്‍ സീസണില്‍ കാല്‍മുട്ടിന് പരിക്കേറ്റ ധോണി, സീസണിന്റെ അവസാനത്തില്‍ ശസ്ത്രക്രിയയ്ക്ക് വിധേയനായിരുന്നു. എന്നാല്‍ ഐപിഎല്ലിന്റെ 17-ാം പതിപ്പിന് മുമ്പ് തന്നെ അദ്ദേഹം സുഖം പ്രാപിച്ചു. തൊട്ടുപിന്നാലെ ക്യാപ്റ്റന്‍സി റോളും ബാറ്റിംഗ് സ്ഥാനവും ഉപേക്ഷിച്ചു. ലൈനപ്പില്‍ എട്ടാം സ്ഥാനത്തോ അതിലും താഴെയോ ആയി ബാറ്റ് ചെയ്യാന്‍ ആഗ്രഹിക്കുകയും ചെയ്തു. സീസണിലുടനീളം 73 പന്തുകളില്‍ നിന്നായി 220 എന്ന സ്‌ട്രൈക്ക് റേറ്റില്‍ 161 റണ്‍സ് നേടുകയും ചെയ്തു.


Related Articles
Next Story
Share it