ഗുര്‍ജപ് നീത് സിങ്ങിന്റെ പരിക്ക്: ഐപിഎല്‍ മത്സരം പകുതിയില്‍ എത്തിനില്‍ക്കെ 2.2 കോടി രൂപയ്ക്ക് ഡെവാള്‍ഡ് ബ്രെവിസിനെ സ്വന്തമാക്കി സി.എസ്.കെ

ഗ്രൗണ്ടിന്റെ ഏതു ഭാഗത്തേക്കും അനായാസം ഷോട്ടുകള്‍ പായിക്കാന്‍ കഴിവുള്ള താരത്തെ ദക്ഷിണാഫ്രിക്കയുടെ ഇതിഹാസ താരം എബി ഡിവില്ലിയേഴ് സുമായാണ് ആരാധകര്‍ താരതമ്യപ്പെടുത്തുന്നത്.

ഇന്ത്യന്‍ യുവപേസര്‍ ഗുര്‍ജന്‍ പ്രീത് സിങ് പരിക്കേറ്റ് പുറത്തായതോടെ 2025 ലെ ഐപിഎല്ലിന്റെ ശേഷിക്കുന്ന സീസണില്‍ ടീമിന്റെ വിജയത്തിനായി പോരാടാന്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സ് (സി.എസ്.കെ) ദക്ഷിണാഫ്രിക്കന്‍ ബാറ്റ് സ് മാന്‍ ഡെവാള്‍ഡ് ബ്രെവിസിനെ ടീമില്‍ എടുത്തു. 2.2 കോടി രൂപയ്ക്കാണ് 21 കാരനായ ബ്രെവിസിനെ ടീമിലെടുത്തത്. ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ മോശം പ്രകടനം തുടരുന്നതിനിടെയാണ് ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ ഈ നിര്‍ണായക നീക്കം. ഐപിഎല്‍ മെഗാലേലത്തില്‍ ഡെവാള്‍ഡ് ബ്രെവിസിനെ ആരും വാങ്ങിയിരുന്നില്ല.

ഫ്രാഞ്ചൈസി ക്രിക്കറ്റിലെ വളര്‍ന്നുവരുന്ന താരമാണ് ബ്രെവിസ്. ഐപിഎല്‍, സിപിഎല്‍, എംഎല്‍സി, എസ്.എ 20 തുടങ്ങിയ ലീഗുകളില്‍ മികച്ച പ്രകടനം കാഴ്ചവച്ചിട്ടുണ്ട്. 2023 എസ്. എ 20 സീസണില്‍ മികച്ച പ്രകടനം നടത്തിയിരുന്നു, 230 റണ്‍സ് ആകെ നേടിയ ബ്രെവിസ് ടോപ് സ്‌കോറര്‍മാരില്‍ ആറാം സ്ഥാനത്തെത്തി. ഇത് എംഐ കേപ് ടൗണിന് ആദ്യ കിരീടം നേടാനും സഹായിച്ചു.

81 ടി 20 മത്സരങ്ങള്‍ കളിച്ചിട്ടുള്ള ബ്രെവിസ് 1,787 റണ്‍സ് നേടിയിട്ടുണ്ട്, ഏറ്റവും ഉയര്‍ന്ന സ്‌കോര്‍ 162 ആണ്, ഏറ്റവും ചെറിയ ഫോര്‍മാറ്റില്‍ ആധിപത്യം സ്ഥാപിക്കാനുള്ള കഴിവും താരത്തിനുണ്ട്. 2023 ല്‍ ദക്ഷിണാഫ്രിക്കയ്ക്കായി ടി 20 ഐയില്‍ അരങ്ങേറ്റം കുറിച്ച താരം രണ്ട് മത്സരങ്ങളില്‍ കളിച്ചിട്ടുണ്ട്. മുമ്പ് മുംബൈ ഇന്ത്യന്‍സിനൊപ്പം (MI) ബ്രെവിസ് 10 ഐപിഎല്‍ മത്സരങ്ങള്‍ കളിച്ചിട്ടുണ്ട്.

ഗ്രൗണ്ടിന്റെ ഏതു ഭാഗത്തേക്കും അനായാസം ഷോട്ടുകള്‍ പായിക്കാന്‍ കഴിവുള്ള താരത്തെ ദക്ഷിണാഫ്രിക്കയുടെ ഇതിഹാസ താരം എബി ഡിവില്ലിയേഴ് സുമായാണ് ആരാധകര്‍ താരതമ്യപ്പെടുത്തുന്നത്. 'ബേബി എ ബി' എന്ന വിളിപ്പേരും ബ്രെവിസിനുണ്ട്. ഗുര്‍ജന്‍ പ്രീത് സിങ്ങിനെ ചെന്നൈ ലേലത്തില്‍ 2.2 കോടി രൂപയ്ക്കാണ് വാങ്ങിയത്. താരം പിന്‍മാറിയതോടെ അതേ തുക തന്നെ ബ്രെവിസിന് നല്‍കാന്‍ സാധിക്കും.

നാല് ഫസ്റ്റ് ക്ലാസ് സെഞ്ച്വറികള്‍ ഇതിനകം തന്നെ നേടിയ താരം സി.എസ്.കെയ്ക്കായി അരങ്ങേറ്റം കുറിക്കാന്‍ അവസരം ലഭിച്ചാല്‍ ഐപിഎല്ലില്‍ വെടിക്കെട്ട് പ്രകടനം തന്നെ നടത്തുമെന്നാണ് ആരാധകര്‍ പറയുന്നത്.

നിലവില്‍ ഏഴു മത്സരങ്ങള്‍ പൂര്‍ത്തിയാക്കിയ ചെന്നൈ രണ്ടു വിജയങ്ങളുമായി പോയിന്റ് പട്ടികയില്‍ അവസാന സ്ഥാനത്താണ്. ഋതുരാജ് ഗെയ് ക് വാദ് പരിക്കേറ്റു പുറത്തായതോടെ വെറ്ററന്‍ താരം എം.എസ്. ധോണിയാണ് ഈ സീസണില്‍ ചെന്നൈയെ നയിക്കുന്നത്. ഞായറാഴ്ച മുംബൈ ഇന്ത്യന്‍സിനെതിരെയാണ് ചെന്നൈയുടെ അടുത്ത മത്സരം.

Related Articles
Next Story
Share it