ചാംപ്യന്‍സ് ട്രോഫി: പാകിസ്ഥാനെതിരെ ഇന്ത്യയ്ക്ക് 242 റണ്‍സ് വിജയലക്ഷ്യം; രോഹിത്തും ഗില്ലും ക്രീസില്‍

ദുബായ്: ചാംപ്യന്‍സ് ട്രോഫിയില്‍ പാകിസ്ഥാനെതിരെയുള്ള തീപ്പൊരി പോരാട്ടത്തില്‍ ഇന്ത്യയ്ക്ക് 242 റണ്‍സ് വിജയലക്ഷ്യം. മറുപടി ബാറ്റിംഗിനിറങ്ങിയ ഇന്ത്യ 2 ഓവറില്‍ 12 റണ്‍സെടുത്തിട്ടുണ്ട്. രോഹിത് ശര്‍മയും ശുഭ് മാന്‍ ഗില്ലുമാണ് ക്രീസില്‍.
നേരത്തെ ടോസ് നേടി ബാറ്റിങ്ങിന് ഇറങ്ങിയ പാകിസ്ഥാന്‍ 49.4 ഓവറില്‍ 241 റണ്‍സെടുത്ത് പുറത്തായി. 76 പന്തില്‍ 62 റണ്‍സെടുത്ത സൗദ് ഷക്കീലാണ് പാകിസ്ഥാന്റെ ടോപ് സ്‌കോറര്‍. ദുബായിലെ സ്പിന്‍ പിച്ചില്‍ ഇന്ത്യന്‍ സ്പിന്നര്‍മാര്‍ തകര്‍ത്തെറിഞ്ഞതോടെ പാക്കിസ്ഥാന്‍ മധ്യനിരയ്ക്കും വാലറ്റത്തിനും പിടിച്ചുനില്‍ക്കാന്‍ കഴിഞ്ഞില്ല.
പാകിസ്ഥാനു വേണ്ടി മുന്‍നിര പ്രതിരോധിച്ചുനിന്നെങ്കിലും വലിയ റണ്ണൊഴുക്ക് പാക്ക് ഇന്നിങ്‌സിന്റെ ഒരു ഘട്ടത്തിലും ഉണ്ടായിരുന്നില്ല. ക്യാപ്റ്റന്‍ മുഹമ്മദ് റിസ്‌വാന്‍ (77 പന്തില്‍ 46), ഖുഷ്ദില്‍ ഷാ (39 പന്തില്‍ 38), ബാബര്‍ അസം( 26 പന്തില്‍ 23), ആഗ സല്‍മാന്‍ (24 പന്തില്‍ 19), നസീം ഷാ (16 പന്തില്‍ 14), ഇമാം ഉള്‍ ഹഖ് (26 പന്തില്‍ 10) എന്നിവരാണ് പാകിസ്ഥാന്റെ മറ്റു പ്രധാന സ്‌കോറര്‍മാര്‍. ഒന്‍പത് ഓവറുകള്‍ പന്തെറിഞ്ഞ കുല്‍ദീപ് യാദവ് 40 റണ്‍സ് വഴങ്ങി മൂന്നു വിക്കറ്റുകള്‍ വീഴ്ത്തി.
മത്സരത്തിന്റെ ആദ്യ ഏഴോവറുകളില്‍ ഇന്ത്യയ്ക്ക് വിക്കറ്റൊന്നും ലഭിച്ചിരുന്നില്ല. ബോളര്‍മാരെ മാറിമാറി പരീക്ഷിച്ചെങ്കിലും ആദ്യ വിക്കറ്റ് വീഴ്ത്തിയത് പേസര്‍ ഹാര്‍ദിക് പാണ്ഡ്യയായിരുന്നു. ഹാര്‍ദിക് പാണ്ഡ്യയെറിഞ്ഞ ഒന്‍പതാം ഓവറില്‍ എഡ്ജായ ബാബറിനെ വിക്കറ്റ് കീപ്പര്‍ കെ.എല്‍. രാഹുല്‍ ക്യാച്ചെടുത്ത് പുറത്താക്കുകയായിരുന്നു. പിന്നാലെ കുല്‍ദീപ് യാദവിന്റെ പന്തില്‍ സിംഗിളിനു ശ്രമിച്ച ഇമാമിനെ അക്ഷര്‍ പട്ടേല്‍ റണ്‍ഔട്ടാക്കി. രണ്ടു വിക്കറ്റുകള്‍ പോയതോടെ പാക്കിസ്ഥാന്‍ പ്രതിരോധത്തിലേക്ക് വലിഞ്ഞു. 25.3 ഓവറിലാണ് (153) പന്തുകള്‍) പാകിസ്ഥാന്‍ 100 പിന്നിട്ടത്.
10ാം ഓവറിലെ നാലാം പന്തിലെ ബൗണ്ടറിക്കു ശേഷം ജഡേജയെറിഞ്ഞ 24ാം ഓവറിലെ രണ്ടാം പന്തിലാണ് പാക്കിസ്ഥാന്‍ അടുത്ത ബൗണ്ടറി നേടുന്നത്. 54 പന്തുകള്‍ക്കു ശേഷമായിരുന്നു മുഹമ്മദ് റിസ്‌വാന്റെ ബൗണ്ടറി. വിക്കറ്റു പോകാതിരിക്കാന്‍ പരമാവധി പ്രതിരോധിച്ചാണ് പാക്ക് താരങ്ങള്‍ ഈ സമയത്ത് കളിച്ചത്.
സ്‌കോര്‍ 151 ല്‍ നില്‍ക്കെയാണ് ഇന്ത്യ പാക്കിസ്ഥാന്റെ മൂന്നാം വിക്കറ്റു വീഴ്ത്തുന്നത്. അക്ഷര്‍ പട്ടേലിന്റെ കറങ്ങിത്തിരിഞ്ഞ പന്തില്‍ ബൗണ്ടറി നേടാന്‍ ശ്രമിച്ച റിസ്‌വാന്‍ ബോള്‍ഡാകുകയായിരുന്നു. തൊട്ടുപിന്നാലെ സൗദ് ഷക്കീലിനെ പാണ്ഡ്യ അക്ഷര്‍ പട്ടേലിന്റെ കൈകളിലെത്തിച്ചു.
നാലു റണ്‍സ് മാത്രമെടുത്ത താഹിറിനെ ജഡേജ ബോള്‍ഡാക്കുകയായിരുന്നു. 14 റണ്‍സെടുക്കുന്നതിനിടെയാണ് പാകിസ്ഥാന് മൂന്നു വിക്കറ്റുകള്‍ തുടര്‍ച്ചയായി നഷ്ടപ്പെട്ടത്. സ്‌കോര്‍ 200 ല്‍ എത്തിയതിനു പിന്നാലെ ആഗ സല്‍മാനെ കുല്‍ദീപ് യാദവ് രവീന്ദ്ര ജഡേജയുടെ കൈകളിലെത്തിച്ചു. തൊട്ടടുത്ത പന്തില്‍ ഷഹീന്‍ അഫ്രീദിയെ കുല്‍ദീപ് വിക്കറ്റിനു മുന്നില്‍ കുടുക്കി.
വാലറ്റത്ത് ഖുഷ്ദില്‍ ഷാ മാത്രമാണു പാകിസ്ഥാനു വേണ്ടി പ്രതിരോധിച്ചുനിന്നത്. നസീം ഷായെ ക്യാച്ചെടുത്തു പുറത്താക്കിയ കോലി, ഏകദിന ക്രിക്കറ്റില്‍ ഇന്ത്യയ്ക്കായി കൂടുതല്‍ ക്യാച്ചെടുക്കുന്ന താരമെന്ന റെക്കോര്‍ഡിലുമെത്തി.
വാലറ്റത്ത് സിക്‌സടിച്ച് പാകിസ്ഥാന് പ്രതീക്ഷ നല്‍കിയ ഹാരിസ് റൗഫ് (ഏഴു പന്തില്‍ എട്ട്) റണ്‍ഔട്ടായി. ഹര്‍ഷിത് റാണ എറിഞ്ഞ അവസാന ഓവറിലെ നാലാം പന്തില്‍ സിക്‌സിനു ശ്രമിച്ച ഖുഷ്ദില്‍ ഷായെ വിരാട് കോലി ബൗണ്ടറിക്കു സമീപത്തുനിന്ന് പിടിച്ചെടുത്തു. ഹാര്‍ദിക് പാണ്ഡ്യ രണ്ടു വിക്കറ്റുകളും ഹര്‍ഷിത് റാണ, രവീന്ദ്ര ജഡേജ, അക്ഷര്‍ പട്ടേല്‍ എന്നിവര്‍ ഓരോ വിക്കറ്റും വീഴ്ത്തി.