ബി.സി.സി.ഐ യുടെ അടുത്ത പ്രസിഡന്റിനെ തിരഞ്ഞെടുക്കാന്‍ 20 ന് അമിത് ഷായുടെ വസതിയില്‍ ഉദ്യോഗസ്ഥരുടെ നിര്‍ണായക യോഗം
സപ്റ്റംബര്‍ 28 നകം ബിസിസിഐ യുടെ അടുത്ത ഭാരവാഹികളെ തിരഞ്ഞെടുക്കണം

ന്യൂഡല്‍ഹി: ബി.സി.സി.ഐ യുടെ അടുത്ത പ്രസിഡന്റിനെ തിരഞ്ഞെടുക്കാന്‍ ശനിയാഴ്ച ആഭ്യന്തര മന്ത്രി അമിത് ഷായുടെ വസതിയില്‍ ഉദ്യോഗസ്ഥരുടെ നിര്‍ണായക യോഗം നടക്കുമെന്ന് റിപ്പോര്‍ട്ട്. സപ്റ്റംബര്‍ 28 നകം ബിസിസിഐ യുടെ അടുത്ത ഭാരവാഹികളെ തിരഞ്ഞെടുക്കണം. അതിനുവേണ്ടിയാണ് യോഗം നടത്തുന്നത്. ഏഷ്യാ കപ്പ് നടക്കുന്നതിനിടയില്‍ സെലക്ഷന്‍ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കാനാണ് സുപ്രീം ബോഡി ലക്ഷ്യമിടുന്നത് എന്നാണ് ക്രിക്ക് ബസ് റിപ്പോര്‍ട്ട് ചെയ്യുന്നത്.
കാലാവധി അവസാനിച്ചതിനെ തുടര്‍ന്ന് മുന്‍ ക്രിക്കറ്റ് താരം റോജര്‍ ബിന്നി അടുത്തിടെ ബിസിസിഐ പ്രസിഡന്റ് സ്ഥാനം രാജിവച്ചിരുന്നു. അദ്ദേഹത്തിന് പകരമായി രാജീവ് ശുക്ല താല്‍ക്കാലികമായി പ്രസിഡന്റ് സ്ഥാനത്ത് തുടരുകയാണ്.
2022-ല്‍ ഇന്ത്യന്‍ ക്രിക്കറ്റ് ബോര്‍ഡ് സമാനമായ ഒരു യോഗം ചേര്‍ന്നപ്പോള്‍ അന്നത്തെ ബിസിസിഐ പ്രസിഡന്റായിരുന്ന സൗരവ് ഗാംഗുലിയുടെ പോരായ്മകള്‍ ഉയര്‍ത്തിക്കാട്ടി എന്‍. ശ്രീനിവാസന്‍ രംഗത്തെത്തിയിരുന്നു. ഇതേതുടര്‍ന്ന് ഗാംഗുലിക്ക് പദവി രാജിവയ്ക്കേണ്ടി വരികയും ബിന്നി പിന്‍ഗാമിയായി ചുമതലയേല്‍ക്കുകയും ചെയ്തു.
എന്നിരുന്നാലും ഗാംഗുലി വീണ്ടും പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കാനുള്ള തയാറെടുപ്പിലാണെന്നാണ് ക്രിക്ക് ബസ് റിപ്പോര്‍ട്ട് ചെയ്യുന്നത്. എന്നാല്‍ ശനിയാഴ്ച ഷായുടെ വസതിയില്‍ നടക്കുന്ന യോഗത്തില്‍ ഗാംഗുലി പങ്കെടുക്കുമോ എന്ന കാര്യം വ്യക്തമല്ല.
ബിസിസിഐ പ്രസിഡന്റ് സ്ഥാനത്തേക്ക് ഗാംഗുലിയെ കൂടാതെ മുന്‍ ഇന്ത്യന്‍ താരം ഹര്‍ഭജന്‍ സിംഗും മുന്‍ കര്‍ണാടക സ്പിന്നര്‍ രഘുറാം ഭട്ടും മത്സരിക്കുന്നതായുള്ള വിവരങ്ങളും പുറത്തുവരുന്നുണ്ട്. സംസ്ഥാന അസോസിയേഷന്‍ പ്രതിനിധികളില്‍ തിരഞ്ഞെടുപ്പിനുള്ള മത്സരാര്‍ത്ഥിയായല്ലെങ്കിലും മുന്‍ ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ കിരണ്‍ മോറിന്റെ പേരും പരിഗണനയിലുണ്ടെന്നുള്ള റിപ്പോര്‍ട്ടുകളും പുറത്തുവരുന്നുണ്ട്.