ചാമ്പ്യന്‍സ് ട്രോഫി: താരങ്ങള്‍ക്ക് കുടുംബത്തെ കൂടെ കൂട്ടാനാവില്ലെന്ന നിബന്ധനയില്‍ ഇളവ് അനുവദിച്ച് ബിസിസിഐ

മുംബൈ: ചാമ്പ്യന്‍സ് ട്രോഫി ടൂര്‍ണമെന്റില്‍ പങ്കെടുക്കാനെത്തിയ ഇന്ത്യന്‍ താരങ്ങള്‍ക്ക് ഇളവ് അനുവദിച്ച് ബിസിസിഐ. നേരത്തെ താരങ്ങള്‍ പര്യടനത്തിനായി കുടുംബത്തിനൊപ്പം എത്തുന്നതിന് ബിസിസിഐ വിലക്ക് ഏര്‍പ്പെടുത്തിയിരുന്നു. അതിനാണ് ഇപ്പോള്‍ ഇളവ് അനുവദിച്ചിരിക്കുന്നത്.

ചാമ്പ്യന്‍സ് ട്രോഫിക്കായി ദുബായിലുള്ള ഇന്ത്യന്‍ ടീമിന് ഏതെങ്കിലും ഒരു മത്സരം കാണാന്‍ മാത്രം കുടുംബത്തെ കൊണ്ടുവരാമെന്നാണ് ഇപ്പോള്‍ ബിസിസിഐ അറിയിച്ചിരിക്കുന്നത്. ബന്ധപ്പെട്ട വൃത്തങ്ങളെ ഉദ്ധരിച്ച് ദൈനിക് ജാഗരണ്‍ ആണ് ഇതുസംബന്ധിച്ച വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്. എന്നാല്‍ ഇതിന് ക്രിക്കറ്റ് ബോര്‍ഡില്‍ നിന്ന് മുന്‍കൂര്‍ അനുമതി തേടേണ്ടതുണ്ടെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.

ഓസ്‌ട്രേലിയന്‍ പര്യടനത്തിലെ തോല്‍വിക്ക് പിന്നാലെയാണ് കളിക്കാരുടെ മേല്‍ കര്‍ശനമായ നിയന്ത്രണം ബിസിസിഐ നടപ്പാക്കുന്നത്. ഓസ്‌ട്രേലിയന്‍ പര്യടനത്തിന് പിന്നാലെ ബിസിസിഐ പുറത്തിറക്കിയ കളിക്കാര്‍ക്കുള്ള പെരുമാറ്റച്ചട്ടം അനുസരിച്ച് 45 ദിവസത്തില്‍ കൂടുതലുള്ള വിദേശ പരമ്പരകളില്‍ പരമാവധി രണ്ടാഴ്ചയും 45 ദിവസത്തില്‍ താഴെയുള്ള വിദേശ പരമ്പരകളില്‍ പരമാവധി ഒരാഴ്ചയും മാത്രമെ കളിക്കാര്‍ക്ക് കുടുംബത്തെ കൂടെ കൂട്ടാനാവൂ. എന്നാല്‍ ചാമ്പ്യന്‍സ് ട്രോഫി ഒരു മാസത്തില്‍ കുറഞ്ഞ ടൂര്‍ണമെന്റായതിനാല്‍ കുടുംബത്തെ കൂടെ കൂട്ടാന്‍ അനുമതി നല്‍കേണ്ടതില്ലെന്ന തീരുമാനത്തിലായിരുന്നു ബിസിസിഐ.

ചാമ്പ്യന്‍സ് ട്രോഫിക്കായി ദുബായിലേക്ക് തിരിക്കും മുമ്പ് കുടുംബത്തെ കൂടെ കൂട്ടാനാവുമോ എന്ന് ഒരു സീനിയര്‍ താരം ചോദിച്ചെങ്കിലും ബിസിസിഐ അനുമതി നിഷേധിച്ചുവെന്ന രീതിയില്‍ വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു. ചാമ്പ്യന്‍സ് ട്രോഫിയിലും പെരുമാറ്റച്ചട്ടം കര്‍ശനമായി നടപ്പാക്കുമെന്ന തീരുമാനത്തിലാണ് ബിസിസിഐ. ഇക്കാര്യത്തില്‍ സീനിയര്‍ താരങ്ങള്‍ക്ക് പ്രത്യേക ഇളവ് അനുവദിക്കാനാവില്ലെന്നും ബിസിസിഐ വൃത്തങ്ങള്‍ വ്യക്തമാക്കിയിരുന്നു. ഏതെങ്കിലും കളിക്കാരന് പ്രത്യേക ഇളവ് നല്‍കുകയാണെങ്കില്‍ കുടുംബത്തിന്റെ മുഴുവന്‍ ചെലവും ആ കളിക്കാര്‍ തന്നെ വഹിക്കേണ്ടിവരുമെന്നും ബിസിസിഐ നേരത്തെ വ്യക്തമാക്കിയിരുന്നു.

അടുത്തിടെ കളിക്കാര്‍ ആഭ്യന്തര ക്രിക്കറ്റില്‍ കളിക്കണമെന്ന നിര്‍ദേശം ബിസിസിഐ കര്‍ശനമാക്കിയതോടെ ക്യാപ്റ്റന്‍ രോഹിത് ശര്‍മയും വിരാട് കോലിയുമെല്ലാം രഞ്ജി ട്രോഫിയില്‍ കളിക്കാന്‍ നിര്‍ബന്ധിതരായിരുന്നു. ഇംഗ്ലണ്ടിനെതിരായ ഏകദിന, ടി20 പരമ്പരകളിലും കളിക്കാര്‍ പെരുമാറ്റച്ചട്ടം പാലിക്കുന്നുണ്ടെന്ന് ബിസിസിഐ ഉറപ്പുവരുത്തിയിരുന്നു.

Related Articles
Next Story
Share it