ഏഷ്യാ കപ്പ്: ഒമാനില്‍ നടക്കുന്ന മത്സരത്തിന് മുമ്പ് ഇന്ത്യയുടെ പരിശീലന ഷെഡ്യൂളില്‍ മാറ്റങ്ങള്‍ വരുത്തി ബിസിസിഐ

ടീമിന്റെ പരിശീലന സെഷനും പത്രസമ്മേളനങ്ങളും മാറ്റി

ഏഷ്യാ കപ്പില്‍ ഒമാനില്‍ നടക്കുന്ന മത്സരത്തിന് മുമ്പ് ബുധനാഴ്ച (സെപ്റ്റംബര്‍ 17) ഇന്ത്യയുടെ പരിശീലന ഷെഡ്യൂളില്‍ മാറ്റങ്ങള്‍ വരുത്തി ബിസിസിഐ. ഇന്ത്യ ഷെഡ്യൂള്‍ ചെയ്ത പരിശീലന സെഷനും പത്രസമ്മേളനങ്ങളും മാറ്റി. യുഎഇക്കെതിരായ ഗ്രൂപ്പ് ഘട്ട മത്സരത്തിന് മുമ്പ് പാകിസ്ഥാന്‍ നടത്തിയ പ്രീ-മാച്ച് പത്രസമ്മേളനം റദ്ദാക്കിയതിന് മണിക്കൂറുകള്‍ക്ക് ശേഷമാണ് ബിസിസിഐ പരിശീലന ഷെഡ്യൂളില്‍ മാറ്റങ്ങള്‍ വരുത്തിയത്. ഷെഡ്യൂളിലെ അവസാന നിമിഷത്തെ മാറ്റത്തിന് പാകിസ്ഥാന്‍ ഔദ്യോഗിക കാരണമൊന്നും പറഞ്ഞില്ലെങ്കിലും ഇന്ത്യ കാരണം വ്യക്തമാക്കിയിട്ടുണ്ട്. ടീം മാനേജ്‌മെന്റ് വിശ്രമ ദിനമാണെന്ന് തീരുമാനിച്ചു എന്നാണ് ഇന്ത്യ അറിയിച്ചത്.

മള്‍ട്ടി-നാഷണല്‍ ടൂര്‍ണമെന്റില്‍ ഒരു അന്താരാഷ്ട്ര മത്സരത്തിന് ഒരു ദിവസം മുമ്പ് പത്രസമ്മേളനം നടത്താതിരുന്നത് ടൂര്‍ണമെന്റിന്റെ ശേഷിക്കുന്ന മത്സരങ്ങളില്‍ നിന്നും മാച്ച് റഫറി ആന്‍ഡി പൈക്രോഫ്റ്റിനെ നീക്കം ചെയ്യണമെന്ന പാകിസ്ഥാന്റെ നിലപാടുമായി ബന്ധപ്പെട്ട കടുത്ത ചോദ്യങ്ങള്‍ ഒഴിവാക്കാനുള്ള മാര്‍ഗമായാണ് കണക്കാക്കപ്പെടുന്നതെങ്കിലും, ഇന്ത്യയുടെ നീക്കം അത്ര വിവാദപരമായിരുന്നില്ല.

ഏഷ്യാ കപ്പ് ആരംഭിക്കുന്നതിന് മുമ്പ്, ടൂര്‍ണമെന്റിലെ ഇന്ത്യയുടെ എല്ലാ പരിശീലന സെഷനുകളുടെയും പത്രസമ്മേളനങ്ങളുടെയും ഷെഡ്യൂള്‍ ബിസിസിഐ പുറത്തിറക്കി. സെപ്റ്റംബര്‍ 17 ന് വൈകുന്നേരം 6 മണി മുതല്‍ (ഗള്‍ഫ് സമയം) ഇന്ത്യ മൂന്ന് മണിക്കൂര്‍ പരിശീലന സെഷന്‍ നടത്തുമെന്നും ടീമിലെ ഒരു അംഗം മാധ്യമങ്ങളുമായി ആശയവിനിമയം നടത്തുമെന്നും ഷെഡ്യൂളില്‍ പരാമര്‍ശിച്ചിരുന്നു.

എന്നിരുന്നാലും ചൊവ്വാഴ്ച രാത്രി വൈകി ഡെഷ്യൂളില്‍ പറഞ്ഞിരിക്കുന്ന കാര്യങ്ങള്‍ രണ്ടും നടക്കില്ലെന്ന് ബോര്‍ഡ് സ്ഥിരീകരിച്ചു. 'നാളെ മാധ്യമങ്ങളോ പരിശീലന സെഷനോ ഉണ്ടാകില്ല, ഇന്ന് വിശ്രമ ദിനമാണ്. വ്യാഴാഴ്ചത്തെ പ്രീ-മാച്ച് പിസിക്കുള്ള പരിശീലന സമയവും പിസി സമയവും പിന്നീട് അറിയിക്കും,' - എന്നാണ് ബിസിസിഐ ഔദ്യോഗിക വാട് സ് ആപ്പ് ഗ്രൂപ്പില്‍ പറഞ്ഞത്.

വെള്ളിയാഴ്ച ഒമാനുമായുള്ള അവസാന ഗ്രൂപ്പ്-ഘട്ട മത്സരത്തിനായി തയ്യാറെടുക്കുന്നതിനായി ചൊവ്വാഴ്ച എല്ലാ സ്‌ക്വാഡ് അംഗങ്ങളും പങ്കെടുത്ത ഒരു പൂര്‍ണ്ണ പരിശീലന സെഷന്‍ ഇന്ത്യ നടത്തിയിരുന്നു.

നേരത്തെ പങ്കിട്ട ഷെഡ്യൂള്‍ മുന്‍കൂര്‍ അറിയിപ്പില്ലാതെ മാറ്റത്തിന് വിധേയമാണെന്ന് ബിസിസിഐ വ്യക്തമാക്കിയിരുന്നു എന്നതും പ്രത്യേകം എടുത്തുപറയേണ്ടതാണ്.

Related Articles
Next Story
Share it