ബി.സി.സി.ഐ കേന്ദ്ര കരാറുകള്‍ പ്രഖ്യാപിച്ചു: രോഹിത് ശര്‍മ്മയേയും വിരാട് കോഹ് ലിയേയും ടോപ്പ് ഗ്രേഡില്‍ നിലനിര്‍ത്തി, ശ്രേയസ് അയ്യരും ഇഷാന്‍ കിഷനും തിരിച്ചെത്തി
സഞ്ജു സാംസണും ശുഭ് മാന്‍ ഗില്ലിനും സ്ഥാനക്കയറ്റമില്ല

2024-25 സീസണിലെ ഇന്ത്യന്‍ പുരുഷ ക്രിക്കറ്റ് ടീമിനായുള്ള വാര്‍ഷിക കളിക്കാരുടെ കരാറുകള്‍ ബിസിസിഐ പ്രഖ്യാപിച്ചു. കഴിഞ്ഞ വര്‍ഷം ടി20യില്‍ നിന്ന് വിരമിച്ചെങ്കിലും ഇന്ത്യന്‍ സീനിയര്‍ താരങ്ങളായ രോഹിത് ശര്‍മ്മ, വിരാട് കോഹ്ലി, രവീന്ദ്ര ജഡേജ എന്നിവരെ ടോപ്പ് ഗ്രേഡില്‍ എ+ കാറ്റഗറിയില്‍ നിലനിര്‍ത്തി. 34 കളിക്കാരുമായി ബോര്‍ഡ് കരാര്‍ നല്‍കുന്ന ഈ വിഭാഗത്തിലെ നാലാമത്തെ കളിക്കാരനാണ് ജസ് പ്രീത് ബുംറ.
കെഎല്‍ രാഹുല്‍, മുഹമ്മദ് സിറാജ്, ശുഭ് മാന്‍ ഗില്‍, ഹാര്‍ദിക് പാണ്ഡ്യ, മുഹമ്മദ് ഷമി, ഋഷഭ് പന്ത് എന്നിവരുള്‍പ്പെടെ ആറ് കളിക്കാരെ എ വിഭാഗത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്, പന്തിന് സ്ഥാനക്കയറ്റവും ലഭിച്ചു.
ആഭ്യന്തര ക്രിക്കറ്റില്‍ കളിക്കാത്തതിനാല്‍ ബോര്‍ഡ് ശിക്ഷിച്ചതിനെത്തുടര്‍ന്ന് കഴിഞ്ഞ സീസണില്‍ ഒഴിവാക്കപ്പെട്ട ശ്രേയസ് അയ്യരും ഇഷാന്‍ കിഷനും കരാര്‍ പട്ടികയില്‍ തിരിച്ചെത്തി.
സൂര്യകുമാര്‍ യാദവ്, കുല്‍ദീപ് യാദവ്, അക്‌സര്‍ പട്ടേല്‍, യശസ്വി ജയ് സ്വാള്‍ എന്നിവര്‍ക്കൊപ്പം അയ്യറും ഗ്രേഡ് ബിയില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. മറുവശത്ത്, ഇഷാന്‍ ഗ്രേഡ് സിയിലാണ്. 19 കളിക്കാരാണ് ഗ്രേഡ് സിയില്‍ ഉള്ളത്.
സി ഗ്രേഡില്‍ നിന്ന് ഒഴിവാക്കിയതിന് ശേഷം നിതീഷ് കുമാര്‍ റെഡ്ഡി, ഹര്‍ഷിത് റാണ, അഭിഷേക് ശര്‍മ്മ, വരുണ്‍ ചക്രവര്‍ത്തി എന്നിവര്‍ക്ക് ബി.സി.സി.ഐയുടെ കേന്ദ്ര കരാറുകള്‍ ലഭിച്ചു. ചാമ്പ്യന്‍സ് ട്രോഫിയില്‍ ഇന്ത്യയുടെ വിജയത്തില്‍ നിര്‍ണായക പങ്ക് വഹിച്ചതിന് സ്പിന്നര്‍ ചക്രവര്‍ത്തിയും കരാറില്‍ ഉള്‍പ്പെട്ടു.
കഴിഞ്ഞ വര്‍ഷം ടി20 ക്രിക്കറ്റില്‍ ഇന്ത്യക്കായി ഓപ്പണറായി തിളങ്ങിയ സഞ്ജു സാംസണെ ബി ഗ്രേഡിലേക്ക് പരിഗണിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും പുതിയ കരാറിലും സഞ്ജു സി ഗ്രേഡില്‍ തന്നെയാണ്. അതേസമയം, കഴിഞ്ഞ വര്‍ഷം ഓസ്‌ട്രേലിയയില്‍ നിരാശപ്പെടുത്തിയ റിഷഭ് പന്ത് പുതിയ കരാറില്‍ ബി ഗ്രേഡില്‍ നിന്ന് എ ഗ്രേഡിലേക്ക് സ്ഥാനക്കയറ്റം നേടിയെന്നതും ശ്രദ്ധേയമാണ്.
രോഹിത് ശര്‍മയുടെ പിന്‍ഗാമിയായി ഏകദിനങ്ങളിലും ടെസ്റ്റിലും ഇന്ത്യയുടെ നായകനായി പരിഗണിക്കുന്ന ഗില്‍ നിലവില്‍ അഞ്ച് കോടി രൂപ വാര്‍ഷിക പ്രതിഫലമുള്ള എ ഗ്രേഡിലായിരുന്നു. ഇപ്പോള്‍ പ്രഖ്യാപിച്ച അടുത്ത വര്‍ഷത്തേക്കുള്ള വാര്‍ഷിക കരാറിലും ഗില്ലിനെ എ ഗ്രേഡില്‍ തന്നെയാണ് ബിസിസിഐ നിലനിര്‍ത്തിയിരിക്കുന്നത്.
രാജ്യാന്തര ക്രിക്കറ്റില്‍ നിന്ന് വിരമിച്ച ആര്‍ അശ്വിനും പേസര്‍മാരായ ഷാര്‍ദ്ദുല്‍ താക്കൂറും ആവേശ് ഖാനും വിക്കറ്റ് കീപ്പര്‍മാരായ ജിതേഷ് ശര്‍മയും കെ എസ് ഭരതുമാണ് കഴിഞ്ഞ വര്‍ഷത്തെ കരാറില്‍ നിന്ന് പുറത്തായ താരങ്ങള്‍. നിശ്ചിത കാലയളവില്‍ ഇന്ത്യക്കായി മൂന്ന് ടെസ്റ്റിലോ, എട്ട് ഏകദിനത്തിലോ 10 ടി20 മത്സരങ്ങളിലോ കളിക്കുന്നവരെയാണ് സി കാറ്റഗറിയില്‍ ഉള്‍പ്പെടുത്താറുള്ളത്.
രോഹിത്, കോഹ്ലി, ജഡേജ എന്നിവര്‍ ഇനി മൂന്ന് ഫോര്‍മാറ്റുകളിലും ഇന്ത്യയെ പ്രതിനിധീകരിക്കാത്തതിനാല്‍ തരംതാഴ്ത്തുമോ എന്ന അഭ്യൂഹങ്ങളുണ്ടായിരുന്നു.
ഗ്രേഡിനുള്ള ശമ്പളം
ഒരു കോടി രൂപ (ഗ്രേഡ് സി) മുതല്‍ ഏഴ് കോടി രൂപ (ഗ്രേഡ് എ) വരെയാണ്.
ഗ്രേഡ് ബിയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളവര്‍ക്ക് 5 കോടി രൂപ വീതവും ഗ്രേഡ് സിയിലെ കളിക്കാര്‍ക്ക് 3 കോടി രൂപ വീതവും ലഭിക്കും.
ഗ്രേഡ് എ+: രോഹിത് ശര്‍മ്മ, വിരാട് കോലി, ജസ്പ്രീത് ബുംറ, രവീന്ദ്ര ജഡേജ
ഗ്രേഡ് എ: മുഹമ്മദ് സിറാജ്, കെ എല്‍ രാഹുല്‍, ശുഭ്മാന്‍ ഗില്‍, ഹാര്‍ദിക് പാണ്ഡ്യ, മുഹമ്മദ് ഷമി, ഋഷഭ് പന്ത്
ഗ്രേഡ് ബി: സൂര്യകുമാര്‍ യാദവ്, കുല്‍ദീപ് യാദവ്, അക്‌സര്‍ പട്ടേല്‍, യശസ്വി ജയ്‌സ്വാള്‍, ശ്രേയസ് അയ്യര്‍
ഗ്രേഡ് സി: റിങ്കു സിംഗ്, തിലക് വര്‍മ, റുതുരാജ് ഗെയ് ക് വാദ്, ശിവം ദുബെ, രവി ബിഷ്ണോയ്, വാഷിംഗ്ടണ്‍ സുന്ദര്‍, മുകേഷ് കുമാര്‍, സഞ്ജു സാംസണ്‍, അര്‍ഷ്ദീപ് സിംഗ്, പ്രശസ്ത് കൃഷ്ണ, രജത് പതിദാര്‍, ധ്രുവ് ജുറെല്‍, സര്‍ഫറാസ് ഖാന്‍, നിതീഷ് കുമാര്‍ റെഡ്ഡി, ഇഷാന്‍ കിഷന്‍, അഭിഷേക് ശര്‍മ, ആകാശ് ദീപ്, വരുണ്‍ ചക്രവര്‍ത്തി, ഹര്‍ഷിദ് റാണ.