അഭിമാനം അസ്ഹറുദ്ദീന്‍..ക്രിക്കറ്റില്‍ കാസര്‍കോടിന്റെ കയ്യൊപ്പ്

കാസര്‍കോട്: രഞ്ജി ട്രോഫിയില്‍ ഗുജറാത്തിനെതിരെ കേരളത്തിന്റെ മുഹമ്മദ് അസ്ഹറുദ്ദീന്‍ സെഞ്ച്വറി നേടിയപ്പോള്‍ കാസര്‍കോടിന് ഇരട്ടി മധുരമാണ്. കാസര്‍കോട് തളങ്കര സ്വദേശിയായ അസ്ഹറുദ്ദീന്റെ നേട്ടത്തില്‍ അഭിമാനിക്കുകയാണ് നാടും നാട്ടുകാരും. അസ്ഹറുദ്ദീന്റെ ക്രിക്കറ്റിലെ വളര്‍ച്ചയ്ക്ക് ഓരോ ഘട്ടത്തിലും സാക്ഷ്യം വഹിക്കുകയായിരുന്നു ഒരു നാട് മുഴുവന്‍.പത്താം വയസ്സില്‍ തളങ്കര ടാസ് ക്ലബ്ബില്‍ ക്രിക്കറ്റ് കളിക്കാന്‍ തുടങ്ങിയ അസ്ഹറുദ്ദീന്‍, 11ാം വയസ്സില്‍ അണ്ടര്‍ 13 ജില്ലാ ടീമിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. പിന്നീട് ജില്ലാ ടീം ക്യാപ്റ്റനായി. അണ്ടര്‍ 15 ടീമിലും ക്യാപ്റ്റനായി. കേരള ക്രിക്കറ്റ് അസോസിയേഷന്റെ അക്കാദമിയില്‍ ചേര്‍ന്നു. അണ്ടര്‍ 19 കേരള ടീമില്‍ ചേര്‍ന്ന അദ്ദേഹം തമിഴ്‌നാടിനെതിരെ ആദ്യ പന്തില്‍ തന്നെ സിക്‌സര്‍ നേടി അരങ്ങേറ്റം കുറിച്ചു. രണ്ട് വര്‍ഷത്തിന് ശേഷം, അണ്ടര്‍ 23 ടീമിലേക്കും തുടര്‍ന്ന് സീനിയര്‍ ടീമിലേക്കും തിരഞ്ഞെടുക്കപ്പെട്ടു. 2015-16 സീസണിലാണ് ആദ്യമായി രഞ്ജി ട്രോഫി കളിക്കുന്നത്. തുടര്‍ന്ന് ടീമിലെ സ്ഥിര സാന്നിധ്യമായി.

ആഭ്യന്തര ട്വന്റി-20 ടൂര്‍ണമെന്റിലെ ഏറ്റവും വേഗതയേറിയ രണ്ടാമത്തെ സെഞ്ചുറിയെന്ന റെക്കോഡിന് ഉടമയാണ് 30കാരനായ അസ്ഹറുദ്ദീന്‍. 2021ല്‍ മുംബൈക്കെതിരായ സയ്യിദ് മുഷ്താഖ് അലി ട്രോഫി ഗ്രൂപ്പ് മത്സരത്തില്‍ 26 വയസ്സുള്ളപ്പോള്‍ 37 പന്തില്‍ സെഞ്ചുറി നേടിയാണ് ഈ നേട്ടം കൈവരിച്ചത്.

മുഷ്താഖ് അലി ട്രോഫിയില്‍ സെഞ്ചുറി നേടുന്ന ആദ്യ കേരള താരമെന്ന റെക്കോഡിനും അദ്ദേഹം അര്‍ഹനായി. മികച്ച പ്രകടനത്തിന് കേരള ക്രിക്കറ്റ് അസോസിയേഷന്‍ 1.37 ലക്ഷം രൂപ ക്യാഷ് പ്രൈസ് നല്‍കിയിരുന്നു. ദേശീയ ക്രിക്കറ്റിലും ഇതോടെ കൂടുതല്‍ ശ്രദ്ധിക്കപ്പെട്ടു. 11 സിക്സറുകളും ഒമ്പത് ഫോറുകളും ഉള്‍പ്പെട്ട കിടിലന്‍ ഇന്നിങ്സ് ആയിരുന്നു അത്.ഐപിഎല്ലില്‍ റോയല്‍ ചാലഞ്ചേഴ്സ് ബെംഗളൂരുവിന്റെ താരമാണ് അസ്ഹറുദ്ദീന്‍.ഇന്ന് അഹമ്മദാബാദില്‍ നേടിയ സെഞ്ചുറിയോടെ അസ്ഹറുദ്ദീന്‍ കേരളത്തിന്റെ വിക്കറ്റ് കീപ്പര്‍ സ്ഥാനം ഒന്നുകൂടി ഉറപ്പിക്കുകയാണ്.

Online Desk
Online Desk - Sub Editor  
Related Articles
Next Story
Share it