ഏഷ്യാ കപ്പ്: അവസാന സൂപ്പര്‍ ഫോര്‍ മത്സരത്തില്‍ ശ്രീലങ്കയെ നേരിടാനുള്ള തയാറെടുപ്പില്‍ ഇന്ത്യ
ഇന്ത്യ ഇതിനോടകം തന്നെ ഫൈനലിന് യോഗ്യത നേടിയതിനാല്‍ മത്സരം നിര്‍ണായകമല്ല

അവസാന സൂപ്പര്‍ ഫോര്‍ മത്സരത്തില്‍ ശ്രീലങ്കയെ നേരിടാനുള്ള തയാറെടുപ്പില്‍ ഇന്ത്യ. വെള്ളിയാഴ്ച ദുബായ് ഇന്റര്‍നാഷണല്‍ ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ രാത്രി 8 മണിക്കാണ് മത്സരം. ഇന്ത്യ ഇതിനോടകം തന്നെ ഫൈനലിന് യോഗ്യത നേടിയതിനാല്‍ മത്സരം നിര്‍ണായകമല്ല. എന്നാല്‍ ശ്രീലങ്കയ്ക്ക് നിര്‍ണായകമാണ്.
നേരത്തെ പാകിസ്ഥാനേയും ബംഗ്ലാദേശിനേയും പരാജയപ്പെടുത്തിയാണ് ഇന്ത്യ ഫൈനലില്‍ സ്ഥാനം ഉറപ്പിച്ചത്. ഏഷ്യാ കപ്പില്‍ തോല്‍വി അറിയാതെയാണ് ഇന്ത്യന്‍ ടീം ഫൈനല്‍ ഉറപ്പിച്ചതെങ്കില്‍ സൂപ്പര്‍ ഫോറില്‍ ഒരു ജയമെങ്കിലും സ്വന്തമാക്കി മാനം കാക്കാനാവും ശ്രീലങ്കയുടെ ശ്രമം. രണ്ട് മത്സരങ്ങളില്‍ നിന്നായി നാല് പോയിന്റുമായി സൂര്യകുമാര്‍ യാദവ് നയിക്കുന്ന ഇന്ത്യന്‍ ടീം മുന്നിലാണ്. ബാറ്റിംഗ്, ബൗളിംഗ് വിഭാഗങ്ങളിലെ ആധിപത്യം മത്സരത്തില്‍ ഇതുവരെയുള്ള ടീമിന്റെ സ്ഥിരതയാര്‍ന്ന പ്രകടനം ഉറപ്പാക്കിയിട്ടുണ്ട്.
മറുവശത്ത്, ശ്രീലങ്ക ടൂര്‍ണമെന്റില്‍ നിന്ന് പുറത്തായി. ബംഗ്ലാദേശിനോടും പാകിസ്ഥാനോടും ഏറ്റ തുടര്‍ച്ചയായ തോല്‍വികളെ തുടര്‍ന്ന് നിലവില്‍ പോയിന്റുകളൊന്നും ലഭിച്ചിട്ടില്ല. അതുകൊണ്ടുതന്നെ ഫൈനലിലെത്താനുള്ള അവരുടെ പ്രതീക്ഷകള്‍ അസ്തമിച്ചു. സെപ്റ്റംബര്‍ 28 നാണ് ഫൈനല്‍ മത്സരം. ഇന്ത്യന്‍ ടീമിനെ സംബന്ധിച്ചിടത്തോളം ഫൈനലിന് മുമ്പുള്ള ഒരു ഡ്രസ് റിഹേഴ്സല്‍ മാത്രമാണ് ഈ മത്സരം. ഫൈനലില്‍ എതാരാളികളാരെന്ന് കണ്ടെത്തണമെങ്കില്‍ പാകിസ്ഥാനും ബംഗ്ലാദേശും തമ്മിലുള്ള മത്സരം കഴിയണം.
പിച്ച് റിപ്പോര്‍ട്ട്
കഴിഞ്ഞ മത്സരങ്ങളില്‍ നിന്നെല്ലാം മനസ്സിലാക്കുന്നത് ദുബായ് ഇന്റര്‍നാഷണല്‍ ക്രിക്കറ്റ് സ്റ്റേഡിയം ബാറ്റ്‌സ്മാന്‍മാര്‍ക്ക് അനുകൂലമായ വേദിയാണെന്നാണ്. ആദ്യ ഇന്നിംഗ്‌സിലെ ശരാശരി സ്‌കോര്‍ ഏകദേശം 144 ആയിരുന്നു. ടോസ് നേടുന്ന ക്യാപ്റ്റന്‍ ആദ്യം ബൗള്‍ ചെയ്യാന്‍ ആഗ്രഹിക്കും. പുതിയ പന്ത് ഉപയോഗിച്ച് ടീമുകള്‍ ആദ്യം കളിക്കളത്തില്‍ ഇറങ്ങാന്‍ ശ്രമിക്കും.
ടീം
ഇന്ത്യ:
അഭിഷേക് ശര്‍മ്മ, ശുഭ്മാന്‍ ഗില്‍, സൂര്യകുമാര്‍ യാദവ്(c), തിലക് വര്‍മ്മ, സഞ്ജു സാംസണ്‍, ശിവം ദുബെ, ഹാര്‍ദിക് പാണ്ഡ്യ, അക്‌സര്‍ പട്ടേല്‍, കുല്‍ദീപ് യാദവ്, ജസ്പ്രീത് ബുംറ, വരുണ്‍ ചക്രവര്‍ത്തി
ശ്രീലങ്ക:
പാതം നിസ്സങ്ക, കുസല്‍ മെന്‍ഡിസ്(c), കുസല്‍ പെരേര, ചരിത അസലങ്ക, ദസുന്‍ ഷനക, കമിന്ദു മെന്‍ഡിസ്, ചാമിക കരുണരത്നെ, വാണിന്ദു ഹസരംഗ, മഹേഷ് തീക്ഷണ, ദുഷ്മന്ത ചമീര, നുവാന്‍ തുഷാര.