ഏഷ്യാ കപ്പിന് ഇന്ന് തുടക്കം; 9ാം കിരീടം ലക്ഷമിട്ട് ഇന്ത്യ; നാളെ ആതിഥേയരായ യു.എ.ഇയെ നേരിടും
സെപ്റ്റംബര്‍ 14 ന് ആണ് ബദ്ധവൈരികളായ ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള മത്സരം

2025 ലെ ഏഷ്യാ കപ്പ് ക്രിക്കറ്റിന് യു.എ.ഇയില്‍ ഇന്ന് തുടക്കം. ഇന്ത്യ അടക്കം എട്ട് ടീമുകളാണ് മാറ്റുരയ്ക്കുന്നത്. ആദ്യമായാണ് ഏഷ്യാകപ്പില്‍ എട്ടുടീമുകള്‍ കളിക്കുന്നത്. ദുബായ്, അബുദാബി എന്നീ വേദികളിലായി ടൂര്‍ണമെന്റിലാകെ 19 മത്സരങ്ങളുണ്ട്. സെപ്തംബര്‍ 28 വരെയാണ് മത്സരങ്ങള്‍ നടക്കുക. നാല് ടീമുകള്‍ വീതമുള്ള രണ്ട് ഗ്രൂപ്പുകളായി തിരിച്ചിരിക്കുന്ന എട്ട് ടീമുകളാണ് ഈ വര്‍ഷത്തെ ടൂര്‍ണമെന്റില്‍ പങ്കെടുക്കുന്നത്.
2026 ലെ ടി20 ലോകകപ്പ് ലക്ഷ്യമിട്ടുകൊണ്ട് ഈ വര്‍ഷത്തെ ഏഷ്യാ കപ്പിന്റെ മത്സരങ്ങള്‍ ടി20 ഫോര്‍മാറ്റിലാണ് നടക്കുക. 2023ല്‍ നടന്ന അവസാന എഡിഷനില്‍ ഏകദിന ഫോര്‍മാറ്റിലാണ് കളിച്ചത്. ഗ്രൂപ്പ് മത്സരങ്ങളിലെ ആദ്യ രണ്ടു സ്ഥാനക്കാര്‍ സൂപ്പര്‍ ഫോറിലെത്തും. ലീഗ് അടിസ്ഥാനത്തില്‍ നടക്കുന്ന സൂപ്പര്‍ ഫോറില്‍ ആദ്യ രണ്ടു സ്ഥാനത്തെത്തുന്നവര്‍ 28-ന് ഫൈനല്‍ കളിക്കും.
യുഎഇയിലെ കാലാവസ്ഥയോട് പൊരുത്തപ്പെടലാണ് കളിക്കാരുടെ മുന്നിലുള്ള ആദ്യവെല്ലുവിളി. കനത്തചൂടില്‍നിന്ന് പതുക്കെ മോചനം നേടിവരുന്നതേ ഉള്ളൂ. യുഎഇ സമയം വൈകിട്ട് ആറുമണിക്ക് തുടങ്ങാനിരുന്ന മത്സരങ്ങള്‍ ചൂടുകാരണം ആറരയിലേക്ക് മാറ്റിയിരുന്നു.
നിലവിലെ ചാമ്പ്യന്മാരായ ഇന്ത്യ ബുധനാഴ്ച ആതിഥേയരായ യു.എ.ഇയെ നേരിടും. ഇന്ന് അബുദാബിയില്‍ അഫ്ഗാനിസ്ഥാനും ഹോങ്കോങ്ങും തമ്മിലാണ് മത്സരം നടക്കുന്നത്. ഇന്ത്യ നാളെ പ്രതീക്ഷയോടെയാണ് കളത്തിലിറങ്ങുന്നത്. ഒമ്പതാം കിരീടമാണ് ടീമിന്റെ ലക്ഷ്യം.
ഇത്തവണ മുതിര്‍ന്ന താരങ്ങളായ വിരാട് കോഹ്ലിയുടേയോ രോഹിത് ശര്‍മ്മയുടേയോ പിന്‍ബലമില്ലാതെ സൂര്യകുമാര്‍ യാദവിന്റെ നേതൃത്വത്തിലാണ് ഇന്ത്യ കളത്തില്‍ ഇറങ്ങുന്നത്. അഭിഷേക് ശര്‍മ്മ, തിലക് വര്‍മ്മ, ശുഭ്മാന്‍ ഗില്‍, സഞ്ജു സാംസണ്‍, വരുണ്‍ ചക്രവര്‍ത്തി, കുല്‍ദീപ് യാദവ് എന്നിവരാണ് ഇന്ത്യന്‍ ടീമിന്റെ പ്രതീക്ഷകള്‍. അഭിഷേക്, സഞ്ജു സാംസണ്‍, വരുണ്‍ ചക്രവര്‍ത്തി എന്നിവര്‍ ആദ്യമായാണ് ഏഷ്യാ കപ്പില്‍ കളിക്കുന്നത്.
ലോക ഒന്നാം നമ്പര്‍ ടി20 ടീമായ ഇന്ത്യയാണ് കിരീട സാധ്യതയുള്ള ടീമുകളിലൊന്ന്. എന്നാല്‍ ശ്രീലങ്ക, അഫ്ഗാനിസ്ഥാന്‍, ബംഗ്ലാദേശ്, പാകിസ്ഥാന്‍ തുടങ്ങിയ ടീമുകളെയും അവഗണിക്കാന്‍ കഴിയില്ല. ഇവരെ കൂടാതെ, യുണൈറ്റഡ് അറബ് എമിറേറ്റ്‌സ് ടീമും ഇത്തവണ മികച്ച പ്രകടനം കാഴ്ചവയ്ക്കുകയും കുറഞ്ഞത് സൂപ്പര്‍ ഫോറിലേക്ക് യോഗ്യത നേടുകയും ചെയ്യമെന്നാണ് ആരാധകരുടെ പ്രതീക്ഷ.
സെപ്റ്റംബര്‍ 14 ന് ആണ് ദുബായില്‍ ബദ്ധവൈരികളായ ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള മത്സരം. അത് കാണാനുള്ള ആകാംക്ഷയിലാണ് ആരാധകര്‍. മത്സരത്തിന്റെ അവസാനത്തില്‍ മറ്റൊരു ഹൈവോള്‍ട്ടേജ് മത്സരം സംഘടിപ്പിക്കാനുള്ള സാധ്യതയുമുണ്ട്. ഗ്രൂപ്പ് ഘട്ടം പൂര്‍ത്തിയാക്കാന്‍ ഇന്ത്യ അബുദാബിയില്‍ ഒമാനെ നേരിടും.
ഗ്രൂപ്പ് ബിയില്‍ പ്രവചനാതീതമായ മത്സരമായിരിക്കും നടക്കുക. ബംഗ്ലാദേശിനെതിരെ പ്രതികാരം ചെയ്യാനുള്ള അവസരം ശ്രീലങ്കയ്ക്ക് ലഭിക്കും. ത്രിരാഷ്ട്ര പരമ്പരയിലെ പരാജയത്തിന് ശേഷം അഫ്ഗാനിസ്ഥാന്റെ ശക്തിയും പരീക്ഷിക്കപ്പെടും, ഹോങ്കോങ്ങിന്റെ നിര്‍ഭയമായ സമീപനവും കാണാം.