ചാമ്പ്യന്‍സ് ട്രോഫി ഫൈനലില്‍ ഇന്ത്യയുടെ ഗെയിം ചേഞ്ചര്‍ ആരായിരിക്കും; പ്രവചനവുമായി ആര്‍ അശ്വിന്‍

ചെന്നൈ: ചാമ്പ്യന്‍സ് ട്രോഫിയില്‍ ഇന്ത്യയും ന്യൂസിലന്‍ഡും തമ്മിലുള്ള ഫൈനല്‍ മത്സരം ഞായറാഴ്ച ദുബൈയില്‍ വച്ച് നടക്കാനിരിക്കെ ആരാധകരെല്ലാം വലിയ പ്രതീക്ഷയിലാണ്.

തൊട്ടുമുമ്പുള്ള മത്സരങ്ങളില്‍ മികച്ച പ്രകടനം കാഴ്ച വച്ച താരങ്ങളില്‍ ഇവര്‍ കൂടുതല്‍ പ്രതീക്ഷ അര്‍പ്പിക്കുന്നു. അതില്‍ പ്രധാനപ്പെട്ട താരങ്ങളാണ് ക്യാപ്റ്റന്‍ രോഹിത് ശര്‍മ, ശുഭ്മാന്‍ ഗില്‍, വരുണ്‍ ചക്രവര്‍ത്തി തുടങ്ങിയവര്‍.

ക്യാപ്റ്റന്‍ രോഹിത് ശര്‍മ നല്‍കുന്ന വെടിക്കെട്ട് തുടക്കവും ശുഭ്മാന്‍ ഗില്ലിന്റെ മിന്നും പ്രകടനവും വിരാട് കോലിയുടെ ചേസിംഗ് മികവും വരുണ്‍ ചക്രവര്‍ത്തിയുടെ മിസ്റ്ററി സ്പിന്നുമെല്ലാമാണ് ആരാധകരുടെ പ്രതീക്ഷ മുഴുവനും. എന്നാല്‍ ഫൈനലില്‍ മത്സരത്തിന്റെ ഗതി മാറ്റുന്ന ഇന്ത്യന്‍ താരം ഇവരൊന്നുമായിരിക്കില്ലെന്നും അത് നാലാം നമ്പറില്‍ ബാറ്റിംഗിനിറങ്ങുന്ന ശ്രേയസ് അയ്യരായിരിക്കുമെന്ന പ്രവചനം നടത്തിയിരിക്കയാണ് മുന്‍ ഇന്ത്യന്‍ താരം ആര്‍ അശ്വിന്‍.

സ്പിന്നര്‍മാരെ അത്രയേറെ അനായാസം ശ്രേയസ് നേരിടും എന്നാണ് അശ്വിന്റെ പ്രവചനം. വിരാട് കോലിയെ സ്പിന്നര്‍മാരെ ഉപയോഗിച്ച് സമ്മര്‍ദത്തിലാക്കാന്‍ ന്യൂസിലന്‍ഡ് ശ്രമിക്കുമെന്ന കാര്യത്തില്‍ ഉറപ്പുണ്ടെന്ന് പറഞ്ഞ അശ്വിന്‍ എന്നാല്‍ വിരാടിനെ സമ്മര്‍ദ്ദത്തിലാക്കാതെ സ്പിന്നര്‍മാരെ നേരിടാന്‍ ശ്രേയസിന് കഴിയുമെന്നും ചൂണ്ടിക്കാട്ടുന്നു.അതുകൊണ്ട് തന്നെ ശ്രേയസിനെ തുടക്കത്തിലെ വീഴ്ത്താന്‍ ന്യൂസിലന്‍ഡ് ശ്രമിക്കുമെന്ന കാര്യത്തിലും സംശയമില്ലെന്നും അശ്വിന്‍ പറയുന്നു.

ന്യൂസിലന്‍ഡ് നിരയില്‍ ഇന്ത്യക്ക് ഏറ്റവും വലിയ ഭീഷണിയാകുക രചിന്‍ രവീന്ദ്രയായിരിക്കുമെന്നും അശ്വിന്‍ ചൂണ്ടിക്കാട്ടുന്നു. സമ്മര്‍ദഘട്ടങ്ങളില്‍ മികച്ച പ്രകടനം നടത്താന്‍ രചിന് പ്രത്യേക മിടുക്കുണ്ട്. തുടക്കത്തിലെ രചിനെ വീഴ്ത്തിയില്ലെങ്കില്‍ ഇന്ത്യ ബുദ്ധിമുട്ടുമെന്ന മുന്നറിയിപ്പും അശ്വിന്‍ നല്‍കുന്നു.

രചിന്‍ രവീന്ദ്രയെ പുറത്താക്കുക എന്നതാകും ഇന്ത്യയുടെ ആദ്യ ലക്ഷ്യമെന്നും മുഹമ്മദ് ഷമിയാകും അതിന് പറ്റിയ ആളെന്നും അശ്വിന്‍ പറഞ്ഞു. രചിന്‍ രവീന്ദ്രയെ തുടക്കത്തിലെ മടക്കിയില്ലെങ്കില്‍ ഇന്ത്യയുടെ ഇടം കയ്യന്‍ സ്പിന്നര്‍മാര്‍ക്ക് വലിയ വെല്ലുവിളി ഉയര്‍ത്തുമെന്നും അശ്വിന്‍ പറഞ്ഞു.

ഈ ടൂര്‍ണമെന്റില്‍ ന്യൂസിലന്‍ഡിന്റേത് മാത്രമാണ് ഇന്ത്യക്ക് വെല്ലുവിളി ഉയര്‍ത്തിയ ഒരേയൊരു ബൗളിംഗ് ലൈനപ്പെന്നും എന്നാല്‍ ന്യൂസിലന്‍ഡിന് രണ്ടാമതൊരു ഇടം കയ്യന്‍ സ്പിന്നറില്ലാത്തത് വലിയ തിരിച്ചടിയാകുമെന്നും അശ്വിന്‍ പറഞ്ഞു. ഫൈനലില്‍ രോഹിത് ആക്രമണശൈലി മാറ്റുമെന്ന് കരുതുന്നില്ലെന്ന് പറഞ്ഞ അശ്വിന്‍ നല്ല തുടക്കം ലഭിച്ചാല്‍ രോഹിത് ക്രീസില്‍ പിടിച്ചു നിന്നാല്‍ ഇന്ത്യക്ക് മികച്ച സ്‌കോര്‍ നേടാനാകുമെന്നും വ്യക്തമാക്കി.

Related Articles
Next Story
Share it