അര്‍ജുന്‍ ടെണ്ടുല്‍ക്കര്‍ വിവാഹിതനാകുന്നു; വധു സാനിയ ചന്ദോക്ക്

മുംബൈയിലെ പ്രശസ്ത വ്യവസായി രവി ഘായിയുടെ ചെറുമകളാണ് സാനിയ

ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കറുടെ മകനും യുവ ക്രിക്കറ്റ് താരവുമായ അര്‍ജുന്‍ ടെണ്ടുല്‍ക്കര്‍ വിവാഹിതനാകുന്നു. ഇരുവരുടേയും വിവാഹ നിശ്ചയം ബുധനാഴ്ച നടന്നതായുള്ള റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നുണ്ട്. മുംബൈയിലെ പ്രശസ്ത വ്യവസായി രവി ഘായിയുടെ ചെറുമകളാണ് സാനിയ.

ഹോസ്പിറ്റാലിറ്റി, ഭക്ഷ്യ വ്യവസായ സേവനങ്ങളില്‍ പ്രശസ്തമാണ് ഘായ് കുടുംബം. ഇന്റര്‍കോണ്ടിനെന്റല്‍ ഹോട്ടലിന്റെയും ബ്രൂക്ലിന്‍ ക്രീമറിയുടെയും ഉടമകളുമാണ്. സ്വകാര്യമായാണ് വിവാഹനിശ്ചയം നടത്തിയതെന്നും ഇരുവരുടേയും അടുത്ത കുടുംബാംഗങ്ങളും സുഹൃത്തുക്കളും മാത്രമാണ് ചടങ്ങില്‍ പങ്കെടുത്തതെന്നുമാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

മുംബൈ സ്വദേശിയാണെങ്കിലും ആഭ്യന്തര ക്രിക്കറ്റില്‍ ഗോവയുടെ താരമാണ് അര്‍ജുന്‍ തെന്‍ഡുല്‍ക്കര്‍. 2020-21 സീസണില്‍ മുംബൈയ്ക്കായി കളിച്ചാണ് കരിയര്‍ ആരംഭിച്ചത്. പിന്നീട് ഗോവന്‍ ടീം തിരഞ്ഞെടുക്കുകയായിരുന്നു. മുംബൈ ജഴ്‌സിയില്‍ ഹരിയാനയ്ക്കെതിരായ ട്വന്റി20 മത്സരത്തിലായിരുന്നു അരങ്ങേറ്റം. അതിനു മുന്‍പ് ജൂനിയര്‍ തലത്തില്‍ മുംബൈയ്ക്കായി കളിച്ചിരുന്നു. ഇന്ത്യന്‍ അണ്ടര്‍ 19 ടീമിലും കളിച്ചു. 2022-23 സീസണിലാണ് ഗോവയിലേക്ക് മാറിയത്. ഫസ്റ്റ് ക്ലാസ്, ലിസ്റ്റ് അരങ്ങേറ്റം ഗോവന്‍ ജഴ്‌സിയിലായിരുന്നു.

ഇടംകൈയ്യന്‍ പേസറായ അര്‍ജുന്‍ ഇതുവരെ 17 ഫസ്റ്റ് ക്ലാസ് മത്സരങ്ങള്‍ കളിച്ചു. ഒരു സെഞ്ചുറി ഉള്‍പ്പെടെ 532 റണ്‍സാണ് സമ്പാദ്യം. ഒരു അഞ്ച് വിക്കറ്റ് നേട്ടവും രണ്ട് നാലു വിക്കറ്റ് നേട്ടവും ഉള്‍പ്പെടെ 37 വിക്കറ്റുകളും സ്വന്തമാക്കി. 17 ലിസ്റ്റ് എ മത്സരങ്ങളില്‍ നിന്ന് ഒന്‍പത് ഇന്നിങ്‌സുകളിലായി 76 റണ്‍സാണ് സമ്പാദ്യം. ഐപിഎലില്‍ മുംബൈ ഇന്ത്യന്‍സിനായി അഞ്ച് മത്സരങ്ങള്‍ കളിച്ചു. 73 പന്തുകളില്‍ എറിഞ്ഞ് മൂന്നു വിക്കറ്റും സ്വന്തമാക്കി. 38 ആണ് ശരാശരി. ഒന്‍പത് റണ്‍സ് വഴങ്ങി ഒരു വിക്കറ്റെടുത്തതാണ് മികച്ച പ്രകടനം.

ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ മുംബൈ ഇന്ത്യന്‍സിനായും ഈ ഫാസ്റ്റ് ബൗളര്‍ കളിച്ചിട്ടുണ്ട്. അര്‍ജുന്‍ ടെണ്ടുല്‍ക്കറുടെ ആദ്യ ഐപിഎല്‍ വിക്കറ്റ് സണ്‍റൈസേഴ്സ് ഹൈദരാബാദിലെ ഭുവനേശ്വര്‍ കുമാറിന്റേതായിരുന്നു. 2024 സീസണില്‍ മുംബൈ അദ്ദേഹത്തെ നിലനിര്‍ത്തി, തുടര്‍ന്നുള്ള മെഗാ ലേലത്തില്‍ ഫ്രാഞ്ചൈസി അര്‍ജുനെ 30 ലക്ഷം രൂപയ്ക്ക് വാങ്ങി.



Related Articles
Next Story
Share it