ആശിച്ച് വാങ്ങിയ കാറിന് പിന്നാലെ പൊല്ലാപ്പിലായി ക്രിക്കറ്റ് താരം ആകാശ് ദീപ്; നിയമലംഘനത്തിന് നോട്ടീസ്

നിര്‍ബന്ധിത രജിസ്‌ട്രേഷന്‍ പ്രക്രിയ പൂര്‍ത്തിയാക്കാതെയാണ് വാഹനം കൈമാറിയതെന്നാണ് കണ്ടെത്തല്‍

ആശിച്ച് വാങ്ങിയ കാറിന് പിന്നാലെ പൊല്ലാപ്പിലായി ക്രിക്കറ്റ് താരം ആകാശ് ദീപ്. ഹൈ സെക്യൂരിറ്റി രജിസ്‌ട്രേഷന്‍ പ്ലേറ്റ് (HSRP) ഇല്ലാത്ത വാഹനം ഉപയോഗിച്ചതാണ് ഈ ഇന്ത്യന്‍ ഫാസ്റ്റ് ബൗളര്‍ക്ക് വിനയായത്.

കഴിഞ്ഞ ദിവസമാണ് 62 ലക്ഷം രൂപ മുടക്കി ആകാശ് ദീപ് ഒരു ബ്ലാക്ക് ടൊയോട്ട ഫോര്‍ച്യൂണര്‍ സ്വന്തമാക്കിയത്. കുടുംബാംഗങ്ങള്‍ക്കൊപ്പം ഷോറൂമിലെത്തിയാണ് അദ്ദേഹം വാഹനം കൈപ്പറ്റിയത്. ഇതിന്റെ ചിത്രങ്ങള്‍ സഹിതം ആകാശ് ദീപ് സമൂഹമാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്തിരുന്നു.

സ്വപ്നം യാഥാര്‍ഥ്യമായി. താക്കോല്‍ സ്വീകരിച്ചു. ജീവിതത്തിലെ ഏറ്റവും പ്രിയപ്പെട്ടവര്‍ക്കൊപ്പം' എന്ന കുറിപ്പുമായാണ് കാര്‍ ഏറ്റുവാങ്ങുന്ന ചിത്രം ആകാശ് ദീപ് സമൂഹമാധ്യമത്തില്‍ പങ്കുവച്ചത്. ചിത്രത്തിനു താഴെ ഇന്ത്യന്‍ ട്വന്റി20 ടീം ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവ് ഉള്‍പ്പെടെയുള്ളവര്‍ അഭിനന്ദനവുമായി എത്തിയിരുന്നു. ഇതിന് പിന്നാലെയാണ് നിയമ ലംഘനത്തിന് ഉത്തര്‍പ്രദേശ് ഗതാഗത വകുപ്പ് അദ്ദേഹത്തിന് നോട്ടീസ് അയച്ചത്.

വാഹനം വാങ്ങിയ ഡീലറായ സണ്ണി മോട്ടോഴ്സിനെതിരെയും നടപടി സ്വീകരിച്ചിട്ടുണ്ട്. രജിസ്‌ട്രേഷന്‍ പൂര്‍ത്തിയാക്കാതെയും അതിസുരക്ഷാ റജിസ്‌ട്രേഷന്‍ പ്ലേറ്റ് ഇല്ലാതെയും വാഹനം ഡെലിവറി ചെയ്തതിന് ചിന്‍ഹാട്ട് ആസ്ഥാനമായുള്ള ഡീലര്‍ഷിപ്പിനെ ഒരു മാസത്തേക്ക് സസ്പെന്‍ഡ് ചെയ്യുകയും ചെയ്തു. നിര്‍ബന്ധിത രജിസ്‌ട്രേഷന്‍ പ്രക്രിയ പൂര്‍ത്തിയാക്കാതെയാണ് വാഹനം കൈമാറിയതെന്നാണ് കണ്ടെത്തല്‍. റോഡ് നികുതി അടച്ചിട്ടില്ലെന്നും കണ്ടെത്തി. സംഭവത്തില്‍ വിശദീകരണം നല്‍കാന്‍ 14 ദിവസത്തെ സമയം നല്‍കുകയും ചെയ്തു. അല്ലാത്തപക്ഷം ട്രേഡ് സര്‍ട്ടിഫിക്കറ്റ് റദ്ദാക്കപ്പെടും.

ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പര്യടനത്തിലെ മിന്നുന്ന പ്രകടനത്തിനു പിന്നാലെയാണ് ഈ 27 കാരന് സ്വന്തം സ്ഥാനത്ത് നിന്നും തന്നെ നിയമ ലംഘനത്തിന് നോട്ടീസ് ലഭിച്ചിരിക്കുന്നത്. പരമ്പരയില്‍ മൂന്നു ടെസ്റ്റുകളില്‍ കളിച്ച ആകാശ് ദീപ് 13 വിക്കറ്റുകളാണ് വീഴ്ത്തിയത്. ഇതില്‍ ഒരു അഞ്ച് വിക്കറ്റ് നേട്ടവും ഒരു നാലു വിക്കറ്റ് നേട്ടവും ഉള്‍പ്പെടുന്നു. 1986ല്‍ ചേതന്‍ ശര്‍മയ്ക്കു ശേഷം ഇംഗ്ലണ്ടില്‍ ഒരു ടെസ്റ്റില്‍ 10 വിക്കറ്റ് വീഴ്ത്തുന്ന ബോളറെന്ന നേട്ടവും ആകാശ് ദീപ് സ്വന്തമാക്കിയിരുന്നു. ഇതിനു പുറമേ അഞ്ചാം ടെസ്റ്റിന്റെ രണ്ടാം ഇന്നിങ്‌സില്‍ നൈറ്റ് വാച്ച് മാനായെത്തി അര്‍ധസെഞ്ചുറി നേടിയും ആകാശ് ദീപ് ആരാധകരെ ഞെട്ടിച്ചു.

1988 ലെ മോട്ടോര്‍ വാഹന നിയമത്തിലെ സെക്ഷന്‍ 39, 41(6), 207 എന്നിവ പ്രകാരം വാഹന ഉടമയായ ആകാശ് ദീപ് സിംഗിന് വാഹന ഉപയോഗ നിരോധന നോട്ടീസ് നല്‍കിയിട്ടുണ്ട്. രജിസ്‌ട്രേഷന്‍, HSRP, തേര്‍ഡ് രജിസ്‌ട്രേഷന്‍ മാര്‍ക്ക് എന്നിവ ഘടിപ്പിക്കല്‍, സാധുവായ ഇന്‍ഷുറന്‍സ് എന്നിവ പൂര്‍ത്തിയാകുന്നതുവരെ വാഹനം ഓടിക്കരുതെന്നും നിര്‍ദ്ദേശിച്ചിട്ടുണ്ട്. ലംഘനം ഉണ്ടായാല്‍ വാഹനം പിടിച്ചെടുക്കുകയും പ്രോസിക്യൂഷന്‍ നടപടികള്‍ ആരംഭിക്കുകയും ചെയ്യും എന്ന മുന്നറിയിപ്പും നല്‍കിയിട്ടുണ്ട്.

റോഡ് സുരക്ഷയെക്കുറിച്ചുള്ള വകുപ്പിന്റെ നിലപാട്

1988 ലെ മോട്ടോര്‍ വാഹന നിയമത്തിലെ സെക്ഷന്‍ 39, രജിസ്‌ട്രേഷനും രജിസ്‌ട്രേഷന്‍ മാര്‍ക്കിന്റെ ശരിയായ പ്രദര്‍ശനവുമില്ലാതെ ഒരു വാഹനവും പൊതുസ്ഥലത്ത് ഉപയോഗിക്കാന്‍ പാടില്ല എന്ന് വ്യക്തമായി പറയുന്നു. HSRP, തേര്‍ഡ് രജിസ്‌ട്രേഷന്‍ മാര്‍ക്ക് എന്നിവ നിയമപരമായ ആവശ്യകതകള്‍ മാത്രമല്ല, വാഹന തിരിച്ചറിയലിനും റോഡ് സുരക്ഷയ്ക്കും നിര്‍ണായകമാണ്.

സെലിബ്രിറ്റികളുടെയും പൊതു വ്യക്തികളുടെയും പ്രവര്‍ത്തനങ്ങള്‍ക്ക് വ്യാപകമായ സാമൂഹിക പ്രത്യാഘാതങ്ങളുണ്ടെന്നും അവരുടെ ലംഘനങ്ങള്‍ പൊതുജനങ്ങള്‍ക്ക് തെറ്റായ സന്ദേശം നല്‍കുന്നുവെന്നും വകുപ്പ് ഊന്നിപ്പറഞ്ഞു. അനുസരണ സംസ്‌കാരം ശക്തിപ്പെടുത്തുന്നതിന്, വേഗത്തിലുള്ളതും കര്‍ശനവുമായ നടപടികള്‍ ആവശ്യമാണെന്നും വകുപ്പ് പറയുന്നു.


Related Articles
Next Story
Share it