ഷമിയെ പിന്തുണച്ച് പരിശീലകന്‍;'കളിക്കുന്നത് സ്വന്തം രാജ്യത്തിന് വേണ്ടി, മറ്റൊന്നിനും പ്രസക്തിയില്ല'

ന്യൂഡല്‍ഹി: ചാംപ്യന്‍സ് ട്രോഫിക്കിടെ ഇന്ത്യന്‍ താരം മുഹമ്മദ് ഷമി വ്രതമനുഷ്ടിക്കാതെ വെള്ളം കുടിച്ചതുമായി ബന്ധപ്പെട്ട വിവാദത്തില്‍ പ്രതികരണവുമായി പരിശീലകന്‍ ബദ്റുദ്ദീന്‍ സിദ്ദിഖ്. സ്വന്തം രാജ്യത്തിന് വേണ്ടിയാണ് മുഹമ്മദ് ഷമി കളിക്കുന്നതെന്ന് പറഞ്ഞ അദ്ദേഹം ഇസ്ലാം മതത്തെ കുറിച്ച് അറിവില്ലാത്തവരാണ് വിമര്‍ശനം ഉന്നയിക്കുന്നതെന്നും വ്യക്തമാക്കി.

ചാംപ്യന്‍സ് ട്രോഫിയില്‍ ഓസ്ട്രേലിയക്കെതിരായ സെമി ഫൈനല്‍ മത്സരത്തിനിടെയാണ് വിവാദത്തിനിടയാക്കിയ സംഭവം നടന്നത്. വ്രതം എടുക്കാത്ത ഷമി കുറ്റവാളിയാണെന്നും ദൈവം ചോദിക്കുമെന്നും അഖിലേന്ത്യാ മുസ്ലീം ജമാഅത്ത് പ്രസിഡന്റ് ഷഹാബുദ്ദീന്‍ റിസ് വിയുടെ പ്രസ്താവന ആരാധകര്‍ക്കിടയില്‍ ചര്‍ച്ചയാവുകയും ചെയ്തു. സാമൂഹിക മാധ്യമങ്ങളില്‍ താരത്തെ അനുകൂലിച്ചും എതിര്‍ത്തും നിരവധി പേര്‍ രംഗത്തെത്തി.

ഒടുവിലാണ് താരത്തെ പിന്തുണച്ച് പരിശീലകന്‍ തന്നെ രംഗത്തെത്തിയത്. കുറ്റം പറയുന്നവര്‍ ഷമി കളിക്കുന്നത് സ്വന്തം രാജ്യത്തിന് വേണ്ടിയാണെന്ന് ഓര്‍ക്കണം. അതിനപ്പുറം മറ്റ് കാര്യങ്ങള്‍ക്കൊന്നും പ്രസക്തിയില്ലെന്നായിരുന്നു ബദ്റുദ്ദീന്‍ പറഞ്ഞത്.

താരത്തിന് പിന്തുണയുമായി കോണ്‍ഗ്രസ് വക്തവ് ഷമ മുഹമ്മദ് രംഗത്തെത്തിയതും ശ്രദ്ധേയമായി. റംസാന്‍ വ്രതം അനുഷ്ടിക്കാന്‍ ആരെയും നിര്‍ബന്ധിക്കേണ്ട കാര്യമില്ലെന്നും ഇസ്ലാം മതം ഇളവുകള്‍ അനുവദിക്കുന്നുണ്ടെന്നുമായിരുന്നു ഷമ പറഞ്ഞത്.

ഇതിനിടെ റംസാന്‍ വ്രതം അനുഷ്ടിക്കാത്തതിനെ ന്യായീകരിക്കരുതെന്ന് മുന്‍ പാക് താരം ഷുഹൈബ് അക്തര്‍ എക്സില്‍ കുറിച്ചു. വ്രതമനുഷ്ടിച്ച് വ്യായാമം നടത്തിയതിന്റെ വിഡിയോ പങ്കുവച്ചായിരുന്നു ഇന്ത്യന്‍ താരത്തിനെതിരെയുള്ള ഷുഹൈബ് അക്തറിന്റെ ഒളിയമ്പ്.

Related Articles
Next Story
Share it