ടീം ഇന്ത്യയുടെ ആദ്യ ടെസ്റ്റിന് ടോസ് വീണു; ബൗളിംഗ് തിരഞ്ഞെടുത്ത് ഇംഗ്ലണ്ട് നായകന്‍

ടെസ്റ്റില്‍ ടീം ഇന്ത്യയെ ശുഭ് മാന്‍ ഗില്‍ ആദ്യമായി നയിക്കുന്ന മത്സരമാണിത്

ലീഡ്സ്: രോഹിത് ശര്‍മയുടെ കോഹ് ലിയുടേയും വിരമിക്കലിനെ തുടര്‍ന്ന് ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ നായകനായ ശുഭ് മാന്‍ ഗിലിന്റെ നേതൃത്വത്തിലുള്ള ടീമിന്റെ മത്സരം ആരംഭിച്ചു. ഹെഡിംഗ് ലിയില്‍ ഇംഗ്ലണ്ടിനെതിരായ ടീം ഇന്ത്യയുടെ ആദ്യ ടെസ്റ്റിന് ടോസ് വീണു.

എന്നാല്‍ ടോസ് നേടിയ ഇംഗ്ലണ്ട് നായകന്‍ ബെന്‍ സ്റ്റോക്സ് ബൗളിംഗ് തിരഞ്ഞെടുത്തു. ടെസ്റ്റില്‍ ടീം ഇന്ത്യയെ ശുഭ് മാന്‍ ഗില്‍ ആദ്യമായി നയിക്കുന്ന മത്സരമാണിത്. സായ് സുദര്‍ശന്‍ ടീം ഇന്ത്യക്കായി ടെസ്റ്റ് അരങ്ങേറ്റം കുറിക്കുന്നതാണ് ഹെഡിംഗ് ലി ടെസ്റ്റിന്റെ മറ്റൊരു ആകര്‍ഷണം. മലയാളി ബാറ്റര്‍ കരുണ്‍ നായര്‍ ഇന്ത്യയുടെ പ്ലേയിംഗ് ഇലവനിലുണ്ട്. നാല് പേസ് ഓപ്ഷനും ഒരു സ്പിന്നറുമാണ് ഇന്ത്യക്ക് ബൗളിംഗ് നിരയിലുള്ളത്.

പരമ്പരാഗതമായി പട്ടൗഡി ട്രോഫി എന്ന് അറിയപ്പെടുന്ന ഈ പരമ്പര ആന്‍ഡേഴ്സണ്‍-ടെണ്ടുല്‍ക്കര്‍ ട്രോഫി എന്ന പുതിയ പേരിലാണ് അറിയപ്പെടുന്നത്. ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിനുള്ള (WTC) പുതിയ പരമ്പരയുടെ തുടക്കവും ഈ പരമ്പര അടയാളപ്പെടുത്തുന്നു. വര്‍ഷങ്ങള്‍ക്ക് ശേഷം ഇന്ത്യന്‍ ടീം ഇതിഹാസങ്ങളായ വിരാട് കോഹ് ലി, രോഹിത് ശര്‍മ്മ, രവിചന്ദ്രന്‍ അശ്വിന്‍ എന്നിവരില്ലാതെ കളിക്കളത്തിലിറങ്ങുന്നത് ഇതാദ്യമായിരിക്കും. മറുവശത്ത്, ജെയിംസ് ആന്‍ഡേഴ്സണ്‍, സ്റ്റുവര്‍ട്ട് ബ്രോഡ് തുടങ്ങിയ ഇതിഹാസങ്ങളില്ലാതെ ഇംഗ്ലീഷ് ടീമും കളിക്കളത്തിലിറങ്ങും.

ഇതുവരെയുള്ള വിലയിരുത്തലുകള്‍ പ്രകാരം ഇരു ടീമുകളും തമ്മിലുള്ള മുന്‍ ടെസ്റ്റ് പരമ്പര സമനിലയില്‍ അവസാനിച്ചു. ഇംഗ്ലണ്ടില്‍ ടീം ഇന്ത്യ അവസാനമായി ഒരു ടെസ്റ്റ് പരമ്പര നേടിയത് 2007 ലാണ്. ശുഭ് മാന്‍ ഗില്ലിന്റെ നേതൃത്വത്തിന്റെ ഇന്ത്യയ്ക്ക് ശക്തമായ തുടക്കം കുറിക്കാന്‍ കഴിയുമോ? അതോ ഇംഗ്ലണ്ട് അവരുടെ സ്വന്തം നാട്ടില്‍ ആധിപത്യം തുടരുമോ?എന്നാണ് ഇനി അറിയേണ്ടത്.

വിരാട് കോലിയും രോഹിത് ശര്‍മ്മയും വിരമിച്ച ശേഷം ടീം ഇന്ത്യ കളിക്കുന്ന ആദ്യ ടെസ്റ്റ് മത്സരമാണ് ഹെഡിംഗ്ലിയിലേത്. നിലവിലെ ഇന്ത്യന്‍ ടീമില്‍ 100 ടെസ്റ്റ് മത്സരങ്ങള്‍ കളിച്ച ആരുമില്ല. 50 ടെസ്റ്റിനു മുകളില്‍ കളിച്ചത് ഓള്‍റൗണ്ടര്‍ രവീന്ദ്ര ജഡേജയും ബാറ്റര്‍ കെ എല്‍ രാഹുലും മാത്രം. ഇംഗ്ലണ്ടിലെ പേസും സ്വിംഗുമുള്ള പിച്ചുകളില്‍ ഇംഗ്ലീഷ് ബൗളര്‍മാരെ അതിജീവിക്കുകയാണ് ഇന്ത്യന്‍ ബാറ്റര്‍മാര്‍ നേരിടുന്ന വെല്ലുവിളി. ആദ്യ മത്സരം നടക്കുന്ന ഹെഡിംഗ്‌ലി ഇന്ത്യക്കെന്നും തലവേദനയാണ്. ഇതിന് മുന്‍പ് 2002-ലാണ് ടീം ഇന്ത്യ ഹെഡിംഗ് ലിയില്‍ ഒരു ടെസ്റ്റ് മത്സരം ജയിച്ചത്.

ബെന്‍ സ്റ്റോക്‌സ് നയിക്കുന്ന ഇംഗ്ലണ്ട് നിരയില്‍ ജോ റൂട്ടിനെയും ഹാരി ബ്രൂക്കിനെയും പിടിച്ചുകെട്ടുകയാണ് ബുമ്രയുടെ ആദ്യ കടമ്പ. സീനിയര്‍ ഓള്‍റൗണ്ടര്‍ ക്രിസ് വോക്‌സ് തിരിച്ചെത്തിയതും ഇംഗ്ലണ്ട് ടീമിന് കരുത്തേകുന്നു. ബ്രണ്ടന്‍ മക്കല്ലം കോച്ചായി എത്തിയതോടെ ടെസ്റ്റ് മത്സരങ്ങളില്‍ വ്യക്തമായ ആധിപത്യം ഇംഗ്ലണ്ടിനുണ്ട്. കളിച്ച 35 ടെസ്റ്റുകളില്‍ തോറ്റത് എട്ടില്‍ മാത്രം. ബോര്‍ഡര്‍-ഗവാസ്‌കര്‍ ട്രോഫിയിലും ന്യൂസിലന്‍ഡ് പരമ്പരയിലും കനത്ത തിരിച്ചടി നേരിട്ട ഇന്ത്യന്‍ ടീം പരിശീലകന്‍ ഗൗതം ഗംഭീറിനും ഇംഗ്ലീഷ് ടെസ്റ്റ് പരമ്പര നിര്‍ണായകമാണ്.

പ്ലേയിംഗ് ഇലവനുകള്‍

ഇന്ത്യ: യശസ്വി ജയ്സ്വാള്‍, കെ എല്‍ രാഹുല്‍, സായ് സുദര്‍ശന്‍, ശുഭ് മാന്‍ ഗില്‍ (ക്യാപ്റ്റന്‍), റിഷഭ് പന്ത് (വിക്കറ്റ് കീപ്പര്‍), കരുണ്‍ നായര്‍, രവീന്ദ്ര ജഡേജ, ഷര്‍ദ്ദുല്‍ താക്കൂര്‍, പ്രസിദ്ധ് കൃഷ്ണ, ജസ്പ്രീത് ബുമ്ര, മുഹമ്മദ് സിറാജ്.

ഇംഗ്ലണ്ട്: സാക്ക് ക്രോലി, ബെന്‍ ഡക്കെറ്റ്, ഓലീ പോപ്, ജോ റൂട്ട്, ഹാരി ബ്രൂക്ക്, ബെന്‍ സ്റ്റോക്സ് (ക്യാപ്റ്റന്‍), ജാമീ സ്മിത്ത് (വിക്കറ്റ് കീപ്പര്‍), ക്രിസ് വോക്‌സ്, ബ്രൈഡന്‍ കാര്‍സ്, ജോഷ് ടങ്, ഷൊയ്ബ് ബഷീര്‍.

Related Articles
Next Story
Share it