മുഹമ്മദ് അസഹറുദ്ദീന് സെഞ്ച്വറി: രഞ്ജി ട്രോഫിയില്‍ ഗുജറാത്തിനെ വിറപ്പിച്ച് കേരളം

അഹമ്മദാബാദ്: രഞ്ജി ട്രോഫി സെമി ഫൈനലില്‍ ഗുജറാത്തിനെതിരെ കേരളം മികച്ച ഒന്നാം ഇന്നിംഗ്‌സ് സ്‌കോറിലേക്ക് . രണ്ടാം ദിനത്തില്‍ കേരളം അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 315 റണ്‍സ് എന്ന നിലയിലാണ്. കാസര്‍കോട് സ്വദേശിയായ മുഹമ്മദ് അസ്ഹറുദ്ദീന്‍ സെഞ്ച്വറിയുമായി ക്രീസില്‍ തിളങ്ങി. വിക്കറ്റ് കീപ്പര്‍ ബാറ്ററായ അസ്ഹറുദ്ദീന്‍ 175 പന്തിലാണ് സെഞ്ച്വറി തികച്ചത്. അസ്ഹര്‍-സല്‍മാന്‍ കൂട്ടുകെട്ട് കേരളത്തെ മികച്ച റണ്ണിലേക്കെത്തിക്കുകയാണ്.
നാലിന് 206 എന്ന നിലയില്‍ രണ്ടാം ദിനം പുനരാരംഭിച്ച കേരളത്തിന് ക്യാപ്റ്റന്‍ സച്ചിന്‍ ബേബിയുടെ വിക്കറ്റ് തുടക്കത്തില്‍ തന്നെ നഷ്ടമായി. ഇന്നലെ 69 റണ്‍സ് നേടി മികച്ച പ്രകടനം നടത്തിയിരുന്ന സച്ചിന് ഇന്ന് ഒരു റണ്‍സ് പോലും കൂട്ടിച്ചേര്‍ക്കാനായില്ല. ഒന്നാം ദിനത്തിലെ സ്‌കോറായ 206 റണ്‍സിലേക്ക് സ്‌കോര്‍ ചേര്‍ക്കുന്നതിന് മുമ്പായിരുന്നു വിക്കറ്റ് വീണത്. 69 റണ്‍സാണ് ക്യാപ്റ്റന്‍ സച്ചിന്‍ ബേബി നേടിയത്. 195 പന്തില്‍ എട്ടുഫോറുകള്‍ നേടി.
ആദ്യ ദിനത്തില്‍ ഭേദപ്പെട്ട റണ്‍സ് സ്‌കോര്‍ ചെയ്യാന്‍ കഴിഞ്ഞുവെന്നത് പ്രതീക്ഷയേകുന്നതാണ്. ഇന്നലെ അക്ഷയ് ചന്ദ്രന്‍, രോഹന്‍ കുന്നുമ്മല്‍, ജലജ് സക്സേന എന്നിവരും 30 റണ്‍സ് വീതം നേടിയിരുന്നു. ഈ മൂന്നുപേരും പുറത്തായി. 10 റണ്‍സെടുത്ത വരുണ്‍ നായനാരുടെ വിക്കറ്റും കേരളത്തിന് നഷ്ടമായി. രണ്ടാം ദിനത്തില്‍ റണ്‍ റേറ്റ് ഉയര്‍ത്തി സ്‌കോര്‍ എളുപ്പത്തില്‍ 400 കടത്തുകയാവും കേരളത്തിന്റെ ലക്ഷ്യം.