നടവഴിയോ റോഡോ ഇല്ല; ദുരിതത്തിലായി എന്‍മകജെ കൊപ്പളം സന്തപ്പദവ് നിവാസികള്‍
മഴ തിമിര്‍ത്ത് പെയ്താല്‍ ഇവര്‍ക്ക് കാല്‍നട യാത്രപോലും തടസപ്പെടുന്ന സ്ഥിതിയാണ്

പെര്‍ള: നടവഴിയോ സഞ്ചാരയോഗ്യമായ റോഡോ ഇല്ലാതെ ദുരിതമനുഭവിക്കുകയാണ് എന്‍മകജെ പഞ്ചായത്തിലെ കൊപ്പളം സന്തപ്പദവ് നിവാസികള്‍. മഴ തിമിര്‍ത്ത് പെയ്താല്‍ ഇവര്‍ക്ക് കാല്‍നട യാത്രപോലും തടസപ്പെടുന്ന സ്ഥിതിയാണ്.
എന്‍മകജെ പഞ്ചായത്ത് സായ ഒന്നാം വാര്‍ഡില്‍പ്പെടുന്ന കൊപ്പളത്തെ പട്ടിക വര്‍ഗ ഉന്നതിയില്‍പ്പെട്ട പതിമൂന്നും ജനറല്‍ വിഭാഗത്തില്‍പ്പെടുന്ന എട്ടോളം കുടുംബാംഗങ്ങളാണ് കാലവര്‍ഷം തുടങ്ങിയാല്‍ വീട്ടില്‍ നിന്ന് ടൗണിലേക്കെത്താന്‍ നടവഴിയോ സഞ്ചാരയോഗ്യമായ റോഡോ ഇല്ലാതെ ദുരിതം അനുഭവിക്കുന്നത്.
ഏതൊരു ആവശ്യത്തിനും ഇവിടത്തുകാര്‍ ആശ്രയിക്കുന്നത് പെര്‍ള ടൗണിനെയാണ്. എന്നാല്‍ മഴ തുടങ്ങിയാല്‍ സമീപത്ത് കൂടി കുത്തിയൊഴുകുന്ന സന്തപ്പദവ് തോടിന് മറു കരയെത്താന്‍ നടപ്പാലം പോലുമില്ല. നടവഴിയിലൂടെ ചുറ്റി സഞ്ചരിച്ച് പോകാമെന്നുവെച്ചാല്‍ സമീപത്തെ സ്വകാര്യ വ്യക്തി സ്ഥലം വിട്ടു നല്‍കാത്തതിനാല്‍ അതും പ്രദേശവാസികള്‍ക്ക് വഴി മുടക്കിയാവുന്നു.
നേരത്തെ കുത്തിയൊലിക്കുന്ന തോടിനോട് ചേര്‍ന്ന് അപകട വഴിയിലൂടെ സ്‌കൂള്‍ കുട്ടികളും മറ്റും നടന്നു നീങ്ങിയിരുന്നു. എന്നാല്‍ കഴിഞ്ഞ ദിവസങ്ങളില്‍ പെയ്ത മഴയില്‍ തോടിന്റെ 47 മീറ്ററോളം സ്ഥലത്ത് തോടരിക് നാല് മീറ്റര്‍ ഉയരത്തില്‍ ഇടിഞ്ഞിരിക്കുന്നു.
സ്ഥലം സ്വകാര്യ വ്യക്തിയുടേതായതിനാല്‍ തോടരികില്‍ സംരക്ഷണ ഭിത്തി നിര്‍മ്മിക്കുന്നതിന് തടസ്സം നില്‍ക്കുന്നതായാണ് പരാതി. പ്രദേശത്തെ രോഗികളെ ആസ്പത്രിയിലെത്തിക്കണമെങ്കില്‍ ജീവന്‍ പണയംവെച്ച് കസേരയിലിരുത്തിയോ മറ്റും കൊണ്ടുപോകേണ്ട ഗതികേടിലാണ് പ്രദേശവാസികള്‍.
കണ്ണൊന്ന് തെറ്റിയാല്‍ അപകടം സംഭവിക്കാനുള്ള സാധ്യതയുള്ള ഇവിടെ തടസങ്ങള്‍ നീക്കി സുരക്ഷിതമായ കാല്‍നട യാത്രക്കുള്ള നടവഴി ഉണ്ടാക്കണമെന്ന് ആവശ്യപ്പെട്ട് ട്രൈബല്‍ കമ്മീഷണര്‍ക്ക് പരാതി നല്‍കി കാത്തിരിക്കുകയാണ് ഉന്നതിയിലെ കുടുംബങ്ങള്‍.