സേറാജെയില്‍ പുഴ കടക്കാന്‍ ആശ്രയം തോണി മാത്രം; പാലത്തിനായുള്ള നാട്ടുകാരുടെ കാത്തിരിപ്പ് തുടരുന്നു

പെര്‍ള: സേറാജെ പ്രദേശവാസികള്‍ക്ക് പുഴ കടക്കണമെങ്കില്‍ ഇന്നും തോണി മാത്രമാണ് ആശ്രയം. ജില്ലയുടെ വടക്കെ അറ്റത്ത് അയല്‍ സംസ്ഥാനമായ കര്‍ണ്ണാടകയോട് അതിര്‍ത്തി പങ്കിടുന്ന എന്‍മകജെ പഞ്ചായത്തിലെ ബജക്കൂടുലുവിനടുത്തുള്ള സേറാജെ പ്രദേശവാസികള്‍ക്ക് യാത്ര സൗകര്യത്തിന് പുഴക്ക് കുറുകെ ഒരു തുക്കു പാലമെങ്കിലും പണിയണമെന്ന ആവശ്യത്തിന് എട്ട് പതിറ്റാണ്ടുകളുടെ പഴക്കമുണ്ട്.
നാടും നഗരവും വികസിക്കുമ്പോള്‍ ഇവിടുത്തെ പ്രദേശവാസികള്‍ ഇന്നും ദ്വീപ് സമൂഹമായി കഴിയുകയാണ്. മാറി വരുന്ന സര്‍ക്കാറുകള്‍ക്ക് മുന്നില്‍ അപേക്ഷകള്‍ നല്‍കി അധികൃതരുടെ കനിവിനായി കാത്തു നില്‍പ്പ് തുടരുകയാണ്. കാലവര്‍ഷം തുടങ്ങിയാല്‍ പ്രദേശവാസികളുടെ നെഞ്ചിടിപ്പ് കൂടുന്നു. കാരണം മറുകരയിലുള്ള ബന്ധുക്കളെ കാണാന്‍ പുഴയിലെ വെള്ളം കുറയണം. അക്കരെ ഇക്കരെ എത്തണമെങ്കില്‍ പുഴയോരത്തെ 72കാരനായ ദൂമ പൂജാരിയുടെ തോണി മാത്രമാണ് ഇവരുടെ ആശ്രയം.
വാര്‍ധക്യ സഹജയമായ അസുഖമുണ്ടെങ്കിലും ഇന്നും ഏത് സമയം വിളിച്ചാലും തോണി തുഴഞ്ഞ് ദൂമ പൂജാരി മറുകരയെത്തിക്കും. അതും സൗജന്യമായാണ്. മരണം വരെ ഇത് തുടരുമെന്നാണ് ദൂമ പുജാരി പറഞ്ഞു.
എന്‍മകജെ പഞ്ചായത്തിലെ 15-16 വാര്‍ഡുകളിലെ സേറാജെ, ഒന്നും രണ്ട് വാര്‍ഡുകളിലെ ബാക്കിലപദവ്, നെറോളു, അഡ്യനടുക്ക പ്രദേശവാസികളാണ് യാത്രാ ദുരിതമനുഭവിക്കുന്നത്. ഇവര്‍ക്ക് ഏതൊരു ആവശ്യത്തിനും പെര്‍ള ടൗണിനെയാണ് ആശ്രയിക്കേണ്ടി വരുന്നത്. പഞ്ചായത്ത് ഓഫീസ്, പ്രഥമിക ആരോഗ്യ കേന്ദ്രം, കൃഷി ഭവന്‍, വൈദ്യുതി ഓഫീസ്, സ്‌കൂള്‍ എല്ലാ സര്‍ക്കാര്‍ ഓഫീസുകളും ബാങ്കുകളും പ്രവര്‍ത്തിക്കുന്നത് പെര്‍ളയിലാണ്. പുഴകടന്ന് സേറാജെയിലെ ബജക്കുടലുവിലെത്തിയാല്‍ നാല് കിലോ മീറ്റര്‍ മാത്രമെ പെര്‍ള ടൗണിലേക്കുള്ളു. അല്ലെങ്കില്‍ അഡ്യനടുക്ക-അഡ്ക്കസ്ഥല വഴി ചുറ്റി സഞ്ചരിച്ച് 12കിലോ മീറ്റര്‍ ചുറ്റി സഞ്ചരിച്ച് വേണം പെര്‍ള ടൗണിലെത്താന്‍. മാത്രവുമല്ല കേരള-കര്‍ണ്ണാടക അതിര്‍ത്തി പങ്കിടുന്ന സ്ഥലമായതിനാല്‍ ചില കുടുംബങ്ങളുടെ വീട് കേരളത്തിലും ക്യഷി സ്ഥലം പുഴയുടെ മറുകരയിലുള്ള കര്‍ണ്ണാടകയിലുമാണ്. ഇത് കാരണം ദുരിതമേറെയാണ്.
സേറാജെ പുഴയ്ക്ക് കുറകെ കോണ്‍ക്രീറ്റ് പാലമോ, അല്ലെങ്കില്‍ തൂക്കു പാലമെങ്കിലും വേണമെന്ന ജനങ്ങളുടെ സ്വപ്നം എന്ന് പൂവണിയുമെന്ന കാത്തിരിപ്പ് തുടരുകയാണ്.