മണല്‍ക്കടത്തുകാരുടെ മൊബൈല്‍ ഫോണില്‍ ചില പൊലീസുകാരുടെ നമ്പറുകള്‍; ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ പരിശോധനക്കെത്തുമ്പോള്‍ കടവുകള്‍ ശൂന്യം

വഴിത്തിരിവായത് ഒരു മാസം മുമ്പ് മണല്‍ കടത്തിന് വേണ്ടി പോകുന്ന എസ് കോര്‍ട്ട് കാര്‍ എസ്. ഐ ശ്രീജേഷും സംഘവും പിടികൂടിയത്

കുമ്പള: ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ കടവില്‍ പരിശോധനക്കെത്തുമ്പോള്‍ ആളുകള്‍ രക്ഷപ്പെടുന്നത് പതിവായി. വാഹനങ്ങളും ഉണ്ടാകാറില്ല, കടവുകളെല്ലാം ശൂന്യം. ഇത് പൊലീസുകാര്‍ക്കിടയില്‍ സംസാര വിഷയമായി മാറി. കുമ്പള പൊലീസ് സ്റ്റേഷന്‍ പരിധിയിലെ പ്രധാന കടവുകളായ ഒളയം, മൊഗ്രാല്‍, നാങ്കി, ആരിക്കാടി, പി.കെ നഗര്‍ തുടങ്ങിയ കടവുകളിലേക്ക് രഹസ്യ വിവരം കിട്ടിയതിനെ തുടര്‍ന്ന് രാത്രി കാലങ്ങളില്‍ പരിശോധനക്കെത്തുമ്പോള്‍ മണല്‍ക്കടത്ത് സംഘങ്ങള്‍ രക്ഷപ്പെടുന്നത് തുടര്‍ക്കഥയായി മാറിയിരുന്നു.

തങ്ങളറിയാതെ തങ്ങളുടെ കൂടെ നിന്ന് ആരോ വിവരങ്ങള്‍ മണല്‍ സംഘങ്ങള്‍ക്ക് ചോര്‍ത്തി കൊടുക്കുന്നതായി പൊലീസുകാര്‍ക്കിടയില്‍ തന്നെ സംശയം ബലപ്പെട്ടിരുന്നു. വിവരങ്ങള്‍ ചോര്‍ത്തുന്ന സംഘങ്ങളെ എങ്ങനെയെങ്കിലും പിടികൂടുകയെന്നത് എസ്.ഐ അടക്കമുള്ളവര്‍ക്ക് വാശിയായിരുന്നു. ഇതിനിടെയാണ് ഒരു മാസം മുമ്പ് മണല്‍ കടത്തിന് വേണ്ടി പോകുന്ന എസ് കോര്‍ട്ട് കാറിനെ എസ്. ഐ ശ്രീജേഷും സംഘവും പിടികൂടുന്നത്.

പൊലീസ് പിടികൂടിയ കാറില്‍ നിന്ന് കിട്ടിയ മൊബൈല്‍ ഫോണ്‍ പരിശോധിച്ചപ്പോഴാണ് ചില പൊലീസുകാരുടെ മൊബൈല്‍ ഫോണ്‍ നമ്പറുകള്‍ കണ്ടെത്തിയത്. ഇത് പരിശോധിച്ചപ്പോഴാണ് മണല്‍ മാഫിയക്ക് വിവരങ്ങള്‍ ചോര്‍ത്തി കൊടുക്കുന്നത് പൊലീസുകാരാണെന്ന് മനസിലായത്. പിന്നീട് കുമ്പള എസ്.ഐ കാസര്‍കോട് ജില്ലാ മേധാവിക്ക് നല്‍കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ആറ് പൊലീസുകാര്‍ക്കെതിരെ നടപടിയുണ്ടായത്.

Related Articles
Next Story
Share it