ആദ്യം എസ്.ഐയെ വരുതിയിലാക്കാന്‍ ശ്രമിച്ച് പരാജയപ്പെട്ടു; ഒരു വിഭാഗം പൊലീസുകാരെ കൂട്ടുപിടിച്ച് മണല്‍ മാഫിയാ സംഘങ്ങള്‍ ഉണ്ടാക്കിയത് കോടികള്‍

മണല്‍ മാഫിയക്കും മയക്കു മരുന്ന് സംഘങ്ങള്‍ക്കുമെതിരെ മുഖം നോക്കാതെ കര്‍ശന നടപടിയാണ് എസ്.ഐ ശ്രീജേഷ് എടുത്തിരുന്നത്

കുമ്പള: ആദ്യം എസ്.ഐയെ വരുതിയിലാക്കാന്‍ നോക്കി പരാജയപ്പെട്ടപ്പോള്‍ ഒരു വിഭാഗം പൊലീസുകാരെ കൂട്ടുപിടിച്ച് മണല്‍ മാഫിയാ സംഘങ്ങളുണ്ടാക്കിയത് കോടികള്‍. ശ്രീജേഷ് കുമ്പള എസ്.ഐയായി ചുമതലയേറ്റെടുത്തത് ഒന്നര വര്‍ഷം മുമ്പാണ്. മണല്‍ മാഫിയക്കും മയക്കു മരുന്ന് സംഘങ്ങള്‍ക്കുമെതിരെ മുഖം നോക്കാതെ കര്‍ശന നടപടിയുമായാണ് എസ്.ഐ ശ്രീജേഷ് മുന്നോട്ട് നീങ്ങിയത്. സ്റ്റേഷനിലും പുറത്തും ചുറ്റി തിരിയുന്ന മണല്‍ സംഘങ്ങളുടെ ഏജന്റുമാരെ വിരട്ടിയോടിച്ചു. ഇത് മണല്‍ മാഫിയക്ക് വലിയ നഷ്ടമാണുണ്ടാക്കിയത്.

എസ്.ഐയെ നാടുകടത്താന്‍ വേണ്ടി മാഫിയാ സംഘങ്ങള്‍ ഒത്തുകൂടി. ഇതിനായി ചില രാഷ്ട്രീയ നേതാക്കളുടെ കൈയും കാലും പിടിച്ച് എസ് ഐയെ എങ്ങനെയെങ്കിലും സ്ഥലം മാറ്റണമെന്നായിരുന്നു ആവശ്യം. ഇതിനായി ചിലര്‍ തിരുവനന്തപുരം വരെ പോയതായും വിവരമുണ്ട്. ഇത് ഫലിക്കാതെ വന്നതോടെ എസ്.ഐയെ മാറ്റാതെ പാര്‍ട്ടി പരിപാടിക്കും മറ്റ് ആവശ്യങ്ങള്‍ക്കും നയാ പൈസ പോലും സംഭാവനയായി നല്‍കില്ലെന്ന് മാഫിയാ സംഘങ്ങള്‍ തീരുമാനിച്ചു.

ചില പാര്‍ട്ടി പ്രവര്‍ത്തകര്‍ പാര്‍ട്ടി വിട്ടുപോയ സംഭവം നാട്ടില്‍ പാട്ടാണ്. ഒരു വഴിയും കാണാതായപ്പോഴാണ് ചില പൊലീസുകാരുടെ സഹായം മണല്‍ സംഘങ്ങള്‍ തേടിയത്. എസ്.ഐയുടെ പോക്കുവരവ് കൃത്യമായി അറിയിക്കണമെന്നായിരുന്നു ആവശ്യം. ഇതിനായി വലിയ വാഗ്ദാനങ്ങള്‍ പൊലീസുകാര്‍ക്ക് മണല്‍ സംഘങ്ങള്‍ നല്‍കിയതായും പറയുന്നു.

Related Articles
Next Story
Share it