മുദ്ര പേപ്പര്‍ ഓണ്‍ലൈന്‍ വഴി; അപേക്ഷകര്‍ക്ക് ദുരിതം

കാസര്‍കോട്: മുദ്ര പേപ്പറിന് അപേക്ഷിക്കുന്നതും വാങ്ങുന്നതും ഓണ്‍ലൈന്‍ വഴിയാക്കിയതോടെ ആവശ്യക്കാര്‍ക്ക് പ്രയാസമാവുന്നതായി പരാതി. കാസര്‍കോട് നഗരത്തില്‍ താലൂക്ക് ഓഫീസ് കോമ്പൗണ്ടിലായിരുന്നു നേരത്തെ സ്വകാര്യ വ്യക്തികള്‍ മുദ്ര പേപ്പര്‍ വിറ്റിരുന്നത്. ഇവിടെ ആവശ്യക്കാര്‍ക്ക് യഥേഷ്ടം ലഭിച്ചിരുന്നു.

ഏത് സമയത്തും എത്ര തുകയുടെയും മുദ്ര പേപ്പര്‍ എളുപ്പത്തില്‍ വാങ്ങാന്‍ കഴിഞ്ഞിരുന്നു. ആധാരം, എഗ്രിമെന്റുകള്‍ എന്നിവയ്ക്കാണ് മുദ്ര പേപ്പറുകളുടെ പ്രധാന ആവശ്യം. 10 രൂപയുടെ മുതല്‍ മേലോട്ടുള്ള തുകയ്ക്ക് മുദ്ര പേപ്പര്‍ ലഭിക്കും. താലൂക്ക് ഓഫീസ്, രജിസ്ട്രാര്‍ ഓഫീസ്, ആധാര്‍ ഓഫീസ് തുടങ്ങിയ നിരവധി ഓഫീസുകളാണ് ഈ ഭാഗത്ത് പ്രവര്‍ത്തിക്കുന്നത്.

കലക്ടറേറ്റ് ആസ്ഥാനമായ വിദ്യാനഗറിലും മുദ്ര പേപ്പര്‍ വിതരണമുണ്ട്. മുദ്ര പേപ്പറുകളുടെ അപേക്ഷയും വിതരണവും ഓണ്‍ലൈന്‍ വഴി ആക്കിയതോടെയാണ് അപേക്ഷര്‍ക്ക് ദുരിതമായത്. താലൂക്ക് ഓഫീസിന് സമീപം സ്വകാര്യ വ്യക്തിയുടെ സ്ഥാപനത്തില്‍ മുദ്ര പേപ്പറിന് അപേക്ഷിക്കാനും വാങ്ങാനും ദിവസേന നൂറുക്കണക്കിന് അപേക്ഷകരാണ് എത്തുന്നത്. ഓഫീസ് പ്രവര്‍ത്തിക്കുന്നതാവട്ടെ മുകളിലെ നിലയിലാണ്.

ഇതുവഴി കഷ്ടിച്ച് ഇടുങ്ങിയ കോണിപ്പടി വഴിയാണ് ഇവിടേക്കെത്തേണ്ടത്. ഇത് പ്രായമായവര്‍ക്കും സ്ത്രീകള്‍ക്കും പ്രയാസമുണ്ടാക്കുന്നു. അപേക്ഷ നല്‍കാന്‍ ആദ്യം ടോക്കണ്‍ എടുക്കണം. ടോക്കണിനും നമ്പറിനും കുറെ കാത്തിരിക്കണം. മണിക്കൂറുകള്‍ മാത്രമല്ല ചിലപ്പോള്‍ ഒരു ദിവസം മുഴുവനും കാത്തിരുന്നിട്ട് വേണം മുദ്ര പേപ്പര്‍ ലഭിക്കാന്‍. ദിവസം 200 അപേക്ഷകര്‍ക്കാണ് ടോക്കണ്‍ നല്‍കുന്നത്. അക്ഷയ സ്ഥാപനങ്ങള്‍ വഴി ഇത് പ്രാവര്‍ത്തികമാക്കിയാല്‍ ഇപ്പോഴുള്ള ദുരിതത്തിന് അവസാനമാകുമെന്നാണ് മുദ്ര പേപ്പര്‍ അപേക്ഷകര്‍ പറയുന്നത്.

Related Articles
Next Story
Share it